സത്യമുള്ള സ്നേഹത്തിന്‍റെ ശൈലിയെ ആരെതിര്‍ക്കാന്‍...?::Syro Malabar News Updates സത്യമുള്ള സ്നേഹത്തിന്‍റെ ശൈലിയെ ആരെതിര്‍ക്കാന്‍...?
14-June,2019

വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വത്തിക്കാന്‍റെ നയതന്ത്രജ്ഞന്മാരെ പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടി. 98 രാജ്യങ്ങളിലെ വത്തിക്കാന്‍റെ സ്ഥാനപതിമാരും, യുഎന്‍ കേന്ദ്രങ്ങളില്‍ ജോലിചെയ്യുന്ന 5 പേരും.
 
ആദ്യദിനം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയോടൊപ്പം
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിനുമൊപ്പം ജൂണ്‍ 12- Ɔο തിയതി ബുധനാഴ്ച രാവിലെ അവര്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സമൂഹദിവ്യബലി അര്‍പ്പിച്ചു. ദിവ്യബലിമദ്ധ്യേ കര്‍ദ്ദിനാള്‍ പരോളില്‍ നല്കിയ വചനചിന്തയില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തകള്‍ :
 
നിയമത്തെ നവീകരിച്ച ക്രിസ്തു
നിയമത്തിന്‍റെ പൂര്‍ത്തീകരണമായി സ്നേഹത്തിന്‍റെ കല്പനയുമായിട്ടാണ് ക്രിസ്തു ദൈവരാജ്യത്തിന്‍റെ സന്ദേശം പ്രഘോഷിച്ചത്. അവിടുന്ന പഴയ നിയമത്തെ ഇല്ലാതാക്കുകയല്ല ചെയ്തത്, മറിച്ച് അതിനെ പൂര്‍ത്തീകരിക്കുകയായിരുന്നു. പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളില്‍ സ്നേഹമാണ് നിയമത്തിന്‍റെ പൂര്‍ത്തീകരണം (റോമ. 13, 10). ഈ അര്‍ത്ഥത്തില്‍ ക്രിസ്തു ദൈവകല്പനകളുടെ സ്നേഹഭാവമുള്ള ഒരു പരിവര്‍ത്തകനായിരുന്നു. Jesus was a pious transgressor of the law. സ്നേഹഭാവമുള്ള ക്രിസ്തു പിതാവിനോടു വിശ്വസ്തനായിരുന്നു, കല്പനകളോടും വിധേയത്വമുള്ളവനായിരുന്നു. ‘Transgressor’ എന്ന ലത്തീന്‍ വാക്കിന് അതിരു കടന്നുപോകുന്നവന്‍, കല്പനയുടെ സ്നേഹഭാവം പ്രതിഫലിപ്പിക്കാന്‍ ക്രിസ്തു മാനുഷികമായ എല്ലാ അതിര്‍വരമ്പുകളും കടന്നവനാണ്.
 
ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്‍റെ ബലതന്ത്രം
നിയമത്തിന്‍റെ വള്ളിപുള്ളിയില്‍ മാറ്റം വരുത്താതെ, കല്പനകളെ മാറ്റമില്ലാത്ത കാര്‍ക്കശ്യത്തിന്‍റെ രൂപത്തില്‍ എത്തിച്ചതായിരുന്ന പഴയനിയമകാലം. എന്നാല്‍ ക്രിസ്തുവാകട്ടെ, കല്പനകള്‍ക്ക് ചലനാത്മകവും സ്നേഹാര്‍ദ്രവുമായ ഭാവം നല്കുന്നു. സ്നേഹത്തെ പ്രതിയും നന്മചെയ്യാനുള്ള തീവ്രതയോടെയും ക്രിസ്തു കല്പനകളുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നു. ശത്രുപക്ഷത്തേയ്ക്കും ക്ഷമയുടെയും സ്നേഹത്തിന്‍റെയും വഴികള്‍ അവിടുന്നു തുറന്നിടുന്നു. കല്പനകള്‍ നിശിതവും, ചലനമറ്റതും, നീക്കുപോക്കില്ലാത്തതും, നിര്‍ജ്ജീവവുമായിരുന്ന കാലഘട്ടത്തില്‍ ക്രിസ്തു അതിന്, ചലനാത്മകവും, ലഘുവും ജീവസ്സുറ്റതുമായൊരു ദര്‍ശനം നല്കി.  ദൈവത്തിന്‍റ സ്നേഹപദ്ധതി ലോകത്ത് ചുരുളഴിയിക്കുന്നതും, വെളിപ്പെടുത്തുന്നതുമായിരുന്നു അത്. ചുരുക്കത്തില്‍ സ്നേഹത്തിന്‍റെ കല്പനയുടെ ബലതന്ത്രം ക്രിസ്തുവാണ് ലോകത്തിന് വെളിപ്പെടുത്തിത്തന്നത്.
 
