കായിക വിനോദത്തില്‍ വിരിയുന്ന ദൈവികാനന്ദം::Syro Malabar News Updates കായിക വിനോദത്തില്‍ വിരിയുന്ന ദൈവികാനന്ദം
15-June,2019

“കായിക ഉല്ലാസത്തിന്‍റെ ഉന്മേഷവും ആനന്ദവും സ്രഷ്ടാവായ ദൈവം തരുന്ന ദാനമാണ്,” പാപ്പാ ഫ്രാന്‍സിസ്.
 
രാജ്യാന്തര ‘സ്കെയ്റ്റിങ്’ ഫെഡറേഷന്‍ വത്തിക്കാനില്‍
ജൂണ്‍ 13- Ɔο തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ പേപ്പല്‍ ഹാളില്‍ രാജ്യാന്തര സ്കെയ്റ്റിങ് ഫെഡറേഷന്‍റെ പ്രതിനിധികളുമായി നടത്തിയ കൂട്ടിക്കാഴ്ചയിലാണ് പാപ്പാ ഉദ്ബോധിപ്പിച്ചത്. മഞ്ഞിലെ തെന്നിയോട്ടക്കളിയുടെ രാജ്യാന്തര പ്രതിനിധികളായി 32-പേരാണ് പാപ്പാ ഫ്രാന്‍സിസിനെ കാണാന്‍ വത്തിക്കാനില്‍ എത്തിയത്. ഫെഡറേഷന്‍റെ ലക്ഷ്യം സ്കെയ്റ്റിങ് എവിടെയും വ്യാപിപ്പിക്കുക എന്നതിനേക്കാള്‍ അതിന്‍റെ മനോഹാരിത ജനങ്ങള്‍ കൂടുതല്‍ ആസ്വദിക്കണം എന്നായിരിക്കണമെന്ന് പാപ്പാ ആമുഖമായി ആഹ്വാനംചെയ്തു.
 
സന്തോഷത്തിനുള്ള മാര്‍ഗ്ഗവും ആനന്ദത്തിന്‍റെ പ്രകടനവും
യഥാര്‍ത്ഥത്തില്‍ എല്ലാ കായികവിനോദങ്ങളും സന്തോഷത്തിനുള്ള മാര്‍ഗ്ഗവും, ഒപ്പം ആനന്ദത്തിന്‍റെ പ്രകടനവും കൂടിയാണ്. അതിനാല്‍ സ്കെയ്റ്റിങ്, മഞ്ഞിലെ ഡാന്‍സിങ് മുതലായ കായിക വിനോദങ്ങളിലൂടെ അതില്‍ വ്യാപൃതരാകുന്ന കായികതാരങ്ങള്‍ക്കും, അത് കണ്ട് ആസ്വദിക്കുന്ന ജനങ്ങള്‍ക്കും ലഭിക്കുന്ന ആനന്ദം നമ്മെ സൃഷ്ടിച്ച ദൈവം തരുന്ന ദാനമായി കാണേണ്ടതാണ് (Christus Vivit, 227). ‘സ്കെയിറ്റിങ്’ എന്ന കായിക വിനോദത്തില്‍ ഈ ആശയം കൂടുതല്‍ അന്വര്‍ത്ഥമാവുകയാണ്, കാരണം മഞ്ഞിലും മലയിലുമുള്ള ഈ തെന്നിക്കളി, അല്ലെങ്കില്‍ വഴുതിയോട്ടം ആനന്ദപൂര്‍ണ്ണമായൊരു ജീവിതാനുഭവമാണ് നല്കുന്നത്. മാത്രമല്ല, അതില്‍ ഉതിര്‍കൊള്ളുന്ന അഴകുള്ളതും താളാത്മകവുമായ ചലനങ്ങളും, അത് ഉള്‍ക്കൊള്ളുന്ന ദീര്‍ഘകാല പരിശീലനവും, ചിട്ടയും, കൂട്ടായ പ്രവര്‍ത്തനങ്ങളുമാണ് വ്യക്തിഗത മികവിലേയ്ക്കും ടീമിന്‍റെ വിജയത്തിലേയ്ക്കും നയിക്കുന്നത്.
 
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിനോദം
കൂട്ടായ്മയുടെ കായിക വിനോദം മാത്രമല്ല ‘സ്കെയിറ്റിങ്’, അത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നൊരു കളിയാണ്. എല്ലാ പ്രായക്കാരും തരക്കാരും അത് പഠിക്കുകയും ആസ്വദിക്കുകയും, കളിക്കുകയും ചെയ്യുന്നു. കൂടാതെ ഇത് ഏറെ സാമര്‍ത്ഥ്യവും പരിശീലനവും, മാത്സര്യമനോഭവവും ആവശ്യമുള്ള കായിക വിനോദമാണ്. ഈ നല്ല വിനോദത്തിന്‍റെ പ്രായോജകരും പ്രതിനിധികളുമായ നിങ്ങളുടെ രാജ്യാന്തര തലത്തിലുള്ള പരിശ്രമങ്ങള്‍ ലോകത്ത് സകലര്‍ക്കും – കായികതാരങ്ങള്‍ക്കു മാത്രമല്ല, അതു കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന സകലര്‍ക്കും നന്മ ലഭ്യമാകാന്‍ ഇടയാകട്ടെ! അങ്ങനെ ഐക്യവും കൂട്ടായ്മയുമുള്ള വിസ്തൃതമായ സമൂഹം വളര്‍ത്താന്‍ ഈ കായികവിനോദം സഹായകമാകട്ടെ! പരസ്പരാദരവ്, ധൈര്യം, അപരനോടുള്ള പരിഗണന, സന്തുലനം, ആത്മനിയന്ത്രണം എന്നിവ ജീവിത പ്രയാണത്തില്‍ ആര്‍ജ്ജിച്ചെടുക്കാനും, അതുവഴി ലഭിക്കുന്ന നന്മയുടെ കരുത്ത് മാനവകുടുംബത്തില്‍ പങ്കുവയ്ക്കാനും ഈ കായിക വിനോദം സഹായിക്കും എന്ന ആശംസയോടെയും പ്രാര്‍ത്ഥനയോടെയുമാണ് രാജ്യാന്തര ‘സ്കെയ്റ്റിങ്’ ഫെഡറേഷനുമായുള്ള നേര്‍ക്കാഴ്ച പാപ്പാ ഫ്രാന്‍സിസ് ഉപസംഹരിച്ചത്.

Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church