ഈക്വലെന്റ് കാനനൈസേഷൻ വീണ്ടും; ബർത്തലോമിയോ ഇനി ‘ഈക്വലെന്റ് വിശുദ്ധൻ’::Syro Malabar News Updates ഈക്വലെന്റ് കാനനൈസേഷൻ വീണ്ടും; ബർത്തലോമിയോ ഇനി ‘ഈക്വലെന്റ് വിശുദ്ധൻ’
10-July,2019

വത്തിക്കാൻ സിറ്റി: നിണസാക്ഷികളുടെ വാഴ്ത്തപ്പെട്ട ബർത്തലോമിയോ ഇനി കത്തോലിക്കാ സഭയിലെ ‘സമാന വിശുദ്ധൻ’. പോർച്ചുഗലിലെ ബ്രാഗ ആർച്ച്ബിഷപ്പായിരുന്ന ബർത്തലോമിയോയെ വിശുദ്ധപദവിയിലേക്ക് ഫ്രാൻസിസ് പാപ്പ ഉയർത്തുമ്പോൾ, അസാധാരണ നടപടിയെന്നോ ‘അമൂല്യ ബഹുമതി’യെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ‘സമാന വിശുദ്ധപദപ്രഖ്യാപനം’ (ഈക്വലെന്റ് കാനനൈസേഷൻ) വീണ്ടും ചർച്ചയാവുകയാണ്.
 
വിശുദ്ധപദവി പ്രഖ്യാപനത്തിനു തുല്യമായ അംഗീകാരമാണ് ‘സമാന വിശുദ്ധപദപ്രഖ്യാപനം’. ഒരു വ്യക്തിയെ വിശുദ്ധപദത്തിലേക്കുയർത്തുന്ന ഔപചാരിക നടപടികൾ കൂടാതെതന്നെ അദ്ദേഹത്തെ വിശുദ്ധനായി ആഗോളസഭയിൽ വണങ്ങുന്നതിന് അനുവദിക്കുന്ന നടപടിക്രമമാണിത്.
 
1632ൽ ഉർബൻ എട്ടാമൻ പാപ്പയാണ് ഈ പ്രത്യേക നടപടിക്രമം സഭയിൽ ഏർപ്പെടുത്തിയത്. പുണ്യചരിതനോടുള്ള പൗരാണികമായി വണക്കം, അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട നന്മകളെക്കുറിച്ചുള്ള വിശ്വസനീയവും ചരിത്രപരവുമായ സാക്ഷ്യങ്ങൾ, അത്ഭുത പ്രവർത്തകൻ എന്ന നിലയിലുള്ള സൽകീർത്തി എന്നീ മാനദണ്ഡങ്ങളാണ് ‘സമാന വിശുദ്ധപദപ്രഖ്യാപന’ത്തിന് പരിഗണിക്കപ്പെടുക.
 
വാഴ്ത്തപ്പെട്ട ബർത്തലോമിയോയെ വിശുദ്ധനായി അംഗീകരിച്ച ആ നടപടിക്രമത്തിലൂടെ അദ്ദേഹത്തോടുള്ള ആരാധനാക്രമപരമായ വണക്കം സാർവത്രികസഭയിലേക്കു വ്യാപിപ്പിക്കുകയും ചെയ്യും.വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘം അധ്യക്ഷൻ കർദിനാൾ ആഞ്ചെലൊ ബെച്ചുവിന് അനുവദിച്ച കൂടിക്കാഴ്ചാവേളയിലാണ് പാപ്പ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
 
1514 മേയ് മൂന്നിന് പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലാണ് ബർത്തലോമിയോ ജനിച്ചത്. ഡോമിനിക്കൻ സഭയിൽ ചേർന്ന അദ്ദേഹം പിന്നീട് ബ്രാഗ അതിരൂപതാ അധ്യക്ഷനായി ഉയർത്തപ്പെട്ടു. സഭാചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ ട്രന്റ് സൂന്നഹദോസിൽ പങ്കെടുത്ത അദ്ദേഹം, വിശുദ്ധ ചാൾസ് ബറോമിയോയ്‌ക്കൊപ്പവും സൂന്നഹദോസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുമുണ്ട്. 1590 ജൂലൈ 16ന് ഇഹലോകവാസം വെടിഞ്ഞ അദ്ദേഹത്തെ 2001ൽ വിശുദ്ധ രണ്ടാം ജോൺ പോൾ പാപ്പായാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
 
‘സമാന വിശുദ്ധപദ’പ്രഖ്യാപനത്തിലൂടെ വിശുദ്ധാരമത്തിലേക്ക് പ്രവേശിക്കപ്പെട്ടവർ ഏതാണ്ട് 30ൽപ്പരം പേർ മാത്രമാണ്. ഇതിൽ ആറ് പേരെ പ്രഖ്യാപിച്ചത് ഫ്രാൻസിസ് പാപ്പയാണ്.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church