മനുഷ്യനന്മ ലക്ഷ്യമിടേണ്ട നിയമങ്ങള്‍
എല്ലാവരും എപ്പോഴും നിയമങ്ങളുമായി ബന്ധപ്പെട്ടു ജീവിക്കുവാന്‍ വിളിക്കപ്പെട്ടവരാണ്. അതിനാല്‍ നമ്മുടെ ജീവിതം സ്ഫടികംപോലെ നിര്‍മ്മലമായിരിക്കണം. നിയമത്തിന്‍റെ ആദ്യ സംരക്ഷകരും അത് ജീവിതത്തില്‍ പാലിക്കുന്നവരുമായിരിക്കണം നാം. സഭാനിയമങ്ങള്‍ വ്യക്തിജീവിതത്തില്‍ ആത്മരക്ഷയ്ക്കുള്ള സമുന്നത നിയമങ്ങളാണ് (suprema lex salus animarum). എന്നാല്‍ ഈ നിയമങ്ങള്‍ മനുഷ്യര്‍ക്കുള്ളതാണ്, മറിച്ച് മനുഷ്യര്‍ നിയമങ്ങള്‍ക്കുള്ളവരല്ല. സഭയുടെയും രാഷ്ട്രങ്ങളുടെയും എല്ലാ നിയമ സംവിധാനങ്ങളും മനുഷ്യരുടെ നന്മ ലക്ഷ്യമിടുന്നതും, നീതിനിഷ്ഠവും സമാധാനപൂര്‍ണ്ണവുമായ ഒരു ലോകം വിഭാവനം ചെയ്യുന്നതുമായിരിക്കണം. അവിടെ അവകാശങ്ങള്‍ മാനിക്കപ്പെടണം, മനുഷ്യര്‍ പരസ്പരം അംഗീകരിച്ച്, എല്ലാവരെയും ഉള്‍ക്കൊണ്ടു ജീവിക്കണം. അതുകൊണ്ട് മറ്റെല്ലാറ്റിനും ഉപരിയായി സഭയുടെ നയതന്ത്രപ്രതിനിധികളുടെ പരമമായ ലക്ഷ്യം സഭാനിയമങ്ങള്‍ മാനവികതയുടെ നന്മ ലക്ഷ്യവച്ചു പ്രാവര്‍ത്തികമാക്കണമെന്നതാണ്.
 
സമ്പന്നമായ ക്രിസ്തു-സ്നേഹത്തിന്‍റെ മഹത്വം
നിയമത്തിന്‍റെ സാക്ഷാത്ക്കാരം സ്നേഹമാണെങ്കില്‍, സഭാശുശ്രൂഷകരുടെ സേവനവും ശുശ്രൂഷയും ഇനിയും മഹത്തരമാകേണ്ടതുണ്ട്! നാം ലോകത്ത് ഇന്നു ജീവിക്കുന്ന സാഹചര്യങ്ങള്‍ വ്യത്യസ്തങ്ങളാണ്. ക്രിസ്തുവിനും ക്രൈസ്തവികതയ്ക്കും അനുകൂല സാഹചര്യങ്ങള്‍ ഉള്ളതുപോലെതന്നെ ധാരാളം പ്രതികൂലമായ ചുറ്റുപാടുകളുമുണ്ട്. എന്നാല്‍ യഥാര്‍ത്ഥമായ സ്നേഹത്തില്‍നിന്നും ആര്‍ക്കും നമ്മെ പിന്‍തിരിപ്പിക്കാനാവില്ല. ക്രിസ്തുവിനും അവിടുത്തെ സഭയ്ക്കുമായുള്ള ഒരു ആര്‍ദ്രമായ സ്നേഹം, സഭാശുശ്രൂഷകരെ മനുഷ്യരോട് അടുപ്പിക്കുന്ന, വിശിഷ്യ നാം അയയ്ക്കപ്പെട്ടിരിക്കുന്നത് ആദ്യം പാവങ്ങളും എളിയവരുമായ മനുഷ്യരുടെ പക്കലേയ്ക്കാണ്. അങ്ങനെ എളിയവരോടുള്ള ഉദാരമായ സ്നേഹത്തിലും കാരുണ്യത്തിലും സഭാശുശ്രൂഷകര്‍ എന്നും നിലനില്ക്കേണ്ടതാണ്.
 
