ബൈബിൾ പസിൽസ് പ്രകാശനം ചെയ്തു::Syro Malabar News Updates ബൈബിൾ പസിൽസ് പ്രകാശനം ചെയ്തു
12-July,2019

കുട്ടികൾക്കും മുതിർന്നവർക്കും ബൈബിളിനെ അടുത്തറിയാനും രസകരമായി ബൈബിൾ പഠിക്കുവാനും സഹായിക്കുന്ന ബൈബിൾ പസിൽസ് (പുതിയ നിയമം) എന്ന പുസ്തകം പുറത്തിറങ്ങി. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വൈദികനായ ഫാദർ ടോമി എടാട്ട് രചിച്ച ഈ പുസ്തകം മരിയൻ പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജൂലൈ 3 വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുന്നാൾ ആചാരണത്തോടനുബന്ധിച്ച്  വാൽത്താംസ് റ്റോയിൽ വെച്ച് നടന്ന ചടങ്ങിൽ സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആണ് പുസ്തകം പ്രകാശനം ചെയ്തത്.  റവ ഫാ. ജോസ് അന്ത്യാകുളം, റവ. ഫാ. ഫാൻസ്വാ പത്തിൽ, ഡീക്കൻ ജോയ്‌സ് പള്ളിക്കമ്യാലിൽ എന്നിവർ സന്നിഹിതരായിരുന്നു. 

യേശുവിന്റെ ജനനവും ജീവിതവും മരണവും പുനരുത്ഥാനവും കേന്ദ്രമാക്കിയ 27 പുസ്തകങ്ങൾ ചേരുന്ന  പുതിയ നിയമത്തെ ആസ്പദമാക്കി രചിച്ചിട്ടുള്ള ഈ പുസ്തകം ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജീവിതത്തിലെ തിരക്കുകൾക്കിടയിൽ  മനസ്സിനെ ശാന്തമാക്കാനും ദൈവവചനം പഠിക്കാനും സഹായിക്കുന്ന രീതിയിൽ  വിനോദത്തിനും വിജ്ഞാനത്തിനും ഊന്നൽ കൊടുത്തുകൊണ്ടാണ്  പുസ്‌തകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ബൈബിൾ പഠിച്ച് ചോദ്യങ്ങൾക്ക് പസിൽ മാതൃകയിൽ ഉത്തരങ്ങൾ എഴുതുവാനും ശ്രദ്ധേയമായ ബൈബിൾ വാക്യങ്ങൾ ഹൃദിസ്ഥമാക്കാനും സാധ്യമാക്കുന്ന ശൈലിയിലാണ്  പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്.  കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന രീതിയിൽ ക്രമീകരിച്ചിട്ടുള്ള ബൈബിൾ പസിൽസ് ബൈബിൾ പഠനത്തിന് ഏറെ സഹായകരമാകുമെന്ന് പുസ്തകപ്രകാശനമധ്യേ മാർ ജോസഫ് സ്രാമ്പിക്കൽ അഭിപ്രായപ്പെട്ടു. 

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ലണ്ടൻ സെന്റ് മാർക്ക് മിഷൻ, എയ്‌ൽസ്‌ഫോർഡ് സെന്റ്. പാദ്രെ പിയോ മിഷൻ എന്നിവയുടെ ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്ന ഫാ. ടോമി എടാട്ട് ഇതിനോടകം നിരവധി പുസ്തകങ്ങൾ രചിച്ച് ശ്രദ്ധേയമായ  വ്യക്തിത്വമാണ്.   'മക്കളോടൊപ്പം', 'മാസ്റ്ററിങ് പബ്ലിക് സ്പീക്കിങ്, എ പ്രാക്ടിക്കൽ ഗൈഡ്',  'പ്രസംഗകല', പ്രകൃതിയോടിണങ്ങുന്ന കൃഷിരീതികൾ പ്രതിപാദിക്കുന്ന 'ജൈവം' എന്നീ കൃതികൾ ഫാ. ടോമി എടാട്ടിന്റെ രചനാവൈഭവം വിളിച്ചോതുന്ന സൃഷ്ടികളാണ്. കൂടാതെ പുത്തൻപാന, ഹോളി റോസറി, വിശുദ്ധ കുരിശിന്റെ വഴി, ഹോളി കുർബാന തുടങ്ങി ഏറെ ശ്രദ്ധേയമായ   ഒട്ടേറെ ആൽബങ്ങളുടെ രചയിതാവ് കൂടിയാണ് ഫാ. ടോമി എടാട്ട്. 
ഇംഗ്ളണ്ടിലെ  ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഫാ. ടോമി എടാട്ട് യുകെയിലെ അറിയപ്പെടുന്ന  ധ്യാനഗുരുവും വാഗ്മിയും കൂടിയാണ്.  

ബൈബിൾ പഠനത്തിലേക്ക് പുതിയ തലമുറയെ കൈപിടിച്ചുനടത്താൻ ഉപകരിക്കുന്ന ഈ പുസ്തകം ഇപ്പോൾ യുകെയിൽ ലഭ്യമാണ്.


Source: Great Britian Eparchy

Attachments
Back to Top

Never miss an update from Syro-Malabar Church