ആമസോണിയന്‍ പദ്ധതികള്‍ സഭയുടെ പ്രവാചകദൗത്യം ::Syro Malabar News Updates ആമസോണിയന്‍ പദ്ധതികള്‍ സഭയുടെ പ്രവാചകദൗത്യം
01-August,2019

സഭ ‘സമറിയക്കാരനാ’കുന്ന ആമസോണിയന്‍ പദ്ധതികള്‍
 
ആമസോണിയ പ്രവിശ്യയെക്കുറിച്ചുള്ള പഠനങ്ങളും പദ്ധതികളും, ആസന്നമാകുന്ന തദ്ദേശജനതകളെ സംബന്ധിച്ച സിനഡു സമ്മേളനവും തകരുന്ന തന്ത്രപ്രാധാന്യമുള്ള ആ ഭൂപ്രദേശത്തെ സമുദ്ധരിക്കാന്‍ സഭ സംവിധാനംചെയ്യുന്ന ഒരു “നല്ല സമറിയക്കാരന്‍റെ പോലുള്ള” ശ്രമമാണ്. സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, മോണ്‍സീഞ്ഞോര്‍ മൈക്കിള്‍ ചേര്‍ണി എസ്.ജെ.-യാണ് ഇങ്ങനെ പ്രസ്താവിച്ചത്.  ഈ സിനഡിനായുള്ള  സ്പെഷ്യല്‍ സെക്രട്ടറികൂടിയാണ് അദ്ദേഹം . ആഗോള സഭ ആമസോണിയന്‍ പ്രദേശത്തിനുവേണ്ടി ഏറ്റെടുത്തിരിക്കുന്ന വലിയ പാരിസ്ഥിതിക ദൗത്യത്തെ നല്ലസമറിയക്കാരന്‍റെ കലവറയില്ലാത്ത നിലപാടെന്നാണ് ജൂലൈ 31-Ɔ൦ തിയതി വ്യാഴാഴ്ച പ്രസിദ്ധപ്പെടുത്തിയ പ്രബന്ധത്തില്‍ മോണ്‍. ചേര്‍ണി ആമുഖമായി വിശേഷിപ്പിച്ചത്.
 
സുവിശേഷത്തിലെ കാരുണ്യവും 
നീതിയും യാഥാര്‍ത്ഥ്യമാക്കാന്‍
 
സഭ സംവിധാനം ചെയ്തിരിക്കുന്ന മെത്രാന്മാരുടെ സിനഡു സമ്മേളനത്തിലും അതിനു മുന്നോടിയായി വിവിധ രാജ്യങ്ങളില്‍ നടന്നിട്ടുള്ള കമ്മിഷനുകളുടെ ചര്‍ച്ചകളിലുമെല്ലാം സുവിശേഷത്തില്‍ ക്രിസ്തു പഠിപ്പിക്കുന്ന കാരുണ്യവും നീതിയും അടിസ്ഥാനമാണ്. ഒപ്പം തദ്ദേശജനതകളുടെ സാമൂഹിക ചുറ്റുപാടുകളിലും സമ്പന്നമായ പരിസ്ഥിതിയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുക, അവ മനസ്സിലാക്കുക, എന്നിട്ട് അവയിലേയ്ക്കും തദ്ദേശജനതകളുടെ ജീവിതത്തിലേയ്ക്കും ഇറങ്ങിച്ചെന്നു അജപാലനപരമായും സാമൂഹികമായും അവരുടെ സമുദ്ധാരണത്തിനായി പ്രവര്‍ത്തിക്കുകയാണ് സഭയുടെ പ്രവര്‍ത്തനപദ്ധതിയെന്ന് മോണ്‍സീഞ്ഞോര്‍ ചേര്‍ണി തന്‍റെ പ്രബന്ധത്തില്‍ വ്യക്തമാക്കി.
 
