ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയോടു നിസംഗത കാട്ടരുതേ!::Syro Malabar News Updates ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയോടു നിസംഗത കാട്ടരുതേ!
28-June,2019

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിയോടു പൊതുവെ ലോകത്തിനൊരു നിസംഗഭാവമുണ്ട്! -പാപ്പാ ഫ്രാന്‍സിസ് ഫാവോ സമ്മേളനത്തോട് (Food and Agricultural Organisation of UN).
 
ഫാവോയുടെ പ്രവര്‍ത്തകര്‍ വത്തിക്കാനില്‍
ജൂണ്‍ 27- Ɔο തിയതി വ്യാഴാഴ്ച രാവിലെ യുഎന്നിന്‍റെ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ (FAO – UN Food and Agricultural Organization) 41-Ɔമത് പൊതുസമ്മേളനത്തെ വത്തിക്കാനില്‍ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ തുറന്നു പ്രസ്താവിച്ചത്. വത്തിക്കാനിലെ റേജിയ ഹാളില്‍ 500-ല്‍ അധികം ഫോവോ പ്രവര്‍ത്തകര്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നു.
 
പാവങ്ങളോടു കാട്ടുന്ന ശുഷ്ക്കിച്ച മനസ്സ്
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം (zero hunger) എന്ന പേരില്‍ യുഎന്‍ ഏറ്റെടുത്തിരിക്കുന്ന വലിയ വെല്ലുവിളി അതിന്‍റെ ലക്ഷ്യപ്രാപ്തിയില്‍ എത്താത്തതിന്‍റെ കാരണങ്ങള്‍ പാപ്പാ ചൂണ്ടിക്കാട്ടി.
കഴിഞ്ഞൊരു ദശകത്തില്‍ ദാരി‍ദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ മേഖലയില്‍ യുഎന്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍ അടിസ്ഥാനപരമായി ഇനിയും ലോകത്തുള്ള പാവങ്ങളോട് വേണ്ടുവോളം സഹാനുഭാവം ആഗോളതലത്തില്‍ ഉണ്ടായിട്ടില്ലെന്നത്, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമാകാതിരിക്കുന്നതിനുള്ള ആദ്യകാരണമായി പാപ്പാ പ്രസ്താവിച്ചു.  വിശപ്പ്, ദാരിദ്യം എന്നിവപോലുള്ള രാജ്യാന്തരതലത്തില്‍ പ്രഥമ്യമുള്ള  വെല്ലുവിളികളോട് സാമൂഹിക രാഷ്ട്രീയ തലത്തില്‍ കണ്ടുവരുന്ന ഏറെ ശുഷ്ക്കിച്ച മനസ്സും താല്പര്യവും ഈ മേഖലയിലെ അനാസ്ഥയ്ക്കും നിസംഗതയ്ക്കും മുഖ്യകാരണങ്ങളായി പാപ്പാ വിശദീകരിച്ചു.
 
ജലത്തിന്‍റെയും ഭക്ഷണത്തിന്‍റെയും ആഗോളപ്രതിസന്ധി
ഭൂമുഖത്ത് ഇന്നു വേണ്ടുവോളം ഭക്ഷണവും ജലവും ഇല്ലെന്ന സത്യം തീര്‍ത്തും പാവങ്ങളുടെയും വ്രണിതാക്കളായ ജനസമൂഹങ്ങളുടെയും മാത്രം പ്രശ്നമല്ല, അത് ലോകത്തെ എല്ലാവരുടെയും ആശങ്കയാണ്. അതിനാല്‍ നാം ഏറ്റെടുക്കുന്ന ചെറുതും വലുതുമായ ഉത്തരവാദിത്ത്വങ്ങള്‍ വിശപ്പും ദാഹവും അനുഭവിക്കുന്ന സഹോദരങ്ങളുടെ യാതന കുറയ്ക്കാന്‍ പോരുന്നതാവണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു. അവരുടെ കരച്ചില്‍ കേള്‍ക്കാനും അവര്‍ ജീവിക്കുവോളം അവരുടെ വിശപ്പടക്കാനുള്ള വഴികള്‍ കണ്ടെത്തുവാനും അവകാശങ്ങള്‍ മാനിക്കുവാനുമുള്ള ഉത്തരവാദിത്ത്വമുള്ളവരാകണം നാമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
 
