തിരുകുടുംബത്തിന്റെ സഞ്ചാരപാത യുനെസ്‌കോയുടെ പൈതൃക പട്ടികയിലേക്ക്::Syro Malabar News Updates തിരുകുടുംബത്തിന്റെ സഞ്ചാരപാത യുനെസ്‌കോയുടെ പൈതൃക പട്ടികയിലേക്ക്
11-July,2019

കെയ്‌റോ: ഹേറോദോസ് രാജാവില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഉണ്ണിയേശുവിനെയും വഹിച്ചുകൊണ്ട് സ്വദേശമായ ജറുസലേമില്‍ നിന്നും ഈജിപ്തിലേക്ക് പാലായനം ചെയ്യവെ ജോസഫും കന്യകാമറിയവും സഞ്ചരിച്ച വഴി യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള ശ്രമങ്ങള്‍ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി, തിരുകുടുംബത്തിന്റെ സഞ്ചാര പാതയെക്കുറിച്ച് വര്‍ണിക്കുന്ന ‘വേ ഓഫ് ദ ഹോളി ഫാമിലി’ എന്ന പുസ്തകം ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ് ഇംഗ്ലീഷ്, അറബിക് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളായ വാദി എല്‍ നട്രുണിലെ ആശ്രമം, എല്‍ മത്താരിയയിലെ മറിയത്തിന്റെ മരം, മിന്യ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന കന്യകാമാതാവിന്റെ ദൈവാലയം, ഡേയ്ര്‍ അല്‍ മുഹാറക്ക് ആശ്രമം തുടങ്ങിയവയെ സംബന്ധിച്ച ചിത്രങ്ങളും വിവരങ്ങളും ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ് അധികൃതര്‍ വൈകാതെ യുനെസ്‌കോയ്ക്ക് കൈമാറും. ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ് മന്ത്രിയായ ഖാലിദ് അല്‍ അനാനി, തിരുകുടുംബം ഈജിപ്തില്‍ താമസിച്ചതിന്റെ ചരിത്രപരവും സഭാപരവുമായ പ്രാധാന്യത്തെക്കുറിച്ച് അടുത്തിടെ നടത്തിയ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.
ഹേറോദോസ് രാജാവ് മരണപ്പെടുന്നത് വരെ, ഏതാനും വര്‍ഷങ്ങള്‍ തിരുകുടുംബം ഈജിപ്തില്‍ താമസിച്ചിരുന്നുവെന്നതാണ് ചരിത്രപരമായ നിഗമനം. ഈജിപ്തിലെ 25 സ്ഥലങ്ങളില്‍ തിരുകുടുംബം യാത്ര ചെയ്തിരുന്നുവെന്നും കരുതപ്പെടുന്നു. വിദേശരാജ്യങ്ങളില്‍ നിന്നും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായും തിരുകുടുംബത്തിന്റെ യാത്രാ പാതയ്ക്ക് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ പ്രചാരണം നല്‍കുന്നുണ്ട്. തിരുകുടുംബത്തിന്റെ സഞ്ചാര വഴിയെക്കുറിച്ച് പ്രചരിപ്പിക്കുന്ന സംഘത്തിന്റെ പ്രതിനിധികളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ 2017 ഒക്‌ടോബര്‍ നാലാം തിയതി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church