എറണാകുളം-അങ്കമാലി അതിരൂപതയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് വിവിധ തലങ്ങളില്‍ നടത്തിയ പഠനത്തിന്റെ വെളിച്ചത്തില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ താഴെ പറയുന്ന തീരുമാനങ്ങള്‍ അറിയിച്ചിട്ടുണ്ട്:::Syro Malabar News Updates എറണാകുളം-അങ്കമാലി അതിരൂപതയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് വിവിധ തലങ്ങളില്‍ നടത്തിയ പഠനത്തിന്റെ വെളിച്ചത്തില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ താഴെ പറയുന്ന തീരുമാനങ്ങള്‍ അറിയിച്ചിട്ടുണ്ട്:
27-June,2019

 
1. എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ (സേദേ പ്ലേന എത്ത് ആദ് നൂത്തും സാന്തേ സേദിസ്) ആയി അഭിവന്ദ്യ മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ് നിര്‍വഹിച്ചു വന്നിരുന്ന അജപാലന ശുശ്രൂഷയുടെ കാലാവധി സമാപിച്ചു. അഭിവന്ദ്യ മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ് പാലക്കാട് രൂപതാധ്യക്ഷനായി അജപാലന ശുശ്രൂഷ തുടരുന്നതാണ്. അഡ്മിനിസ്ട്രേറ്ററുടെ ചുമതല അവസാനിച്ചിരിക്കുന്നതിനാല്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല പൂര്‍ണ്ണമായും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് നിര്‍വഹിക്കുന്നതാണ്. 
 
2. അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, അഭിവന്ദ്യ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നീ പിതാക്കന്മാരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തുനിന്ന് മാര്‍പാപ്പാ മാറ്റിനിര്‍ത്തിയിരിക്കുന്നു. ഈ പിതാക്കന്മാരുടെ പുതിയ അജപാലന ശുശ്രൂഷയെ സംബന്ധിച്ച് സീറോ മലബാര്‍ സഭയുടെ പരിശുദ്ധ സിനഡ് തീരുമാനം എടുക്കണം. 
 
3. എറണാകുളം-അങ്കമാലി അതിരൂപതയിലെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിമാസ ബജറ്റും സ്ഥാവരജംഗമ വസ്തുക്കളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള പ്രധാന രേഖകളും മേജര്‍ ആര്‍ച്ചുബിഷപ്പ് സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന് നല്‍കേണ്ടതാണ്. 
 
 
 
പരിശുദ്ധ പിതാവിന്റെ കല്‍പ്പനയുടെ വിശദീകരണം എന്ന നിലയില്‍  റോമിലെ പൗരസ്ത്യ സഭകള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി താഴെ പറയുന്ന കാര്യങ്ങള്‍ കൂടി അറിയിച്ചിട്ടുണ്ട്:
 
1. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പാ നിയോഗിച്ച അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും പഠിച്ചശേഷമാണ് തിരുസിംഹാസനം മേല്‍പറയപ്പെടുന്ന തീരുമാനങ്ങള്‍ എടുത്തത്.
 
2. സിറോ മലബാര്‍ സഭയുടെ അടുത്ത സിനഡ് ചേരുന്ന 2019 ഓഗസ്റ്റ് മാസം വരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വഹണത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍്ജ് ആലഞ്ചേരി പിതാവ് സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിനോടാണ് ആലോചന നടത്തേണ്ടത്. രാജ്യത്ത് നിലവിലുള്ള സിവില്‍ നിയമങ്ങളെ മാനിച്ചുകൊണ്ട് അതിരൂപതയുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ ഇക്കാല യളവില്‍ സ്വീകരിക്കാവുന്നതാണ്. 
 
3. എറണാകുളം-അങ്കമാലി അതിരൂപതയുടെ കൂരിയായിലെ വിവിധ തസ്തികകളിലെ നിയമനങ്ങള്‍ സ്ഥിരം സിനഡുമായി ആലോചിച്ച് നടപ്പിലാക്കുന്നതിന് അതിരൂപതാദ്ധ്യക്ഷനെന്ന നിലയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട്. കൂരിയായുടെ ആത്യന്തികമായ പുന:ക്രമീകരണം ഓഗസ്റ്റ് മാസത്തിലെ സിനഡിനുശേഷം നടത്തുതാണ് അഭികാമ്യം.
 
4. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങളിലുള്‍പ്പടെ സുസ്ഥിരവും സുഗമവുമായ ഭരണനിര്‍വഹണത്തിനാവശ്യമായ തീരുമാനങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ എടുക്കുവാന്‍ ഓഗസ്റ്റ് മാസത്തില്‍ ചേരുന്ന സീറോ മലബാര്‍ സിനഡ് ശ്രദ്ധിക്കേണ്ടതാണ്. അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ നിയമിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും സിനഡിലെ ചര്‍ച്ചകള്‍ക്ക് സഹായകമാകും. സഭയില്‍ കൂാട്ടയ്മയും പരസ്പര സഹകരണവും വളര്‍ത്തുതിനാവശ്യമായ നടപടികള്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. സഭയുടെ സത്യവിശ്വാസവും അച്ചടക്കവും പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുന്ന നടപടികള്‍ സിനഡില്‍ രൂപപ്പെടുത്തണം. 
 
എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏറെനാളുകളായി നിലനിന്നിരുന്ന പ്രതിസന്ധികളെ സംബന്ധിച്ച് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ഈ അന്തിമ വിധിതീര്‍പ്പ് സഭാംഗങ്ങളെല്ലാവരും ഒരു മനസ്സോടെ സ്വീകരിക്കണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭ്യര്‍ത്ഥിച്ചു. സഭയുടെ കൂട്ടായ്മ അഭംഗുരം നിലനിര്‍ത്താന്‍ എല്ലാവരും ഒരുമനസ്സോടെ പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യണമെന്ന് അദ്ദേഹം എല്ലാ സഭാ വിശ്വാസികളോടും ആഹ്വാനം ചെയ്തു.
 
 
 
 
ബിഷപ്പ് ജോസഫ് പാംപ്ലാനി
ചെയര്‍മാന്‍, 
സീറോ മലബാര്‍ സഭ മീഡിയ കമ്മിഷന്‍

Source: Media Commission

Attachments
Back to Top

Never miss an update from Syro-Malabar Church