പെന്തക്കൂസ്ത ജാഗരാനുഷ്ഠാനവും പാപ്പായുടെ ദിവ്യബലിയര്‍പ്പണവും::Syro Malabar News Updates പെന്തക്കൂസ്ത ജാഗരാനുഷ്ഠാനവും പാപ്പായുടെ ദിവ്യബലിയര്‍പ്പണവും
06-June,2019

റോമാരൂപത വത്തിക്കാനില്‍ സംഘടിപ്പിക്കുന്ന പെന്തക്കൂസ്താ ജാഗരാനുഷ്ഠാന പ്രാര്‍ത്ഥനയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും, സമൂഹബലിയര്‍പ്പിക്കും.
 
റോം രൂപതയുടെ പെന്തക്കൂസ്താ ആഘോഷം
 
ജൂണ്‍ 8- Ɔο തിയതി ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിക്കാണ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍, പാപ്പാ രൂപതാദ്ധ്യക്ഷനായുള്ള റോം സംഘടിപ്പിക്കുന്ന ജാഗരാനുഷ്ഠാന പ്രാര്‍ത്ഥനയില്‍ പാപ്പാ പങ്കെടുക്കുന്നത്. തുടര്‍ന്ന് ചത്വരത്തില്‍ സമ്മേളിക്കുന്ന വിശ്വാസികള്‍ക്കൊപ്പം പാപ്പാ ദിവ്യബലി അര്‍പ്പിക്കും. റോമിലെ വിശ്വാസികളുടെ ഈ വര്‍ഷത്തെ പെന്തക്കൂസ്ത മഹോത്സവം രൂപതാദ്ധ്യന്‍കൂടിയായ പാപ്പാ ഫ്രാന്‍സിസിനൊപ്പം ജാഗരമനുഷ്ഠാനത്തോടെ പ്രാര്‍ത്ഥിച്ചും, ദിവ്യബലിയര്‍പ്പിച്ചും ആകുന്നതില്‍ സന്തോഷമുണ്ടെന്ന്, വികാരി ജനറല്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ ദി ദൊനാത്തിസ് ജൂണ്‍ 4-ന് റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
 
നിത്യനഗരത്തിനു ലഭിച്ച ദൈവികപരിരക്ഷ
 
റോമാ നഗരത്തെ രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കെടുതിയില്‍നിന്നും ദൈവസ്നേഹത്തിന്‍റെ അമ്മ Madonna di Divino Amore) രക്ഷിച്ചതിന്‍റെ 75- Ɔο വാര്‍ഷികം കൂട്ടിയിണക്കിയാണ് പെന്തക്കൂസ്താ മഹോത്സവത്തിന്‍റെ ജാഗരാനുഷ്ഠാനം പാപ്പാ ഫ്രാന്‍സിസിനൊപ്പം റോമാരൂപത സവിശേഷമായി കൊണ്ടാടുന്നതെന്ന് കര്‍ദ്ദിനാള്‍ ദൊനാത്തിസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
 
വരദാനങ്ങള്‍ക്കായൊരു കാത്തിരിപ്പ്
 
ദൈവാരൂപിയുടെ ഏഴുദാനങ്ങളെ പ്രതിനിധീകരിക്കുമാറു വിശ്വാസികള്‍ ദീപങ്ങളേന്തിയും ഉത്ഥിതനായ ക്രിസ്തുവിനെ പാടി സ്തുതിച്ചുമായിരിക്കും വത്തിക്കാനില്‍ എത്തുക. കന്യകാനാഥയുടെ മാതൃസാന്നിദ്ധ്യത്തില്‍ ദൈവാരൂപിയുടെ പ്രചോദനങ്ങള്‍ക്കായി ജാഗരമനുഷ്ഠിച്ചു കാത്തിരുന്ന അപ്പസ്തോലന്മാരെപ്പോലെ റോം രൂപത ആകമാനം വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പാ ഫ്രാന്‍സിസിനൊപ്പം സമ്മേളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ട് പെന്തക്കൂസ്ത മഹോത്സവത്തിന്‍റെ കൃപാവരങ്ങള്‍ക്കായി ഒരുങ്ങുമെന്ന്, കര്‍ദ്ദിനാള്‍ ദൊനാത്തിസ് അറിയിച്ചു. ഇറ്റലിയില്‍ അറിയപ്പെട്ട സംഗീതജ്ഞന്‍, മോണ്‍സീഞ്ഞോര്‍ മാര്‍ക്കോ ഫ്രിസീന നയിക്കുന്ന റോമാരൂപതയുടെ 200-അംഗ ഗായകസംഘം ജാഗരപ്രാര്‍ത്ഥനയ്ക്കും ദിവ്യബലിയ്ക്കും നേതൃത്വംനല്കും.
 
“ദിവീനോ അമോരേ”യിലേയ്ക്ക് ജാഗരപ്രദക്ഷിണം
 
റോം നിവാസികള്‍ക്ക് കന്യകാനാഥയുടെ പ്രത്യേക സംരക്ഷണം ലഭിച്ചതിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് പെന്തക്കൂസ്തയുടെ തലേനാള്‍ റോമാരൂപതയിലെ വിശ്വാസികളും മറ്റു തീര്‍ത്ഥാടകരും പാപ്പായ്ക്കൊപ്പമുള്ള ദിവ്യബലിയര്‍പ്പണത്തിനുശേഷം ദിവീനോ അമോരെ Divino Amore തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കു ജാഗര പ്രദക്ഷിണമായി നീങ്ങും. ദൈവമാതാവിന്‍റെ അത്ഭുതചിത്രവും വഹിച്ചുകൊണ്ട് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍നിന്നും ആരംഭിക്കുന്ന ജാഗരപ്രദക്ഷിണം ഏകദേശം 20 കി. മീ ദൈര്‍ഘ്യമുള്ളതാണ്. റോമാ നഗരത്തിന്‍റെ വടക്കു പടിഞ്ഞാറന്‍ പ്രാന്തത്തിലാണ് ദൈവമാതാവിന്‍റെ തീര്‍ത്ഥാടന സന്നിധാനം.

Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church