വിശ്വാസ പ്രചാരണം: അമ്മമാരെയും മുത്തശ്ശിമാരെയും കണ്ടുപഠിക്കണമെന്ന് പാപ്പ::Syro Malabar News Updates വിശ്വാസ പ്രചാരണം: അമ്മമാരെയും മുത്തശ്ശിമാരെയും കണ്ടുപഠിക്കണമെന്ന് പാപ്പ
03-June,2019

വത്തിക്കാൻ സിറ്റി: എവിടെപ്പോയാലും എന്തുചെയ്താലും നമ്മുടെ വേരുകൾ മറക്കരുതെന്നും വിശ്വാസം പ്രചരിപ്പിക്കുന്നതിൽ അമ്മമാരെയും മുത്തശ്ശിമാരെയും മാതൃകയാക്കണമെന്നും യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ഫ്രാൻസിസ് പാപ്പയുടെ ഓർമപ്പെടുത്തൽ. റൊമേനിയയിലെ പര്യടനത്തിന്റെ ഭാഗമായി, യുവജനങ്ങളും കുടുംബങ്ങളും പങ്കെടുത്ത മരിയൻ സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. കുടുംബത്തിൽനിന്ന് പഠിച്ച പാഠങ്ങൾ മറക്കരുതെന്നും അത് കാലങ്ങളായി ലഭിക്കുന്ന വിജ്ഞാനമാണെന്നും പാപ്പ പറഞ്ഞു.
 
നിങ്ങൾ ഓരോ ദിവസവും വളർന്ന്, ശക്തിപ്രാപിച്ച്, പ്രാവീണ്യം പ്രാപിക്കുമ്പോഴും നിങ്ങൾ കുടുംബത്തിൽനിന്ന് പഠിച്ച പാഠങ്ങൾ മറക്കരുത്. നിങ്ങൾ വളർന്നുവരുമ്പോൾ നിങ്ങളുടെ അമ്മമാരെയും മുത്തശ്ശീമാരെയും, മുന്നോട്ടുപോകാനും ഉപേക്ഷിക്കാതിരിക്കാനും ശക്തിപകർന്ന അവരുടെ ശക്തമായ വിശ്വാസത്തെയും മറക്കരുത്. നിങ്ങൾക്ക് നന്ദി പറയാൻ കാരണമായ വീട്ടിൽ വളർത്തിയ വിശ്വാസമാണത്. അതാണ് ദൈവരാജ്യം കെട്ടിപ്പടുക്കുന്നത്.
 
വിശ്വാസം വാക്കുകൊണ്ട് മാത്രമല്ല പ്രചരിപ്പിക്കേണ്ടത്. മറിച്ച് നമ്മുടെ അമ്മമാരും മുത്തശ്ശിമാരും ചെയ്തതുപോലുള്ള, ഭാവങ്ങളിലൂടെയും നോട്ടങ്ങളിലൂടെയും, പരിലാളനങ്ങളിലൂടെയും വഴിയാണ്. കുടുംബത്തിൽനിന്ന് നാം പഠിച്ചത് നേരായ ലളിതമായ വഴിയാണ്. ബഹളങ്ങളിൽ ശ്രവണത്തെയും ആശയക്കുഴപ്പങ്ങളിൽ സ്വരച്ചേർച്ചയെയും അനിശ്ചിതത്വങ്ങളിൽ തെളിച്ചത്തെയും കൊണ്ടുവരാൻ നമുക്ക് പരിശ്രമിക്കാം. മറ്റുള്ളവരെ ഒഴിവാക്കുന്നയിടങ്ങളിൽ ഐക്യത്തെയും അക്രമണങ്ങളുള്ളിടത്ത് സമാധാനത്തെയും നുണപ്രചാരണങ്ങളുള്ളിടത്ത് സത്യത്തെയും കൊണ്ടുവരാൻ നമുക്ക് പരിശ്രമിക്കാം.
 
നാം ദൈവത്തിന്റെ മക്കളാണ് എന്നാൽ കുഞ്ഞുങ്ങൾ, ദമ്പതികൾ, മുത്തശ്ശിമുത്തച്ഛന്മാർ, സുഹൃത്തുക്കൾ, അയൽക്കാർ എന്നനിലയിലും സഹോദരീസഹോദരങ്ങളായും നാം ജീവിക്കുന്നു. തിന്മയുടെ ആത്മാവ് നമ്മെ വിഭജിച്ച് ചിതറിക്കുന്നു. അവൻ ഭിന്നതയും സംശയങ്ങളും വിതയ്ക്കുന്നു. എന്നാൽ, അതിനു വിപരീതശക്തിയായി പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നു. നാം മുഖമില്ലാത്തവരോ അർത്ഥമില്ലാത്തവരോ ഉപരിപ്ലവമായവരോ അല്ലെന്നും നമുക്ക് നമ്മെ ഒന്നിപ്പിക്കുന്ന ഒരു ശക്തമായ ആത്മീയ അടിത്തറയുണ്ടെന്നും പരിശുദ്ധാത്മാവ് നമ്മെ ഓർമിപ്പിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേർത്തു.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church