ചരിത്രത്തിലെ സ്ഥാനത്യാഗിയായ പ്രഥമ പാപ്പാ - ബെനഡിക്ട് 16-Ɔമന്‍ ::Syro Malabar News Updates ചരിത്രത്തിലെ സ്ഥാനത്യാഗിയായ പ്രഥമ പാപ്പാ - ബെനഡിക്ട് 16-Ɔമന്‍
28-June,2019

യുജീനിയോ മുരാളി എന്ന ചരിത്രകാരന്‍റെ പുസ്തക നിരൂപണത്തില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തകള്‍. 93 വയസ്സ് എത്തിനില്ക്കുമ്പോഴും മുന്‍പാപ്പാ ബെനഡിക്ട് പ്രശാന്തമായി പ്രാര്‍ത്ഥനാജീവിതം തുടരുന്നു.
 
മുന്‍പാപ്പായെ സംബന്ധിച്ച പുസ്തക നിരൂപണം
2013 ഫെബ്രുവരി 28-ന് ലോകത്തെ ഞെട്ടിപ്പിച്ചുകൊണ്ട് സ്ഥാനംത്യാഗം ചെയ്യുകയും, ഇപ്പോള്‍ 93- Ɔο വയസ്സില്‍ വത്തിക്കാന്‍ തോട്ടത്തിലെ “മാത്തര്‍ എക്ലേസിയ” (Mater Ecclesia) ഭവനത്തില്‍ പ്രാര്‍ത്ഥനാജീവിതം നയിക്കുകയും ചെയ്യുന്ന മുന്‍പാപ്പാ ബെനഡിക്ടിനെക്കുറിച്ച്, ഇറ്റാലിന്‍ ചരിത്രകാരന്‍ യൂജീനിയോ മുരാളി എഴുതിയ “സ്ഥാനത്യാഗിയായ പാപ്പാ” (The Pope Emeritus) എന്ന രചനയിലാണ് ചരിത്രത്തിലെ പ്രഥമ സ്ഥാനത്യാഗിയെന്ന് ജര്‍മ്മന്‍കാരനായ പാപ്പാ റാത്സിങ്കറിനെ മുരാളി വിശേഷിപ്പിക്കുന്നതും വിശദീകരിക്കുന്നതും.
 
ലോകത്തെ ഞെട്ടിപ്പിച്ച വാര്‍ത്ത
പാപ്പാ ബെഡിക്ടിന്‍റെ ഞെട്ടിപ്പിച്ച രാജി ആഗോളസഭയിലെ ആദ്യത്തെ സ്ഥാനത്യാഗിയായ പാപ്പായ്ക്ക് വഴിവെച്ചു. ശ്രദ്ധാപൂര്‍വ്വമായ ദീര്‍ഘകാല വിചിന്തനത്തിനുശേഷം സ്ഥാനത്യാഗത്തെക്കുറിച്ചു തീരുമാനിച്ചതിനെക്കുറിച്ചും, ഭരണത്തിലിരിക്കുന്ന പാപ്പായ്ക്ക് കാനോനിക നിയമം അനുസരിച്ച് രാജിവയ്ക്കാന്‍ സാദ്ധ്യതയുണ്ടോയെന്നും അന്വേഷിക്കുകയാണ് ഗ്രന്ഥകര്‍ത്താവ്, മുരാളി.
 
