ജീവിതത്തിന്‍റെ പൊരുള്‍തേടുന്ന യുവജനങ്ങള്‍ നിരവധി!::Syro Malabar News Updates ജീവിതത്തിന്‍റെ പൊരുള്‍തേടുന്ന യുവജനങ്ങള്‍ നിരവധി!
16-June,2019

യുവജനങ്ങളുടെ ചാരെ ആയിരിക്കുകയും അവര്‍ക്ക് തുണയേകുകയും ചെയ്യുക, ചാരത്തും ദൂരത്തുമുള്ള യുവതയുടെ പക്കലേക്കിറങ്ങിച്ചെല്ലുക, യുവതയെ വിശുദ്ധിയുടെ പാതയിലേക്കു നയിക്കുക -ഫ്രാന്‍സീസ് പാപ്പാ

ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി പീഢിപ്പിക്കപ്പെടുന്ന സഭകള്‍ക്ക്    സവിശേഷമാംവിധം, താങ്ങായിക്കൊണ്ട്, വിദ്യാലയങ്ങള്‍, ഇടവകകള്‍, കാരഗൃഹങ്ങള്‍, പുനരധിവാസകേന്ദ്രങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ട്രിനിറ്റേറിയന്‍ സന്ന്യസ്ത സമൂഹം നടത്തുന്ന പ്രവര്‍ത്തനങ്ങളെ മാര്‍പ്പാപ്പാ ശ്ലാഘിക്കുന്നു.

“ട്രിനിറ്റേറിയന്‍സ്” എന്ന് പൊതുവെ അറിയപ്പെടുന്ന, പരിശുദ്ധതമ ത്രിത്വത്തിന്‍റെയും അടിമകളുടെയും സന്ന്യസ്ത സമൂഹത്തിന്‍റെ (Order of the Most Holy Trinity and of the Captives) പൊതുസംഘത്തില്‍, അഥവാ, ജനറല്‍ ചാപ്റ്ററില്‍ പങ്കെടുക്കുന്ന എഴുപതോളം പേരെ ശനിയാഴ്ച (15/06/2019) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

“യുവജന അജപാലനവും ദൈവവിളിയും” എന്ന പ്രമേയം ഈ സമൂഹം ചര്‍ച്ചയ്ക്കായി സ്വീകരിച്ചിരിക്കുന്നത് അനുസ്മരിച്ച പാപ്പാ യുവജനങ്ങളുടെ അജപാലനത്തില്‍ ഊന്നല്‍ നല്കേണ്ട മൂന്നു കാര്യങ്ങള്‍ അടിവരയിട്ടു കാട്ടി.

യുവജനങ്ങളുടെ ചാരെ ആയിരിക്കുകയും അവര്‍ക്ക് തുണയേകുകയും ചെയ്യുക, ചാരത്തും ദൂരത്തുമുള്ള യുവതയുടെ പക്കലേക്കിറങ്ങിച്ചെല്ലുക, യുവതയെ വിശുദ്ധിയുടെ പാതയിലേക്കു നയിക്കുക എന്നിവയാണ്  യുവജന അജപാലനത്തില്‍ സവിശേഷപ്രാധാന്യമര്‍ഹിക്കുന്ന ഘടകങ്ങള്‍ എന്ന് പാപ്പാ വിശദീകരിച്ചു.

ബലഹീനമായ ചിന്തകളുടെയും ആപേക്ഷികതയുടെയും ഫലമായ മഹാശൂന്യതയുടെ സംസ്കൃതി ഉപരിപ്ലവമായ ഒരു ജീവിതത്തിലേക്കു യുവജനത്തെ ക്ഷണിക്കുമ്പോള്‍ ഒരു പക്ഷേ, പുത്തന്‍ തലമുറകളെ വിശ്വാസജീവിതത്തിലേക്ക് ക്ഷണിക്കുന്നതിന് ഇടമില്ല എന്നൊരു തോന്നലുണ്ടാകാമെന്നും അത്തരമൊരു നിഗമനത്തിലെത്തിച്ചേരുന്നത് മഹാ പ്രമാദമാണെന്നും പാപ്പാ പറഞ്ഞു.

വാസ്തവത്തില്‍ സ്വന്തം ജീവിതത്തിന്‍റെ പൂര്‍ണ്ണമായ പൊരുളെന്തെന്ന് തീക്ഷണതയോടെ അന്വേഷിക്കുന്ന യുവതീയുവാക്കളുണ്ടെന്നും മഹത്തായ കാര്യങ്ങള്‍ക്കായി നിരുപാധികം അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിവുറ്റവരാണ് അവരെന്നും പാപ്പാ അനുസ്മരിച്ചു. 

ആകയാല്‍ യുവതീയുവാക്കള്‍ക്ക് സമീപ്യം ആവശ്യമാണെന്നും യുവജന അജപാലനം ഈ സാമീപ്യവും അവര്‍ക്കു തുണയായിരിക്കുക എന്നതും വ്യവസ്ഥചെയ്യുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

തങ്ങളുടെ അടുത്തേക്കു വരുന്നവരെ മാത്രം സ്വാഗതം ചെയ്യുന്നതില്‍ ഒതുങ്ങിനില്ക്കാതെ ദൂരത്തും ചാരത്തുമുള്ള യുവതീയുവാക്കളുടെ പക്കലേക്കിറങ്ങിച്ചെല്ലുകയും ചെയ്യേണ്ടതിന്‍റെയും അവര്‍ ആയിരിക്കുന്ന രീതിയില്‍ അവരെ ഉള്‍ക്കൊള്ളുകയും, അവരുടെ കുറവുകളെ അവഹേളിക്കാന്‍ നില്ക്കാതെ അവ്ര്‍ക്ക് താങ്ങാകുകയും അവരെ സഹായിക്കുകയും ചെയ്യേണ്ടതിന്‍റെയും ആവശ്യകത പാപ്പ ഊന്നിപ്പറഞ്ഞു.

യുവജനങ്ങളെ ദൈവത്തിങ്കലേക്കാനയിക്കുക, അവരെ വിശുദ്ധരാക്കിത്തീര്‍ക്കുക എന്നതായിരിക്കണം നമ്മുടെ സമര്‍പ്പിത ജീവിതത്തിന്‍റെയും യുവജനങ്ങളുമൊത്തുള്ള പ്രവര്‍ത്തനത്തിന്‍റെയും ശക്തിയും പ്രചോദനവുമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

ട്രിനിറ്റേറിയന്‍ സന്ന്യസ്ത സമൂഹം 1198 ഡിസമ്പര്‍ 17 നാണ് സ്ഥാപിതമായത്. വിശുദ്ധരായ ജോണ്‍ മാത്തയും ഫെലിക്സും ആണ് ഈ സമൂഹത്തിന്‍റെ സ്ഥാപകരായി കരുതപ്പെടുന്നത്.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church