സത്യം കണ്ടെത്തിയ ശേഷം മാത്രം സമവായം: സീറോ മലബാര്‍ സഭ ::Syro Malabar News Updates സത്യം കണ്ടെത്തിയ ശേഷം മാത്രം സമവായം: സീറോ മലബാര്‍ സഭ
29-May,2019

കാക്കനാട്: വ്യാജരേഖ കേസില്‍ തങ്ങള്‍ക്കെതിരെയുള്ള നിയമനടപടികള്‍ റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി മാര്‍ ജേക്കബ് മനത്തോടത്തും ഫാ. പോള്‍ തേലക്കാട്ടും നല്‍കിയ ഹര്‍ജി ഇന്ന് ബഹു. ഹൈക്കോടതി പരിഗണിക്കുകയുണ്ടായി. ഹര്‍ജിക്കാരുടെ ആവശ്യം കേള്‍ക്കുന്നതിനിടയില്‍ ബഹു. ജഡ്ജി വ്യാജരേഖ കേസ് ഒരു മധ്യസ്ഥനെ ഉള്‍പ്പെടുത്തി സമവായത്തില്‍ അവസാനിപ്പിക്കാനുള്ള സാധ്യത ആരായുകയും മധ്യസ്ഥനായി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ പേര് നിര്‍ദേശിക്കുകയും ചെയ്തു. വ്യാജരേഖ കേസ് സിനഡിനുവേണ്ടി ഫയല്‍ ചെയ്ത ബഹു. ജോബി മാപ്രകാവിലച്ചന്റെ വക്കീല്‍ ഇക്കാര്യം കക്ഷികളുമായി ആലോചിച്ച് തീരുമാനിക്കേണ്ടതാണെന്നും, കര്‍ദ്ദിനാളിനെതിരെ തല്‍പ്പരകക്ഷികള്‍ കൊടുത്തിരിക്കുന്ന മറ്റ് കേസുകള്‍  ഉണ്ടെന്നും കോടതിയെ അറിയിക്കുകയുണ്ടായി.
 
കോടതിയില്‍ നടന്ന ഈ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ വ്യാജരേഖ കേസ് പിന്‍വലിക്കുന്നതിന് തീരുമാനമായി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ജില്ലാ കോടതിയുടെ നിര്‍ദേശപ്രകാരം പ്രതികളുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയില്‍ ഇത്തരം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശപരമാണ്. വ്യാജരേഖകളുടെ ഉറവിടത്തിന്റെ നിജസ്ഥിതി കണ്ടെത്തേണ്ടതു തന്നെയാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുള്ളതായി തോന്നുന്നില്ല. 
 
വ്യാജരേഖ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സഭാ സിനഡിന്റെ തീരുമാന പ്രകാരമാകയാല്‍ സമവായത്തിനുള്ള ഏതൊരു നിര്‍ദേശവും പരിഗണിക്കുന്നത് സഭയുടെ ബന്ധപ്പെട്ട സമിതികളില്‍ നടത്തുന്ന കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്ന് മീഡിയ കമ്മീഷന്‍ അറിയിച്ചു.   
 
ഫാ. ആന്റണി തലച്ചെല്ലൂര്‍                                                                                                                             
സെക്രട്ടറി, മീഡിയാ കമ്മീഷന്‍     

Source: Media Commission

Attachments
Back to Top

Never miss an update from Syro-Malabar Church