ശാരീരികമായും മാനസികമായും ആദ്ധ്യാത്മികമായും തന്‍റെ ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ പ്രാപ്തനല്ല എന്ന് വ്യക്തമായി മനസ്സിലാവുകയാണെങ്കില്‍ ഒരു പാപ്പായ്ക്ക് രാജിവയ്ക്കാനുള്ള അവകാശമുണ്ട്. ചില സാഹചര്യങ്ങളില്‍ അതിനുള്ള ബാധ്യതയുമുണ്ട്.
2010-ല്‍ പ്രകാശനംചെയ്ത പുസ്തകസമാനവും, സുദീര്‍ഘവുമായ “ലോകത്തിന്‍റെ പ്രകാശം” എന്ന അഭിമുഖത്തില്‍ പാപ്പാ ബെനഡിക്ട് 16- Ɔമന്‍ പറഞ്ഞ വാക്കുകളാണിവ. വെറും രണ്ടു വര്‍ഷത്തിനുശേഷം ബെനഡിക്ടിന് ആ തിരിച്ചറിവിന്‍റെ നിമിഷം സംജാതമാവുകയും, സഭയ്ക്ക് ആദ്യമായി സ്ഥാനത്യാഗിയായ ഒരു പാപ്പായെ സ്വീകരിക്കേണ്ടതായും വന്നുവെന്ന് ഗ്രന്ഥകര്‍ത്താവ് വ്യക്തമാക്കുന്നു.
 
മുന്‍പും സ്ഥാനത്യാഗം ചെയ്തിട്ടുള്ളവര്‍?
പക്ഷെ യഥാര്‍ത്ഥത്തില്‍ സഭാചരിത്രത്തിലെ ‍എക്കാലത്തെയും ആദ്യത്തെ സ്ഥാനത്യാഗിയായ പാപ്പാ ആയിരുന്നോ ബെനഡിക്ട് 16- Ɔമന്‍? അദ്ദേഹത്തിന്‍റെ ഞെട്ടിപ്പിച്ച രാജിപ്രഖ്യാപനത്തിനുശേഷം നടത്തിയ ഗവേഷണത്തില്‍ വെളിവായത് പാപ്പാ സെലസ്റ്റീന്‍ അഞ്ചാമന്‍, പീറ്റര്‍ മൊറോണിയാണ് ആദ്യമായി ചരിത്രത്തില്‍ സ്ഥാനത്യാഗം ചെയ്ത പാപ്പാ. അദ്ദേഹം 1294 ജലൈ 5-മുതല്‍ ഡിസംബര്‍ 13-വരെ മാത്രമായിരുന്നു പത്രോസിന്‍റെ പരമാധികാരത്തില്‍ ഉപവിഷ്ടനായത്. വെറും അഞ്ചുമാസം പാപ്പാസ്ഥാനം വഹിച്ചതിനുശേഷം തന്‍റെ സന്ന്യാസ ജീവിതത്തിലേയ്ക്ക് അദ്ദേഹം തിരിച്ചുപോകുവാന്‍ വേണ്ടിയാണ് സ്ഥാനത്യാഗം ചെയ്തത്. എന്നാല്‍ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ ബോണിഫസ് 8- Ɔമന്‍ പാപ്പായാല്‍ അദ്ദേഹം കാരാഗൃഹത്തില്‍ അടയ്ക്കപ്പെടുകയും ജയിലില്‍വച്ച് 1296-ല്‍ അന്തരിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ രാജി സത്യത്തില്‍ സ്വാത്മപ്രചോദിതമായിരുന്നോയെന്നും, സ്ഥാനത്യാഗംചെയ്യുവാന്‍ നിര്‍ബന്ധിതനായതാണോയെന്നും ചരിത്രകാരന്മാര്‍ക്ക് നിശ്ചയമില്ല.
ഇതിനുംപുറമെ, ഗ്രിഗരി 12- Ɔമനെപ്പോലെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായ പാപ്പാമാരും, പേപ്പല്‍ സ്ഥാനം നിലവിലുള്ളപ്പോള്‍ പ്രതികളായി സ്ഥാനമേല്‍ക്കേണ്ടി വന്നവരും ഉണ്ടായിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്‍റെ നടപടി, അക്കാലഘട്ടത്തില്‍ യൂറോപ്പിന്‍റെ മൂന്നു വിവിധ കേന്ദ്രങ്ങളില്‍ തലപൊക്കിയ പത്രോസിന്‍റെ പരമാധികാരനത്തിനായുള്ള തുല്യസ്ഥാനാവകാശികള്‍ - ഇന്നസെന്‍റ് 8-Ɔമന്‍, അലക്സാണ്ടര്‍ 5-Ɔമന്‍, ജോണ്‍ 13-Ɔമന്‍ എന്നീ അധികാരപ്രമത്തര്‍ ഉള്‍പ്പെട്ട പാശ്ചാത്യ സഭാതര്‍ക്കത്തിനു (Western Schism) അറുതി കണ്ടെത്താന്‍ സഹായിച്ചു.
 
