ക്രിസ്തുസാക്ഷ്യത്തിന്‍റെ പുണ്യസ്ഥാനങ്ങള്‍::Syro Malabar News Updates ക്രിസ്തുസാക്ഷ്യത്തിന്‍റെ പുണ്യസ്ഥാനങ്ങള്‍
07-June,2019

തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ ആത്മീയത പരിരക്ഷിക്കാന്‍ ലൂര്‍ദ്ദ്, മെജുഗോരെ പോലുള്ള കേന്ദ്രങ്ങളില്‍ പാപ്പാ ഫ്രാന്‍സിസ് പ്രതിനിധികളെ നിയോഗിച്ചു.
 
ലൂര്‍ദ്ദിലേയ്ക്കൊരു പേപ്പല്‍ പ്രതിനിധി
 
ജൂണ്‍ 6- Ɔο തിയതി വ്യാഴാഴ്ച ഫ്രാന്‍സിലെ ലൂര്‍ദ്ദു, മേരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിലേയ്ക്ക് പേപ്പല്‍ പ്രതിനിധിയെ നിയോഗിച്ചുകൊണ്ട് പുറപ്പെടുവിച്ച പ്രഖ്യാപനത്തിലാണ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ പ്രാര്‍ത്ഥനയുടെയും ക്രിസ്തുസാക്ഷ്യത്തിന്‍റെയും പുണ്യസ്ഥാനങ്ങള്‍ ആകണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചത്.
 
പേപ്പല്‍ പ്രതിനിധി അജപാലനപരമായ കാര്യങ്ങളുടെ ഉത്തരവാദി
 
ഫ്രാന്‍സിലെ ലിയീല്‍ അതിരൂപതയുടെ (Lille) സഹായമെത്രാന്‍, ബിഷപ്പ് ആന്‍റോണ്‍ ഹെവായെ തന്‍റെ പ്രതിനിധിയായി ലൂര്‍ദ്ദില്‍ പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു. ലൂര്‍ദ്ദു സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരുടെ അജപാലനപരമായ ഉത്തരവാദിത്ത്വങ്ങളുടെ തലവനായിരിക്കും ഇനി മുതല്‍ ബിഷപ്പ് ആന്‍റോണ്‍ ഹെവായെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി. ബിഷപ്പ് ഹെവായുടെ നിയമനം പ്രഖ്യാപിക്കുന്നതിനും യാഥാര്‍ത്ഥ്യമാക്കുന്നതിനുമായി വത്തിക്കാന്‍റെ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ തലവന്‍, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലാ വ്യാഴാഴ്ച രാവിലെ കന്യകാനാഥയുടെ തിരുനടയില്‍ എത്തിയിരുന്നു. ദൈവജനത്തിന്‍റെ ആത്മീയ ആവശ്യങ്ങള്‍ക്ക് അനുസൃതമായി നമ്മുടെ തീര്‍ത്ഥാടകേന്ദ്രങ്ങള്‍ ക്രിസ്തുസാക്ഷ്യത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും കേന്ദ്രങ്ങളും ഭവനങ്ങളുമാകണമെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ആഹ്വാനം (Ad nutum Sanctae Sedis) ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലാ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു.
 
പേപ്പല്‍ പ്രതിനിധിയുടെ പ്രസക്തി
 
പ്രതിവര്‍ഷം പതിനായിരക്കണക്കിനു തീര്‍ത്ഥാടകര്‍ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി വന്നെത്തുന്ന തീര്‍ത്ഥസ്ഥാനവും മേരിയന്‍ സാന്ത്വനകേന്ദ്രവുമാണ് ലൂര്‍ദ്ദ്. കാര്യക്ഷമമായ നടത്തിപ്പും, കേന്ദ്രത്തിന്‍റെ സാമ്പത്തിക വരുമാനവും എന്ന പ്രലോഭനത്തെക്കാള്‍, ഇതുപോലൊരു പേപ്പല്‍ ഡെലഗേറ്റിന്‍റെ അല്ലെങ്കില്‍ പ്രതിനിധിയുടെ നിയമനംകൊണ്ട് പാപ്പാ ഫ്രാന്‍സിസ് ഉദ്ദേശിക്കുന്നത്, തീര്‍ത്ഥാടകരുടെ ആത്മീയതയ്ക്കുള്ള പ്രാഥമ്യമാണെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ വ്യക്തമാക്കി. വ്യക്തി സ്വീകരിച്ചിട്ടുള്ള വിശ്വാസം എങ്ങനെ ഒരു സംസ്കാരത്തിലും പ്രദേശത്തും വേരൂന്നി ബലപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നുവെന്നാണ് ജനകീയ ഭക്തിയും തീര്‍ത്ഥസ്ഥാനങ്ങളും നമ്മെ പഠിപ്പിക്കുന്നത്.
 
പുണ്യസ്ഥാനങ്ങള്‍ - ദൈവാരൂപിയുടെ കൃപാസ്രോതസ്സ്
 
ലാറ്റിന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ വിഖ്യാതമായ അപ്പരസീദായിലെ കന്യകാനാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തെ സംബന്ധിച്ച് പാപ്പ ഫ്രാന്‍സിസ്, ബ്യൂനസ് ഐരസില്‍ മെത്രാപ്പോലീത്താ ആയിരിക്കെ, ആര്‍ച്ചുബിഷപ്പ് ഹോര്‍ഹെ ബര്‍ഗോളിയോ നടത്തിയിട്ടുള്ള പ്രസ്താവന തന്നെയാണ് മേല്‍ ഉദ്ധരിച്ചത്. ജനകീയ ഭക്തിയിലൂടെ കലവറയില്ലാതെ പരിശുദ്ധാത്മാവ് തന്‍റെ വരദാനങ്ങള്‍ ദൈവജനത്തിന്‍റെമേല്‍ കോരിച്ചൊരിയുന്ന പുണ്യസ്ഥാനങ്ങളാണ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍.
 
തീര്‍ത്ഥാടനം ഒരു സുവിശേഷവത്ക്കരണോപാധി
 
പുണ്യസ്ഥലങ്ങളിലേയ്ക്ക് കൂട്ടമായി പോവുകയും കുട്ടികളെയും കൂട്ടുകാരെയും അവിടേയ്ക്ക് ആനയിക്കുകയുംചെയ്യുന്നത് സുവിശേഷവത്ക്കരണ കര്‍മ്മത്തിന്‍റെ ചെറുതും വലുതമായ അടയാളങ്ങളാണെന്നതും പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളാണ്. അടുത്ത കാലത്ത് കിഴക്കന്‍ യൂറോപ്പിലെ ബോസ്നിയ-ഹെര്‍സഗോവിന രാജ്യത്തെ മെജുഗോരെ മേരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കും പാപ്പാ ഫ്രാന്‍സിസ് തന്‍റെ പ്രതിനിധിയെ നിയോഗിച്ചത് ഇവിടെ അനുസ്മരണീയമാണ്.

Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church