വാത്സിംഗ്ഹാം മഹാ തീർത്ഥാടനം ജൂലൈ 20 ന്::Syro Malabar News Updates വാത്സിംഗ്ഹാം മഹാ തീർത്ഥാടനം ജൂലൈ 20 ന്
24-June,2019

വാത്സിംഗ്ഹാം, ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടത്തിവരുന്ന യു കെ യിലെ ഏറ്റവും വലിയ തിരുനാൾ ആഘോഷമായ വാത്സിംഗ്ഹാം മരിയന്‍ പുണ്യ തീര്‍ഥാടനത്തിന് ഇത്തവണ യുകെ യിലെ സമസ്ത മേഖലകളിലും നിന്നുമായി ആയിരങ്ങൾ അണിചേരും. മധ്യസ്ഥ പ്രാർഥനയും ഒരുക്കങ്ങളും ആയി തീർഥാടകർക്ക് അനുഗ്രഹപൂരിതവും സൗകര്യ പ്രദവുമായ ആത്മീയ സന്നിധേയം ഒരുക്കുവാൻ ആവേശ പൂർവമായ ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി കോൾചെസ്റ്റർ കമ്യൂണിറ്റി അറിയിച്ചു.
 
ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ ചാപ്ലിൻ ഫാ.തോമസ് പാറക്കണ്ടത്തിലിന്‍റെ നേതൃത്വത്തിൽ മരിയോത്സവത്തിന്‍റെ അനുഗ്രഹ വിജയത്തിനായി കോൾചെസ്റ്റർ സീറോ മലബാർ കമ്യൂണിറ്റിയുടെ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
 
ജൂലൈ 20 ന് (ശനി) മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമർപ്പിച്ച് മാതൃ രൂപവും ഏന്തിക്കൊണ്ടു മരിയ ഭക്തര്‍ ആഘോഷമായ തീര്‍ഥാടനം നടത്തും. തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം, തീര്‍ഥാടന സന്ദേശം, കുട്ടികളെ അടിമ വയ്ക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞു 2.45 നു ആഘോഷമായ തിരുനാൾ സമൂഹ ബലിയില്‍ മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യ കാര്‍മികത്വം വഹിച്ച് സന്ദേശം നൽകും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സീറോ മലബാര്‍ വൈദികര്‍ സഹ കാര്‍മികരായിരിക്കും. 
 
പരിശുദ്ധ മാതാവിന്‍റെ മധ്യസ്ഥതയിൽ അനുഗ്രഹങ്ങളും ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാൻ ഏവരെയും തീർഥാടനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫാ. തോമസ് പാറക്കണ്ടത്തിൽ, ഫാ. ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കൽ, നിതാ ഷാജി എന്നിവർ അറിയിച്ചു.
 
വിവരങ്ങള്‍ക്ക്: ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church