പത്രോസിന്‍റെ പരമാധികാരത്തെക്കുറിച്ചുള്ള  സഭാനിയമം
പത്രോസിന്‍റ പിന്‍ഗാമിയുടെ സ്ഥാനത്യാഗത്തിനുള്ള സാധ്യത കാനോന നിയമം (Canon Law of the Roman Catholic Church) അവതരിപ്പിക്കന്നുണ്ട്. വാസ്തവത്തില്‍ കാനോനനിയമം 332, 2-Ɔ൦ വകുപ്പ് പ്രസ്താവിക്കുന്നത്, പത്രോസിന്‍റെ സ്ഥാനികന്‍ തന്‍റെ ഔദ്യോഗികപദവി രാജിവയ്ക്കുന്ന സംഭവം ഉണ്ടാവുകയാണെങ്കില്‍ അത് പ്രാബല്യത്തില്‍ വരുത്തുവാനുള്ള തീരുമാനം സ്വതന്ത്രവും ഉചിതവുമായ രീതിയില്‍ പ്രകടവും ആയിരിക്കണമെന്നാണ്. പകരമായി മറ്റാരെങ്കിലും രാജിസമര്‍പ്പിക്കേണ്ട ആവശ്യമില്ല. 2013 ഫെബ്രുവരി രാജിസമര്‍പ്പണത്തില്‍ ഈ രണ്ടു വ്യവസ്ഥകളും പാലിക്കപ്പെട്ടിട്ടുണ്ട്. പത്രോസിന്‍റെ പിന്‍ഗാമിയും ആഗോളസഭയുടെ പരമാദ്ധ്യക്ഷനുമായ പാപ്പായുടെ സവിശേഷമായ നിയമനം മേല്പറഞ്ഞ കാനോന നിയമം പ്രതിഫലിപ്പിക്കുന്നുണ്ട്. കാനോന്‍ 331-ഉം ഇങ്ങനെ പ്രസ്താവിക്കുന്നു. സ്ഥാനിയായ പാപ്പായ്ക്കുള്ള സാര്‍വ്വലൗകികമായ പരമാധികാരം സമ്പൂര്‍‍ണ്ണവും തല്‍ക്ഷണവുമാണ്. അതിനാല്‍ സഭയെ സംബന്ധിച്ച് സ്ഥാനത്യാഗംചെയ്യുമ്പോഴും പാപ്പാ ആഗോളസഭയുടെ പരമാധികാരമുള്ള ന്യായാധിപനുമാണ്.
 
ക്രിസ്തുവില്‍നിന്നുള്ള പരമാധികാരം
ഈ അധികാരം പരമാര്‍ശിക്കുന്നത് പത്രോസ് ശ്ലീഹായോട് ക്രിസ്തു മൊഴിഞ്ഞ വാക്കുകളാണ്, സത്യമായി പറയുന്നു, “നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെടും, ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെടും” (മത്തായി 18, 18). വിശുദ്ധ പത്രോസിന്‍റെ ദേവാലയത്തിന്‍റെ താഴികക്കുടത്തില്‍ ഉള്‍വശത്തായി സുവ്യക്തമായും വലിയ അക്ഷരത്തിലും ആലേഖനം ചെയ്യപ്പെട്ട വാക്കുകള്‍, "Tu es Petrus et super hanc petram aedificabo ecclesiam mean et tibi dabo claves regni caelorum". കേസറിയ ഫിലിപ്പിയില്‍വച്ച് ക്രിസ്തു പ്രസ്താവിച്ചതാണ്, “പത്രോസേ, നീ പാറയാകുന്നു. ഈ പാറമേല്‍ ഞാനെന്‍റെ സഭ സ്ഥാപിക്കും. നാരകീയ ശക്തികള്‍ അതിനുമേല്‍ പ്രബലപ്പെടുകയില്ല” (മത്തായി 16, 18).
 
