മെൽബൺ രൂപതയിൽ നിർണായക യോഗങ്ങൾ: ‘പഞ്ചവത്സര പദ്ധതി’ മുഖ്യ ചർച്ചാവിഷയം::Syro Malabar News Updates മെൽബൺ രൂപതയിൽ നിർണായക യോഗങ്ങൾ: ‘പഞ്ചവത്സര പദ്ധതി’ മുഖ്യ ചർച്ചാവിഷയം
02-August,2019

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ രൂപത വൈദിക സമിതിയുടെയും പാസ്റ്ററൽ കൗൺസിലിന്റെയും നിർണായക യോഗങ്ങൾ ആഗസ്റ്റ് ഒന്നു മുതൽ നാലുവരെ മെൽബണിൽ സമ്മേളിക്കും. മെൽബൺ സീറോ മലബാർ രൂപതയിൽ അടുത്ത അഞ്ചു വർഷങ്ങളിലേക്കുള്ള പ്രവർത്തന മാർഗരേഖ (പഞ്ചവത്സര പദ്ധതി’) തയാറാക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾക്കാണ് പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ പ്രാമുഖ്യം നൽകുന്നത്.
 
ഓഗസ്റ്റ് ഒന്നിന് ബിഷപ്പ് മാർ ബോസ്‌കോ പുത്തൂരിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെയാകും വൈദിക സമിതിക്ക് തുടക്കമാകുന്നത്. രൂപതയിൽ സേവനം ചെയ്യുന്ന 25 വൈദികരും ബിഷപ്പ് ബോസ്‌കോ പുത്തൂർ അധ്യക്ഷം വഹിക്കുന്ന യോഗത്തിൽ പങ്കെടുക്കും.
 
ഓഗസ്റ്റ് രണ്ടിന് രാവിലെ 10.00ന് അർപ്പിക്കുന്ന ദിവ്യബലിയെ തുടർന്നാണ് പാസ്റ്ററൽ കൗൺസിൽ യോഗം ആരംഭിക്കുന്നത്. മാർ പുത്തൂരിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ രൂപതയിലെ എല്ലാ വൈദികരും സഹകാർമികരാകും. ഓസ്ട്രേലിയായിലെ കത്തോലിക്കാ സഭയിൽ ആരംഭിച്ചിരിക്കുന്ന പ്ലീനറി കൗൺസിലിലെ ഫെസിലിറ്റേറ്റർ ലാന ടർവി കോളിൻസ് ആമുഖ പ്രഭാഷകനായിരിക്കും.
 
തുടർന്ന് നടക്കുന്ന വിവിധ വിഷയാവതരണങ്ങൾക്കും ചർച്ചകൾക്കും രൂപതാ വികാരി ജനറൽ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, രൂപതാ ചാൻസിലർ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജീൻ തലാപ്പള്ളിൽ, രൂപതാ പ്രൊഫഷണൽ സ്റ്റാൻഡേർഡ്സ് ഡയറക്ടർ ലിസി ട്രീസ, സേഫ്ഗാർഡിങ്ങ് കോർഡിനേറ്റർ ബെന്നി സെബാസ്റ്റ്യൻ, യൂത്ത് അപ്പോസ്തലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ, ഫിനാൻഷ്യൽ കൗൺസിൽ മെമ്പർ ആന്റണി ജോസഫ്, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.
 
മെൽബൺ സീറോ മലബാർ രൂപതയെ സംബന്ധിച്ചിടത്തോളം രൂപതാ വളർച്ചയിൽ വളരെ പ്രധാനപ്പെട്ട സമ്മേളനമാണ് ഈ വർഷത്തിലെ പാസ്റ്ററൽ കൗൺസിൽ. വിവിധ ഇടവകകളിൽനിന്നും മിഷനുകളിൽനിന്നുമായി വൈദികരും അൽമായപ്രതിനിധികളും ഉൾപ്പെടെ 60 പേർ പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കും.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church