പന്തക്കുസ്താനുഭവം ഓരോ വ്യക്തിയിലും സംഭവിക്കണം: മാർ ചിറപ്പണത്ത്::Syro Malabar News Updates പന്തക്കുസ്താനുഭവം ഓരോ വ്യക്തിയിലും സംഭവിക്കണം: മാർ ചിറപ്പണത്ത്
07-June,2019

ഡബ്ലിൻ: സഭ നമ്മിൽ രൂപപ്പെടണമെങ്കിൽ പരിശുദ്ധാത്മ അനുഭവം അനിവാര്യമാണെന്നും അതിനാൽ പന്തക്കുസ്താനുഭവം ഓരോ വ്യക്തിയിലുംസംഭവിക്കണമെന്നതാണ് സഭയുടെ ലക്ഷ്യമെന്നും യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്.ഡബ്ലിൻ’ശാലോം മിഷൻ ഫയർ’ചർച്ച് ഓഫ് ദ ഇൻകാർനേഷനിൽഉദ്ഘാടനംചെയ്ത് സന്ദേശം പങ്കുവെക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധാത്മാനുഭവം ലഭിക്കാനും ആ അനുഭവം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാനും ‘മിഷൻ ഫയർ’ പോലുള്ള കൂട്ടായ്മകൾ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
 
പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിക്കുന്നതിലൂടെ മൂന്ന് കാര്യങ്ങളാണ് സംഭവിക്കുക. അതിൽ ആദ്യത്തേത് ദൗത്യം തിരിച്ചറിയും എന്നതാണ്. പരിശുദ്ധാത്മാഭിഷേകം സംഭവിച്ചവരിലുണ്ടായ മാറ്റങ്ങൾ വിശുദ്ധഗ്രന്ഥം വ്യക്തമായി പറയുന്നുണ്ട്. ചെയ്യേണ്ടതെന്തെന്നും ചെയ്യരുതാത്തതെന്തെന്നുമുള്ള വിവേകം നമ്മിൽ നിറയും. ദൈവകരത്തിന്റെ എപ്പോഴും സഹായമേകാൻ കൂടെയുണ്ടെന്ന അനുഭവമാണ് പരിശുദ്ധാത്മാഭിഷേകം സമ്മാനിക്കുന്ന രണ്ടാമത്തെ അനുഭവം. പരിശുദ്ധാത്മാവ് തരുന്ന സംരക്ഷണവും ശക്തിയും ദൗത്യബോധത്തിൽ മുന്നേറാൻ നമുക്ക് കരുത്തുപകരും. സ്ഥായിയായ ആനന്ദമാണ് മൂന്നാമത്തെ സമ്മാനം. പരിശുദ്ധാത്മാവിനുമാത്രമേ, ഈ ലോകം വഴിവെക്കുന്ന ദുഃഖങ്ങൾക്കും ക്ലേശങ്ങൾക്കും കെടുത്താനാവാത്ത ആനന്ദം നമ്മിലുണ്ടാക്കാനാവൂ. സ്ഥായിയായ ആനന്ദം ഓരോ സഭതനയരിലും ഉണ്ടാകണമെന്നാണ് സഭാമാതാവിന്റെ ആഗ്രഹം.
 
പന്തക്കുസ്താ തിരുനാളിന് ഒരുങ്ങുന്ന നാളിൽ പരിശുദ്ധാത്മാഭിഷേകം ലഭിക്കാൻ നമുക്ക് ഓരോരുത്തർക്കും പ്രത്യേകം പ്രാർത്ഥിക്കാം. പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തിൽ അപ്പസ്തോലന്മാർ സമ്മേളിച്ചിരുന്നപ്പോഴാണ് പരിശുദ്ധാത്മാവിന്റെ ആഗമനം സംഭവിച്ചത്. പരിശുദ്ധാത്മാവിനെ സ്വർഗത്തിലേക്ക് കൊണ്ടുവന്ന ഗോവണിയായ പരിശുദ്ധ അമ്മ എന്ന തിരിച്ചറിവോടെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യവും പരിശുദ്ധാത്മ നിറവിനായി നമുക്കു തേടാമെന്നും മാർ ചിറപ്പണത്ത് ഉദ്ബോധിപ്പിച്ചു.
 
പന്തക്കുസ്താ അനുഭവം മാധ്യമങ്ങളിലൂടെ പകരുന്ന ശാലോം ശുശ്രൂഷകൾ സഭയെ വിശിഷ്യാ സീറോ മലബാർ സഭയെ പരിപോഷിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈതന്യമാർന്ന സഭയുടെ മുഖം ചിന്തയിലൂടെയും പ്രവർത്തികളിലൂടെയും ലോകത്തിൽ ദൃശ്യമാക്കുന്നതിലൂടെ വലിയ ദൗത്യമാണ് ശാലോം നിർവഹിക്കുന്നത്. കേരളത്തിലുടനീളം തുരുത്തുപോലെ കഴിഞ്ഞിരുന്ന ദൈവശാസ്ത്ര പണ്ഡിതരുൾപ്പെടെയുള്ള ആത്മീയ ശുശ്രൂഷകരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിലും ശാലോം വഹിച്ച ശ്രദ്ധേയമാണെന്നും മാർ ചിറപ്പണത്ത് കൂട്ടിച്ചേർത്തു.
 
ശാലോം മാധ്യമ ശുശ്രൂഷയിലൂടെ തന്റെ കുടുംബാംഗങ്ങൾക്ക് ലഭിച്ച ആത്മീയാനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചതും ശ്രദ്ധേയമായി. മിഷൻ ഫയർ കോർഡിനേറ്റർ ഫാ. ക്ലമന്റ് ആശംസകൾ നേർന്നു. ശാലോം സ്പിരിച്വൽ ഡയറക്ടർ ഫാ. റോയ് പാലാട്ടി സി.എം.ഐ, ശാലോം ശുശ്രൂഷകളുടെ സ്ഥാപകൻ ഷെവലിയർ ബെന്നി പുന്നത്തറ, പ്രശസ്ത വചനപ്രഘോഷകൻ ഡോ. ജോൺ ഡി. എന്നിവർശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചു.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church