സ്ഥാനത്യാഗിയുടെ തുടര്‍ജീവിതം
പക്ഷെ കാനോനിക നിയമം സ്ഥാനത്യാഗിയായ ഒരു പാപ്പാ എങ്ങനെ ജീവിക്കണമെന്നോ, സഭയില്‍ എന്ത് പങ്കുവഹിക്കണെന്നോ കൃത്യമായി നിര്‍വചിക്കുന്നില്ല. ആയതിനാല്‍, പാപ്പാ ബെനഡിക്ട് “റോമിന്‍റെ സ്ഥാനമില്ലാ മെത്രാനാണോ”, അദ്ദേഹം സ്ഥാനമില്ലാത്ത പാപ്പായാണോ, അതോ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കു തിരിച്ചുപോകേണ്ട സഭാസ്ഥാനിയാണോ എന്നതൊന്നും വ്യക്തമല്ലായിരുന്നു. പാപ്പാ എന്ന പേരു തുടര്‍ന്നു വഹിക്കണോ അല്ലെങ്കില്‍ ജോസഫ് റാത്സിങ്കര്‍ എന്ന പേരിലേയ്ക്ക് തിരകെപ്പോകണോ? അദ്ദേഹം തുടര്‍ന്നും വെളുത്ത സ്ഥാനിക വസ്ത്രങ്ങളും, ചുവന്ന ഷൂസും ധരിക്കണമോ? ഇതൊക്കെയായിരുന്നു 2013 ഫെബ്രുവരി 11-നുശേഷം ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍. 2014 ഡിസംബറില്‍ ജര്‍മ്മന്‍ പത്രമായ “ഫാസി”ന് നല്കിയ അഭിമുഖത്തില്‍ ഫാദര്‍ ബെഡിക്ട് എന്ന പേര് സ്വീകരിക്കുന്നതിനെക്കറിച്ചും താന്‍ ആലോച്ചിരുന്നതായി സ്ഥാനത്യാഗിയായ പാപ്പാ പ്രസ്താവിച്ചിരുന്നു. പാപ്പാ പദവിയില്‍നിന്ന് സുവ്യക്തമായ അകലം പാലിക്കുവാനായിരുന്നു ഇതെന്നു മനസ്സിലാക്കാവുന്നതാണ്.   ഈ സംഭവത്തെ തുടര്‍ന്നാണ്  “സ്ഥാനത്യാഗിയായ പാപ്പാ ബെനഡിക്ട്” (The Pope Emeritus) എന്ന പേരു തെരഞ്ഞെടുക്കപ്പെട്ടതും പ്രാബല്യം നേടിയതും. അദ്ദേഹം തുടര്‍ന്നും ശുഭ്രവസ്ത്രംതന്നെ ധരിക്കുകയും, എന്നാല്‍ അന്നുവരെയ്ക്കും പത്രോസിന്‍റെ സ്ഥാനികര്‍ അണിഞ്ഞിരുന്ന ചുവന്ന ഷൂസ് ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ പതിവുകള്‍ തെറ്റിക്കുന്ന പാപ്പാ ഫ്രാന്‍സിസ് കറുത്തഷൂസാണ് ധരിക്കുന്നത്.
 
