‘കാരിസി’ന്റെ തിരുപ്പിറവി; സാക്ഷ്യം വഹിക്കാൻ വത്തിക്കാനിൽ എത്തിയത് ആയിരങ്ങൾ::Syro Malabar News Updates ‘കാരിസി’ന്റെ തിരുപ്പിറവി; സാക്ഷ്യം വഹിക്കാൻ വത്തിക്കാനിൽ എത്തിയത് ആയിരങ്ങൾ
11-June,2019

വത്തിക്കാൻ സിറ്റി: കരിസ്മാറ്റിക് റിന്യൂവൽ ഇന്റർനാഷണൽ സർവീസസിന്റെ (കാരിസ്) പ്രഥമസംഗമത്തിന് സാക്ഷ്യം വഹിച്ച് വത്തിക്കാൻ. കത്തോലിക്കാ സഭയിലെ വിവിധ കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾക്ക് ഐക്യരൂപം നൽകാൻ, ഫ്രാൻസിസ് പാപ്പയുടെ നിർദേശപ്രകാരം പെന്തക്കുസ്താ തിരുനാളിൽ ആരംഭിച്ച സംവിധാനമാണ് ‘കാരിസ്.’
 
കരിസ്മാറ്റിക് പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് മൂവായിരത്തിൽപ്പരം പേരാണ് സംഗമത്തിൽ പങ്കെടുത്തത്. ലോകത്തെമ്പാടും 100 മുതൽ 112 മില്യൺ വരെ വിശ്വാസികൾ വിവിധ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഇതിലേറെയും ആഫ്രിക്കയിൽനിന്നും ഏഷ്യയിൽ നിന്നുമാണ്.
 
നാം വലിയ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന് ബോധ്യപ്പെടുത്താനാണ് പാപ്പ പുതിയ നവീകരണങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് കാരിസിന്റെ നേതൃനിരയിലുളള വടക്കേ അമേരിക്കയിൽനിന്നുള്ള രണ്ട് പ്രതിനിധികളിൽ ഒരാളായ ബിഷപ്പ് പീറ്റർ സ്മിത്ത് പറഞ്ഞു. നമ്മിൽതന്നെ ശ്രദ്ധ കേന്ദ്രീകരിക്കാതെ ദൈവരാജ്യം പടുത്തുയർത്തുന്നതിന് നമ്മൾ ഒത്തൊരുമിക്കണമെന്നും അമേരിക്കയിലെ ഒറിഗൺ രൂപതാ സഹായമെത്രാൻകൂടിയായ അദ്ദേഹം ഓർമിപ്പിച്ചു.
 
പുതിയ ഭരണക്രമ പ്രകാരമുള്ള മോഡറേറ്ററായി ബെൽജിയം സ്വദേശി പ്രൊഫ. ഷോൺലൂക് മോയെ, പ്രസ്ഥാനത്തിന്റെ ആത്മീയ ശുശ്രൂഷകനായി പാപ്പയുടെയുംവത്തിക്കാൻ വകുപ്പുകളുടെയും ആത്മീയ ഉപദേഷ്ടാവും പ്രബോധകനുമായ ഫാ. റനിയേറോ കന്തലമേസ എന്നിവർ ചുമതലയേറ്റു.
 
മോഡറേറ്ററായിരിക്കും പുതിയ സംവിധാനത്തിന്റെ അധ്യക്ഷൻ. അൽമായരുടെയും കുടുംബങ്ങളുടെയും ജീവന്റെയും കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയാണ് ഇവരെ നിയമിക്കുക. പ്രസ്ഥാനത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്കായി രൂപീകൃതമായ 18 അംഗ ശുശ്രൂഷാകൂട്ടായ്മയിൽ മലയാളിയായ സിറിൾ ജോണാണ് ഏഷ്യൻ പ്രതിനിധി.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church