ദൈവവിജ്ഞാനീയം സംഭാഷണം പരിപോഷിപ്പിക്കണം -പാപ്പാ::Syro Malabar News Updates ദൈവവിജ്ഞാനീയം സംഭാഷണം പരിപോഷിപ്പിക്കണം -പാപ്പാ
22-June,2019

സകലരെയും ഉള്‍ക്കൊള്ളുന്നതും സാഹോദര്യം പുലരുന്നതും സ‍ഷ്ടിയെ പരിപാലിക്കുന്നതുമായ ഒരു സമൂഹം സമാധാനത്തില്‍ അധിഷ്ഠിതിമായി പടുത്തുയര്‍ത്തുന്നതിന് യഥാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ സംഭാഷണം വളര്‍ത്തിയെടുക്കുന്നതാകണം ദൈവശാസ്ത്രം- ഫ്രാന്‍സീസ് പാപ്പാ

 

ദൈവവിജ്ഞാനീയം ആതിഥ്യത്തിന്‍റെയും സംഭാഷണത്തിന്‍റെയുമായിരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

“സത്യത്തിന്‍റെ സന്തോഷാ”നന്തര (GAUDIUM VERITATIS)  ദൈവശാസ്ത്രം മദ്ധ്യധരണ്യാഴി പ്രദേശത്തിന്‍റെ  പശ്ചാത്തലത്തില്‍” (“La teologia dopo Veritatis gaudium nel contesto del Mediterraneo”) എന്ന ശീര്‍ഷകത്തില്‍ തെക്കെ ഇറ്റലിയിലെ പൊന്തിഫിക്കല്‍ ദൈവശാസ്ത്ര വിദ്യാപീഠത്തില്‍ ഈശോസഭയുടെ കീഴിലുള്ള വിഭാഗം സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തെ അതിന്‍റെ  സമാപനദിനമായിരുന്ന വെള്ളിയാഴ്ച (21/06/2019) ഇറ്റലിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള നേപ്പിള്‍സില്‍, അഥവാ, നാപ്പോളിയില്‍ എത്തി സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഫ്രാ‍ന്‍സീസ് പാപ്പാ പുറപ്പെടുവിച്ച അപ്പസ്തോലിക പ്രബോധനമാണ് “ഗൗദിയും വെരിത്താത്തിസ്” (GAUDIUM VERITATIS) അഥവാ, “സത്യത്തിന്‍റെ സന്തോഷം”.

സകലരെയും ഉള്‍ക്കൊള്ളുന്നതും സാഹോദര്യം പുലരുന്നതും സ‍ഷ്ടിയെ പരിപാലിക്കുന്നതുമായ ഒരു സമൂഹം സമാധാനത്തില്‍ അധിഷ്ഠിതിമായി പടുത്തുയര്‍ത്തുന്നതിന് സാമൂഹ്യവ്യവസ്ഥാപനങ്ങളും സര്‍വ്വകാലാശാലകളും ഗവേഷണ കേന്ദ്രങ്ങളും മതനേതാക്കളും സന്മനസ്സുള്ള സകല സ്ത്രീപുരുഷന്മാരും തമ്മില്‍ യഥാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ സംഭാഷണം വളര്‍ത്തിയെടുക്കുന്നതാകണം ഈ ദൈവവിജ്ഞാനിയമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

മദ്ധ്യധരണ്യാഴി പ്രദേശം എന്നും സഞ്ചാരത്തിന്‍റെയും കൈമാറ്റത്തിന്‍റെയും ചിലപ്പോഴൊക്കെ സംഘര്‍ഷത്തിന്‍റെയും വേദിയാണെന്നും ഈ പ്രദേശം നമ്മുടെ മുന്നില്‍ നാടകീയങ്ങളായ ചോദ്യപരമ്പരതന്നെ ഉയര്‍ത്തുന്നുവെന്നും പാപ്പാ അനുസ്മരിച്ചു.

ഏക മാനവകുടുംബത്തെ ഒത്തൊരുമിച്ച് കാത്തുപരിപാലിക്കാന്‍ എങ്ങനെ സാധിക്കും? യഥാര്‍ത്ഥ സാഹോദര്യമായി മാറേണ്ട സമാധാനപരവും സഹിഷ്ണുതാപരവുമായ സഹജീവനം പരിപോഷിപ്പിക്കുന്നതെങ്ങനെ? അപരനെ, ഭിന്നമതപരമ്പര്യങ്ങളാല്‍ നമ്മില്‍ നിന്നു വ്യത്യസ്തനായിരുക്കുന്നവനെ സ്വീകരിക്കുന്ന മനോഭാവം നമ്മുടെ സമൂഹത്തില്‍ ശക്തിപ്പെടുത്താന്‍ എങ്ങനെ സാധിക്കും? ഭിന്നിപ്പിന്‍റെ മതിലുകളാകാതെ സാഹോദര്യത്തിന്‍റ സരണികളായിരിക്കാന്‍ മതങ്ങള്‍ക്ക് എങ്ങനെ സാധിക്കും? ഇത്യാദി ചോദ്യങ്ങള്‍ പാപ്പാ ഉദാഹരണങ്ങളായി നിരത്തി.

കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലമേയൊ ഒന്നാമന്‍ ഈ സമ്മേളനത്തിന് വ്യക്തിപരമായ ഒരു സന്ദേശം അയച്ചത് കൃതജ്ഞതയോടെ അനുസ്മരിച്ച പാപ്പാ പാത്രിയാര്‍ക്കീസിനെ പ്രത്യഭിവാദ്യം ചെയ്യുകയും ചെയ്തു. 


Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church