നമ്മുടെ യോഗ്യത നോക്കിയല്ല ദൈവം നമ്മെ സ്‌നേഹിക്കുന്നത്: പാപ്പ::Syro Malabar News Updates നമ്മുടെ യോഗ്യത നോക്കിയല്ല ദൈവം നമ്മെ സ്‌നേഹിക്കുന്നത്: പാപ്പ
01-July,2019

വത്തിക്കാൻ സിറ്റി: നമ്മുടെ യോഗ്യത നോക്കിയല്ല ദൈവം നമ്മെ സ്‌നേഹിക്കുന്നതെന്നും നീതിമാന്മാരെന്നു കരുതുന്നവരിലല്ല മറിച്ച്, ആവശ്യമുള്ളവരിലാണ് കർത്താവ് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതെന്നും ഫ്രാൻസിസ് പാപ്പ. വിശുദ്ധരായ പത്രോസ്- പൗലോസ് ശ്ലീഹാന്മാരുടെ തിരുനാൾ ദിനത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ദിവ്യബലി അർപ്പിക്കുകയായിരുന്നു അദ്ദേഹം. നവമെത്രാപ്പോലീത്തമാർക്കു ധരിക്കാനുള്ള പാലീയത്തിന്റെ ആശീർവാദകർമവും ദിവ്യബലിമധ്യേ പാപ്പ നിർവഹിച്ചു.
 
ക്രിസ്തീയജീവിതത്തിന്റെ ആരംഭബിന്ദു നമ്മുടെ യോഗ്യതയല്ല എന്ന പാഠമാണ് വിശുദ്ധരായ പത്രോസ്- പൗലോസ് ശ്ലീഹന്മാരിലൂടെ ക്രിസ്തു പകരുന്നത്. തന്നെ തള്ളിപ്പറഞ്ഞ പത്രോസിനെയും ദൈവത്തിന്റെ സഭയെ പീഡിപ്പിച്ചിരുന്ന പൗലോസിനെയും യേശു പേരുപറഞ്ഞു വിളിക്കുകയും അവരുടെ ജീവിതത്തെ പരിവർത്തനം ചെയ്യുകയും ചെയ്തു. ഈ രണ്ടുപേരും ഇന്നു നമ്മുടെ മുന്നിൽ സാക്ഷികളായി നിലകൊള്ളുന്നു.
 
‘അനുതപിച്ച രണ്ടു പാപികളെ സാക്ഷികളായി യേശു നമുക്കു വലിയ പാഠമാണ് പകരുന്നത്. തങ്ങളുടെ വീഴ്ചകളിൽ അവർ കർത്താവിന്റെ കാരുണ്യത്തിന്റെ ശക്തി കണ്ടെത്തി. ആ ശക്തി അവർക്ക് നവജീവൻ പകരുകയും ചെയ്തു. കർത്താവേകിയ മാപ്പിൽ സമാധാനവും അദമ്യമായ ആനന്ദവും അവർ കണ്ടെത്തുകയും ചെയ്തി,’ പാപ്പ പറഞ്ഞു.
 
തങ്ങളുടെ ജീവൻ തന്നെ നൽകിയാണ് അവർ ക്രിസ്തുവിന് സാക്ഷ്യമേകിയത്. അവരുടെ സാക്ഷ്യത്തിന്റെ വേരുകളിലേക്ക് നാം ഇറങ്ങിയാൽ അവർ ജീവന്റെയും പൊറുക്കലിന്റെയും യേശുവിന്റെയും സാക്ഷികളാണെന്ന് മനസിലാക്കാൻ കഴിയുമെന്നും പാപ്പ വിശദീകരിച്ചു.
 
ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ ആർച്ച്ബിഷപ്പുമാരായി ഉയർത്തപ്പെട്ടവർക്കു ധരിക്കാനുള്ള പാലീയം ആശീർവാദ തിരുക്കർമവും വിശുദ്ധരായ പത്രോസ്- പൗലോസ് ശ്ലീഹാന്മാരുടെ തിരുനാൾദിനത്തിലെ സവിശേഷതയാണ്. ഇടയൻ ചുമലിലേറ്റാൻ വിളിക്കപ്പെട്ടിരിക്കുന്ന ആടിനെയാണ്, കുഞ്ഞാടിന്റെ രോമംകൊണ്ട് നിർമിക്കുന്ന ഈ പാലീയം ദ്യോതിപ്പിക്കുന്നത്. ഇടയന്മാർ അവനവനുവേണ്ടിയല്ല ആടുകൾക്കുവേണ്ടിയാണ് ജീവിക്കുന്നത് എന്നതിന്റെ അടയാളമാണ്, ആ ആടിനുവേണ്ടി ജീവൻ നഷ്ടപ്പെടുത്തണമെന്നതിൻന്റെ അടയാളമാണ് പാലീയമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church