സഭാഗാത്രം ഏക നാവുകൊണ്ട് ദൈവത്തെ സ്തുതിക്കണം: മാർ സ്രാമ്പിക്കൽ::Syro Malabar News Updates സഭാഗാത്രം ഏക നാവുകൊണ്ട് ദൈവത്തെ സ്തുതിക്കണം: മാർ സ്രാമ്പിക്കൽ
09-June,2019

പ്രെസ്റ്റൺ : ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ അടുത്ത ഒരു വർഷത്തേയ്ക്ക് ദേവാലയങ്ങളിൽ ഉപയോഗിക്കാനുള്ള അഭിഷേകതൈലം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആശീർവദിച്ചു. സെന്‍റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ദിവ്യബലിക്കിടയിലാണ് പ്രത്യേക അഭിഷേകതൈലആശീർവാദം നടന്നത്. 

വികാരി ജനറൽമാരായ റവ. ഡോ . ആന്‍റണി ചുണ്ടെലിക്കാട്ട് , ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ , ഫാ. ജോർജ് ചേലക്കൽ , ഫാ. ജിനോ അരീക്കാട്ട്, എംസിബിഎസ്, രൂപതയിലെ മറ്റു വൈദികർ എന്നിവർ സഹ കാർമികർ ആയിരുന്നു.

തിരുസഭാ കുടുംബം ഏകനാവുകൊണ്ട് ദൈവത്തെ സ്തുതിക്കുകയും പ്രാർഥിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യണമെന്ന് വചനസന്ദേശത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികളെ ഓർമിപ്പിച്ചു. "ഈശോയുടെ സാന്നിധ്യം അനുഭവിച്ചുകൊണ്ട്ഹൃദയത്തിൽ സന്തോഷത്തോടെ വേണം ഓരോ വിശ്വാസിയും ജീവിക്കുവാൻ. എല്ലാ കുറവുകളുടെയും മധ്യേ കർത്താവിന്‍റെ സന്തോഷം അനുഭവിക്കാൻ കഴിയണം.എല്ലാം ദൈവത്തിന്‍റെ പ്രവർത്തി ആയതിനാൽ ഞാൻ മൗനം അവലംബിച്ചു എന്ന സങ്കീർത്തക വചനം ജീവിതത്തിൽ നാം പ്രാവർത്തികമാക്കണം, വിശ്വാസ രഹസ്യങ്ങളുടെ പാരികർമ്മങ്ങളിൽ കൂടിയും വിശുദ്ധ കൂദാശകളിൽ കൂടിയും കർത്താവിന്‍റെ സ്വരവും അവിടുത്തെ സാനിധ്യവും തിരിച്ചറിയുമ്പോഴാണ് ഓരോ വിശ്വാസിയുടെയും ജീവിതം അർഥ സമ്പൂർണമായിത്തീരുന്നതെന്ന് മാർ സ്രാന്പിക്കൽ കൂട്ടിച്ചേർത്തു. 

രൂപതയ്ക്കാവശ്യമായ അനുഗ്രഹങ്ങളെല്ലാം വർഷിക്കപ്പെട്ട ഈ അഭിഷേകതൈല ആശീർവാദത്തിൽ രൂപതയിലെ എല്ലാ ഇടവക, മിഷൻ, പ്രോപോസ്ഡ് മിഷൻ കേന്ദ്രങ്ങളിൽ നിന്നും വൈദികരോടൊപ്പം വിശ്വാസിപ്രതിനിധികളെന്നനിലയിൽ കൈക്കാരൻമാരും മറ്റുപ്രതിനിധികളും പങ്കുചേർന്നു. 

ബുധനാഴ്ച വൈകിട്ട് നടന്ന വൈദിക സമ്മേളനത്തിന് തുടർച്ചയായി വ്യാഴാഴ്ച ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം വൈദികരുടെയും അൽമായ പ്രതിനിധികളുടെയും സംയുക്ത സമ്മേളനവും നടന്നു. റീജണൽ കോഓർഡിനേറ്റർ മാരായ വൈദികരുടെ നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിച്ചു വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങളും ആശങ്കകളും സംശയങ്ങളും ഓരോ റീജിയനുകളെയും പ്രതിനിധീകരിച്ചുകൊണ്ടുള്ള പ്രതിനിധികൾ സമ്മേളനത്തിൽ അവതരിപ്പിക്കുകയും ചെയ്തു. വരും നാളുകളിൽ രൂപതാതലത്തിൽ നടക്കുന്ന പരിപാടികളുടെ സംക്ഷിപ്ത രൂപവും സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു.

മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വികാരി ജറൽമാരായ റവ. ഡോ . ആന്‍റണി ചുണ്ടെലിക്കാട്ട് , ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ , ഫാ. ജോർജ് ചേലക്കൽ , ഫാ. ജിനോ അരീക്കാട്ട്, രൂപത ചാൻസിലർ റവ. ഡോ . മാത്യു പിണക്കാട്ട് എന്നിവർ സംസാരിച്ചു .കത്തീഡ്രൽ വികാരി റവ. ഡോ . ബാബു പുത്തൻപുരക്കൽ , ഫാ. ഫാൻസുവ പത്തിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി .


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church