തൊട്ടടുത്ത വാതിലിനപ്പുറം ക്രിസ്തുവുണ്ട്; തടവുകാരെ സധൈര്യരാക്കി പേപ്പൽ കത്ത്::Syro Malabar News Updates തൊട്ടടുത്ത വാതിലിനപ്പുറം ക്രിസ്തുവുണ്ട്; തടവുകാരെ സധൈര്യരാക്കി പേപ്പൽ കത്ത്
27-June,2019

വത്തിക്കാൻ സിറ്റി: ഭാവിയെ പ്രതീക്ഷയോടെ കാണാനും മാറ്റങ്ങളുടെ പാതതുടരാനും ആഹ്വാനംചെയ്ത് കൊളംബിയയുടെ ഭാഗമായ ഗോർഗോന ദ്വീപിലെ തടവുകാർക്ക് ഫ്രാൻസിസ് പാപ്പയുടെ കത്ത്. കരുണയിൽ സമ്പന്നനായ ദൈവം എപ്പോഴും തൊട്ടടുത്ത വാതിലിനപ്പുറമുണ്ടെന്ന പ്രതീക്ഷയിലാണെന്ന് ഒർമിപ്പിച്ച പാപ്പ അവരെ സധൈര്യരാക്കി.
 
‘തടവറയിലെ ജീവിതം അത്ര എളുപ്പമല്ല. എങ്കിലും ഭാവിയെ ആത്മവിശ്വാസത്തോടെ നോക്കാനും വിശ്വാസത്തിൽ നിലനിൽക്കാനും കരുണയിൽ സമ്പന്നനായ ദൈവം നിങ്ങൾക്കൊപ്പമുണ്ടെന്ന് തിരിച്ചറിയാനും സാധിക്കണം,’ പാപ്പ ഓർമിപ്പിച്ചു. നാമെല്ലാവരും പാപികളാണെന്നും നാം ജീവിതത്തിൽ തെറ്റുകൾ വരുത്തുന്നുവെന്ന് പറഞ്ഞ പാപ്പ, തെറ്റുകൾക്ക് നാമെല്ലാവരും ക്ഷമ ചോദിക്കുകയും ഇനി തെറ്റുകൾ വരുത്താതിരിക്കാനുള്ള യാത്രയിലാണെന്നും ഓർമിപ്പിച്ചു.
 
‘എപ്പോഴും നാം തെറ്റ് ചെയ്യുന്നു. എന്നാൽ ദൈവം എപ്പോഴും നമ്മോടു ക്ഷമിക്കുന്നു,’ ഫ്രാൻസിസ് പാപ്പ കുറിച്ച ഈ വാക്കുകളിലൂടെ ദൈവകരുണയുടെ ആശ്വാസം അനുഭവിക്കുകയാണ് ഗോർഗോന ദ്വീപിലെ തടവുകാർ. ‘വീണ്ടെടുപ്പിന്റെയും പുനർവിദ്യാഭ്യാസത്തിന്റെയും’ പാതയെക്കുറിച്ച് സൂചിപ്പിച്ച പാപ്പ, അവരുടെ ഉപജീവനമാർഗമായി ലഭിക്കുന്ന മാന്യമായ ജോലിയിലൂടെ അവ സാധ്യമാക്കാമെന്നും വ്യക്തമാക്കി.
 
അവരുടെ ആന്തരീക നവീകരണത്തിന് സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ചാപ്ലൈന്മാരെയും അധ്യാപകരെയും അഭിനന്ദിക്കുകയുംചെയ്തു പാപ്പ. കത്ത് തടവുകാർക്ക് ആശ്വാസത്തോടൊപ്പം പുതിയ ജീവിതം നയിക്കാൻ പ്രചോദനം പകരുന്നതാണെന്നും തടവറയുടെ ഡയറക്ടർ കാർലോ മെസെർബോ വെളിപ്പെടുത്തി.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church