പാപ്പാ നിര്‍ദ്ദേശിച്ച പരിഹാര മാര്‍ഗ്ഗങ്ങള്‍
ആദ്യമായി, ഭക്ഷ്യവസ്തുക്കളും ജലവും ദുര്‍വ്യയം ചെയ്യാതിരിക്കുക. ഈ സാമൂഹ്യ ഉത്തരവാദിത്വത്തെക്കുറിച്ച് വര്‍ദ്ധിച്ച അവബോധവും, അതു പരിഹരിക്കാനുള്ള സന്നദ്ധതയും ഉത്തരവാദിത്ത്വപ്പെട്ടവര്‍ പ്രകടമാക്കേണ്ടതാണ്. അതിനായി ഹ്രസ്വകാല ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണംചെയ്യുകയും വേണം. വരും തലമുറയ്ക്ക് ഇങ്ങനെയൊരു സാക്ഷ്യം കൈമാറിയെങ്കിലേ, ഈ സാമൂഹിക വിപത്ത് പൊറുക്കാനാവാത്തതാണെന്ന അവബോധം അവര്‍ക്ക് ഉണ്ടാവുകയുള്ളൂ, പാപ്പാ വ്യക്തമാക്കി (LS 50).
 
പാരിസ്ഥിതിക അസന്തുലിതാവസ്ഥയും ദാരിദ്ര്യവും
ഇന്നു ലോകത്തു നിലവിലുള്ള പാരിസ്ഥിതിക അസന്തുലിതാവസ്ഥ വര്‍ദ്ധിച്ചുവരുന്ന ലോകത്തിന്‍റെ ദാരിദ്യാവസ്ഥയ്ക്കു കാരണമാണെന്നു പാപ്പാ ചൂണ്ടിക്കാട്ടി. ഇന്നിന്‍റെ ആഗോള പ്രതിഭാസമായ കുടിയേറ്റം അഭയാര്‍ത്ഥിപ്രശ്നം എന്നിവ ദാരിദ്ര്യാവസ്ഥയെ സ്വാധീനിക്കുന്ന ആഗോള പ്രതിഭാസങ്ങളാണെന്നും പാപ്പാ വിശദീകരിച്ചു. അതിനാല്‍ കാര്‍ഷികോല്പന്നങ്ങളുടെ വര്‍ദ്ധനവ്, ഭൂമിയുടെയും കാര്‍ഷിക മേഖലയുടെയും പരിരക്ഷണം എന്നിവ സാമൂഹിക തലത്തില്‍ ഏറെ ശ്രദ്ധ ആവശ്യമായിരിക്കുന്ന മേഖലകളാണെന്ന് പാപ്പാ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.
 
വത്തിക്കാനില്‍ എത്തിയ  ഫാവോയുടെ അസംബ്ലി
ഫാവോയുടെ പ്രസിഡന്‍റ് എന്‍സോ ബെനേക്ക്, സ്ഥാനമൊഴിഞ്ഞ ഡയറക്ടര്‍ ജനറല്‍ ഹൊസ്സെ ഗ്രാസ്സിയാനോ, സ്ഥാനാരോപിതനായ ഡയറക്ടര്‍ ജനറല്‍ ഷ്യൂ ഡോങ്ഗ്യൂ, വിവിധ രാഷ്ട്രങ്ങളുടെയും ഏജെന്‍സികളുടെയും പ്രതിനിധികള്‍ എന്നിങ്ങനെ 500-ല്‍ അധികം പേരാണ് പാപ്പാ ഫ്രാന്‍സിസിനെ കാണാനും ശ്രവിക്കാനുമായി വത്തിക്കാനില്‍ എത്തിയത്.

Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church