തീരുമാനം എങ്ങനെ രൂപംകൊണ്ടു? 
ഒരു നിമിഷത്തിന്‍റെ എടുത്തുചാട്ടത്തില്‍ ഉണ്ടായ തീരുമാനമല്ല അദ്ദേഹത്തിന്‍റെ രാജിവയ്ക്കല്‍. അദ്ദേഹത്തിന്‍റെ വിശ്വസ്തരായ ആളുകളുമായി നടത്തിയ നിരവധി അഭിമുഖങ്ങളിലൂടെ ദീര്‍ഘകാലമായി ഈ തീരുമാനത്തെക്കുറിച്ചു അദ്ദേഹം ചിന്തിക്കുകയായിരുന്നെന്നും വെളിവാക്കപ്പെട്ടു. 2010-ല്‍തന്നെ ഒരു പുസ്തക ദൈര്‍ഘ്യമുള്ള അഭിമുഖത്തില്‍ പത്രോസിന്‍റെ പരമാധികാരത്തിലേയ്ക്കുള്ള തന്‍റെ തെരഞ്ഞെടുപ്പ് “കത്തിമുനയിലേയ്ക്കാ”ണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. “എനിക്ക് തികഞ്ഞ ഉറപ്പുണ്ട് ദൈവമാണ് ഈ ദൗത്യം എന്നെ ഭരമേല്പിച്ചത്. ഇത്രയും ക്ലേശകരമായ വര്‍ഷങ്ങള്‍ക്കുശേഷം അവിടുന്നു തന്നെയാണ് അല്പം ശാന്തിയും സമാധാനവും നല്കിയിരിക്കുന്നതും….!”
 
മുന്‍കൂട്ടി കണ്ടറിഞ്ഞ തീരുമാനം
പുസ്തക ദൈര്‍ഘ്യമുള്ള പാപ്പാ ബെനഡിക്ടിന്‍റെ ഒരു അഭിമുഖത്തില്‍ രാജിവയ്ക്കല്‍ സാദ്ധ്യത താന്‍ പരിഗണിച്ചിരുന്നുവെന്നു പറയുന്നുണ്ട്. ആ സന്ദര്‍ഭത്തില്‍ത്തന്നെ രാജിവയ്ക്കാനുള്ള അവകാശവും കടമയും അദ്ദേഹം സാധൂകരിച്ചുവെന്നതാണ് സത്യം. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം ഇത് ശരിക്കും പ്രാവര്‍ത്തികമാക്കുകയാണുണ്ടായത്. ചിലപ്പോള്‍ അദ്ദേഹം തന്‍റെ കടമയായിക്കണ്ട ചില കാര്യങ്ങള്‍ ഈ നടപടിയിലൂടെ പ്രാവര്‍ത്തികമാക്കുകയാണ്. അങ്ങനെ പാപ്പാ ബെനഡിക്ട് പൗരോഹിത്യത്തെ തന്നെ പരിവര്‍ത്തനം ചെയ്തു. ചിലപ്പോള്‍ ഈ സാദ്ധ്യത അദ്ദേഹത്തിന്‍റെ മുന്‍ഗാമികളായ പാപ്പാമാര്‍പോലും – ഉദാഹരണത്തിന് പോള്‍ ആറാമനും ജോണ്‍ പോള്‍ രണ്ടാമനും ഇതേക്കുറിച്ച് ചിന്തിക്കുകയും പരിഗണിക്കുകയും ചെയ്തിട്ടുണ്ടാകാം. ബെനഡിക്ട് 16-Ɔമന്‍ ഇതിനെ ഒരു അവകാശമായും, പ്രത്യേക സാഹചര്യങ്ങളില്‍ ഒരു കടമയായും വ്യക്തമായി കണ്ടു. അദ്ദേഹത്തിന്‍റെ വിലയിരുത്തലില്‍ അത് പ്രാവര്‍ത്തികമാക്കാനുള്ള സമയം സമാഗതമായിരുന്നു.

Source: vaticannews

Attachments




Back to Top

Never miss an update from Syro-Malabar Church