വീണ്ടും പേപ്പൽ ചലഞ്ച്: ദരിദ്രരിൽ പ്രത്യാശ കണ്ടെത്താനാകുമോ?::Syro Malabar News Updates വീണ്ടും പേപ്പൽ ചലഞ്ച്: ദരിദ്രരിൽ പ്രത്യാശ കണ്ടെത്താനാകുമോ?
15-June,2019

വത്തിക്കാൻ സിറ്റി: ദരിദ്രരിൽ പ്രത്യാശ കണ്ടെത്താൻ കഴിയുമോയെന്ന് വെല്ലുവിളിച്ച് ഫ്രാൻസിസ് പാപ്പ. സമ്പത്തിന്റെയും സംസ്‌കാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും പേരിലുള്ള വേർതിരിവുകൾക്കും ഉപഭോഗസംസ്‌കാരത്തിനിടയിലും ഒറ്റപ്പെടുന്ന പാവപ്പെട്ടവരാണ് യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ പ്രതിബിംബമെന്നും പാപ്പ പറഞ്ഞു. ദരിദ്രരുടെ ലോകദിനാചരണത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
 
പാവങ്ങളുടെ പ്രത്യാശ എക്കാലവും നശിക്കാത്തത് എന്നതാണ് ഈ വർഷത്തെ സന്ദേശം. നവംബർ 17 ഞായറാഴ്ചയാണ് ഈ വർഷത്തെ ലോകപാവങ്ങളുടെ ദിനം. ‘ദരിദ്രർ എന്നേയ്ക്കും വിസ്മരിക്കപ്പെടുകയില്ല, പാവങ്ങളുടെ പ്രത്യാശ എന്നേയ്ക്കുമായി അസ്തമിക്കുകയുമില്ല,’ (സങ്കീ: 9, 18) എന്ന സങ്കീർത്തന വചനത്തെ ആധാരമാക്കിയാണ് ഇത്തവണ പാവങ്ങളുടെ ദിനത്തിലേക്കുള്ള സന്ദേശം പാപ്പ വിശദീകരിച്ചത്.
 
വ്യത്യസ്തമായ അടിമത്വങ്ങളാണ് ഇന്ന് മനുഷ്യനെ അക്രമിക്കുന്നത്. ഇത്തരം അക്രമങ്ങളുടെ അടിമത്വത്തിൽനിന്ന് പാവങ്ങളെ മോചിപ്പിക്കാൻ അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. മാത്രമല്ല, പാവങ്ങൾക്കായുള്ള ലോകദിനം അനേകരെ ആത്മീയമായി വളർത്താനും ജീവിതത്തിൽ പ്രത്യാശ വളർത്താനും അവരെ ആശ്വസിപ്പിക്കാനും ക്രിസ്ത്യാനികളെ പ്രേരിപ്പിക്കുന്നുണ്ട്.
 
അതോടൊപ്പം പാവങ്ങളോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റം വരുത്തണം. അവർക്ക് സ്വയം പ്രത്യാശ കണ്ടെത്താനും അവരിൽ നമുക്ക് പ്ര്ത്യാശ കണ്ടെത്താനും കഴിയണം. മൂന്നാമതും പാവങ്ങളുടെ ലോകദിനം അനുസ്മരിക്കാൻ തയാറെടുക്കുമ്പോൾ പാവങ്ങളെ ചേർത്തുപിടിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന വലിയ അനുഭവത്തിലേക്ക് കൂടുതൽ ആളുകൾ എത്തട്ടെയെന്നും പാപ്പ കൂട്ടിച്ചേർത്തു.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church