പാറേമ്മാക്കൽ തോമ്മാ കത്തനാർ സഭാ ചരിത്രത്തിലെന്നും ജ്വലിക്കുന്ന നക്ഷത്രം::Syro Malabar News Updates പാറേമ്മാക്കൽ തോമ്മാ കത്തനാർ സഭാ ചരിത്രത്തിലെന്നും ജ്വലിക്കുന്ന നക്ഷത്രം
16-July,2019

രാമപുരം: മാർത്തോമ്മാ നസ്രാണി സഭാ ചരിത്രത്തിൽ എക്കാലവും ജ്വലിച്ചു നിൽക്കുന്ന നക്ഷത്രമാണ് പാറേമ്മാക്കൽ തോമ്മാ കത്താനാരെന്നു രാമപുരം ഫൊറോനാ പള്ളി വികാരി റവ. ഡോ. ജോർജ്ജ് വർഗീസ് ഞാറക്കുന്നേൽ. റൂഹാ മീഡിയ ആഗോള സിറോ മലബാർ വിശ്വാസികൾക്കായി സംഘടിപ്പിച്ച പാറേമ്മാക്കൽ തോമ്മാ കത്തനാർ അനുസ്മരണ ഓൺലൈൻ പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർത്തോമ്മാ നസ്രാണി പാരമ്പര്യം പേറുന്ന സഭകളുടെ ഐക്യത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ധീര വ്യക്തിത്വങ്ങളാണ് മാർ കരിയാറ്റിയും പറേമ്മാക്കൽ ഗോവർണ്ണദോരും. ഇതിനായി അവർ നടത്തിയ ത്യാഗോജ്വലമായ റോമാ യാത്ര വിവരിച്ചുകൊണ്ടു പാറേമ്മാക്കലെഴുതിയ വർത്തമാനപുസ്തകത്തിൻറെ ഓരോ പേജിലും അദ്ദേഹത്തിന് സഭയോടുള്ള നിഷ്‌കളങ്കമായ സ്നേഹവും സഭാസ്നേഹത്തെ പ്രതി സ്വജീവൻ സമർപ്പിക്കുവാൻപോന്ന അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രാഭവവും മുഴങ്ങിക്കേൾക്കാം. അദ്ദേഹത്തെപ്പോലെ സഭാസ്നേഹം ഹൃദയത്തിൽ സൂക്ഷിക്കുവാനും സഭയ്ക്കുവേണ്ടി ജീവാർപ്പണം ചെയ്യുവാനുമുള്ള ചൈതന്യം സ്വായത്തമാക്കുന്നതിനു ഇതുപോലുള്ള അനുസ്മരണങ്ങൾ ഉപകാരപ്രദമാണെന്നും പെരിയ ബഹു. ഞാറക്കുന്നേലച്ചൻ കൂട്ടിച്ചേർത്തു. രാമപുരം പള്ളിയിൽ വച്ചുനടത്തിയ അനുസ്മരണ സമ്മേളനത്തിൽ പാറേമ്മാക്കൽ ഗോവർണ്ണദോരോടുള്ള മാധ്യസ്ഥ പ്രാർത്ഥനയ്ക്ക് റവ. ഫാ. ഫ്രാൻസിസ് എടത്തിനാൽ നേതൃത്വം കൊടുത്തു.
 
"പാറേമ്മാക്കൽ തോമ്മാ കത്തനാരുടെ സഭാ ദർശനത്തിന്റെ പ്രസക്തി സിറോ മലബാർ സഭയിൽ" എന്ന വിഷയത്തിൽ മുതിർന്നവർക്കായി നടത്തിയ മത്സരത്തിൽ ജോബുഷ്‌ മാത്യു ഒന്നാം സ്ഥാനവും ജിബിൻ ടി ജോൺ, ജെസ്റ്റി തോമസ് എന്നിവർ രണ്ടാം സ്ഥാനവും ജോൺസ് ബെന്നി പാംപ്ലാക്കൽ, ലിതാ രാജേഷ് കൂത്രപ്പള്ളിൽ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 16 വയസ്സിന് താഴെയുള്ളവർക്കായി "സിറോ മലബാർ സഭയും സുറിയാനി പൈതൃകവും" എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ ആൽബർട്ട് സിബി, ജിയ മരിയ ഫിലിപ്പ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളും അലോക മരിയ ബെന്നി, എലിസബത്ത് മുണ്ടാമറ്റം എന്നിവർ മൂന്നാം സ്ഥാനവും നേടി. പ്രസംഗ മത്സര വിജയികൾക്ക് പെരിയ ബഹു. ഞാറക്കുന്നേലച്ചനും വാ. കുഞ്ഞച്ചന്റെ നാമകരണത്തിനായുള്ള വൈസ് പോസ്റ്റുലേറ്റർ റവ. ഫാ. സെബാസ്റ്റ്യൻ നടുത്തേടവും ചേർന്ന് സമ്മാനദാനം നിർവ്വഹിച്ചു. രാമപുരം സണ്ടേസ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. സിബി തോമസ് കോയിപ്പള്ളിൽ സ്വാഗതമാശംസിച്ചു. റൂഹാ മീഡിയയ്ക്കുവേണ്ടി ശ്രീ. ജിനു ജോൺ കൃതജ്ഞതയർപ്പിച്ചു.

Source: Rooha media

Attachments
Back to Top

Never miss an update from Syro-Malabar Church