നിയമത്തിന്‍റെയല്ല സ്നേഹത്തിന്‍റെ മഹത്വം
പൗലോസ് അപ്പസ്തോലന്‍ മോശയുടെ മഹത്വമാര്‍ന്ന പഴയനിയമ കല്പനയുടെ ജീവിതത്തെയും, ക്രിസ്തുവിന്‍റെ മഹത്വമാര്‍ന്ന ജീവിതത്തെയും തുലനം ചെയ്യുമ്പോള്‍ രണ്ടാമത്തേത്, സമ്പന്നവും സമൃദ്ധവുമായ മഹത്വമെന്ന് വിശേഷിപ്പിക്കുന്നുണ്ട്. അങ്ങനെ മോശയുടെ ശുശ്രൂഷാ സ്ഥാനത്തിനു മങ്ങല്‍ ഏല്പിക്കാതെ, ക്രിസ്തുവിന്‍റെ നവഉടമ്പടിയുടെ സമുന്നത ശുശ്രുഷയെ അപ്പസ്തോലന്‍ അടിവരയിട്ടു സ്ഥാപിക്കുന്നുണ്ട് (2 കൊറി. 3, 10). അതിനെ ക്രിസ്തുവിന്‍റെ അതുല്യമായ, സമാനതകളില്ലാത്ത മഹത്വമെന്നും ശ്ലീഹ വിശേഷിപ്പിക്കുന്നു.
 
സ്ഥാനത്തിന്‍റെ തിളക്കമല്ല സ്നേഹത്തിന്‍റെ...!
പരിശുദ്ധ സിംഹാസനത്തിന്‍റെ പദവിയുള്ള ജോലികള്‍ക്കുപോലും അതിന്‍റേതായ തിളക്കമല്ല, മറിച്ച് ക്രിസ്തുവിന്‍റെ പുതിയ ഉടമ്പടിയിലുള്ള പങ്കുചേരലിന്‍റെ തിളക്കമാണു വേണ്ടത്. അതിനാല്‍ ദൈവം ഏല്പിച്ചിരിക്കുന്ന സഭയുടെ ജോലികള്‍ ചെയ്യുന്നതില്‍ നമ്മുടെ കഴിവുകളിലും സിദ്ധിയിലും ആശ്രയിക്കാതെ ദൈവത്തില്‍ ആശ്രയിച്ചു നീങ്ങണമെന്ന പൗലോസ് അപ്പസോതോലന്‍റെ വാക്കുകള്‍ ഓര്‍ക്കേണ്ടതാണ് (2 കൊറി. 3, 5a). ദൈവം നമ്മെ അനുരഞ്ജനത്തിന്‍റെ വചനമാണ് ഭരമേല്പിച്ചിരിക്കുന്നത്. ക്രിസ്തുവിന്‍റെ നാമത്തില്‍ നാം സന്ദേശവാഹകരാണ് – അതിനാല്‍ നമ്മിലൂടെ ദൈവമാണ് സംസാരിക്കേണ്ടത് (2 കൊറി. 5, 19-20), നമ്മില്‍ ദൈവത്തിന്‍റെ സ്നേഹവും കാരുണ്യവുമാണ് പ്രതിഫലിക്കേണ്ടത്.
(2 കൊറി. 3, 4-11; മത്തായി 5, 17-19).

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church