ചൂഷിതരെ മോചിക്കാനും ഉപായസാധ്യതകള്‍ 
സംരക്ഷിക്കാനും
 
പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടിയിരിക്കുന്ന ആഗോള സഭയിലെ മെത്രാന്മാരുടെ സിനഡു സമ്മേളനത്തിലൂടെ ആമസോണിയന്‍ പ്രവിശ്യയില്‍ അജപാലനപരവും പാരിസ്ഥിതികവുമായ നവോത്ഥാന പദ്ധതികള്‍ ആവിഷ്ക്കരിക്കാനുള്ള പരിശ്രമമാണ് ലക്ഷ്യംവയ്ക്കുന്നത്. കാരണം ലോകത്ത് എമ്പാടുമുള്ള തദ്ദേശജനസമൂഹങ്ങളില്‍, പ്രത്യേകിച്ച് ആഗോളതലത്തില്‍ പരിസ്ഥിതിയെയും, താപനത്തെയും, കാലാവസ്ഥ വ്യതിയാനത്തെയും ബാധിക്കുന്ന ആമസോണിയന്‍ പ്രദേശത്തെ ഒരു മാതൃകാപദ്ധതിയായി സ്വീകരിച്ചിരിക്കുകയാണ്. മാതമല്ല അവിടത്തെ ജനങ്ങളുടെയും, പരിസ്ഥിതിയുടെയും ചൂഷണത്തിന്‍റെ ചുറ്റുപാടുകളില്‍നിന്നും അവരെ മോചിക്കാനും പൊതുഭവനമായ ഭൂമി സംരക്ഷിക്കാനുമുള്ള പദ്ധതി ഒരുക്കുവാന്‍ ആമോസോണിയന്‍ സിനഡിനു സാധിക്കും. അതിനാല്‍ തദ്ദേശീയരുടെമദ്ധ്യേയുള്ള സഭയുടെ അസ്തിത്ത്വം ഇനിയും അവരുടെ സംസ്കാരത്തനിമയില്‍ എല്ലാത്തലത്തിലും വേരൂന്നുകയും വളരുകയും വേണമെന്ന് മോണ്‍. ചേര്‍ണി അഭിപ്രായപ്പെട്ടു.
 
സഭയുടെ സത്യസന്ധമായ സഹായഹസ്തം
 
നീതിയും ജീവനും ഹനിക്കപ്പെടുന്നൊരു ചക്രവാളത്തിലേയ്ക്കാണ് സഭ പ്രത്യാശയോടെ ചുവടുവയ്ക്കുന്നത്. അതില്‍ വലിയ വെല്ലുവിളികള്‍ പതിയിരിപ്പുണ്ട്. വിവിധ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു സാമൂഹ്യശൃംഖലയുണ്ട്. അതില്‍ സമൂഹവും, പ്രകൃതിയും, പരിസ്ഥിതിയും, ആത്മീയതയുമുണ്ട്. എന്നാല്‍ ഇവയെ തമ്മില്‍ വേര്‍പെടുത്തി നിര്‍ത്താനും സാദ്ധ്യമല്ല. ബൗദ്ധികവും ആത്മീയവും, സാമ്പത്തികവും രാഷ്ട്രീയവുമായ മേഖലകളെ തരംതിരിച്ചും, വേലികെട്ടി മാറ്റിനിര്‍ത്തിയും മനുഷ്യന്‍റെ പൊതുഭവനമായ ഭൂമിയെ അതിന്‍റെ അപകടാവസ്ഥയില്‍നിന്നു സംരക്ഷിക്കാനുള്ള സഭയുടെ നേതൃത്വപരമായ പ്രാരംഭപദ്ധതിയാണ് ആമസോണിയന്‍ സിനഡ്. അതിനാല്‍ സഹാനുഭാവം,  കാരുണ്യം, സ്നേഹം എന്നീ ദൈവിക പുണ്യങ്ങളുടെ  സത്യസന്ധമായ സഹായഹസ്തമാണ് ആമസോണിയന്‍ സിനഡെന്നും മോണ്‍. ചേര്‍ണി പ്രബന്ധത്തില്‍ വ്യക്തമാക്കി.

Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church