‘മിസിസാഗാ’ വളരുന്നു…; എക്സാർക്കേറ്റിൽനിന്ന് എപ്പാർക്കിയിലേക്ക്!::Syro Malabar News Updates ‘മിസിസാഗാ’ വളരുന്നു…; എക്സാർക്കേറ്റിൽനിന്ന് എപ്പാർക്കിയിലേക്ക്!
25-May,2019

മിസിസാഗാ: കാനഡയിലെ സീറോ മലബാർ സഭാംഗങ്ങളുടെ ആത്മീയ, ഭൗതിക മുന്നേറ്റം ശക്തമാക്കാൻ നിയുക്തയായ ‘മിസിസാഗ’ ഇനി എക്‌സാർക്കേറ്റല്ല, എപ്പാർക്കിയാണ്! കേവലം നാലു വർഷംകൊണ്ട് കൈവരിച്ച അത്ഭുതാവഹമായ വളർച്ചയാണ് ‘എക്‌സാർക്കേറ്റ്’ എന്ന പദവിയിൽനിന്ന് ‘എപ്പാർക്കി’ എന്ന പദവിയിലേക്ക് ‘മിസിസാഗാ’ ഉയർത്തപ്പെടാൻ കാരണം.
 
എപ്പാർക്കി എന്നാൽ രൂപത എന്ന് അർത്ഥം. പ്രത്യേക സാഹചര്യത്തിൽ, സ്ഥാപിക്കുന്ന രൂപതാ സമാനമായ സംവിധാനമാണ് എക്‌സാർക്കേറ്റുകൾ. കാനഡയിലെ സീറോ മലബാർ സഭാംഗങ്ങൾക്കുവേണ്ടി 2015 ഓഗസ്റ്റ് ആറിനാണ് മിസിസാഗ കേന്ദ്രീകരിച്ച് സീറോ മലബാർ എക്‌സാർക്കേറ്റിന് ഫ്രാൻസിസ് പാപ്പ രൂപം കൊടുത്തത്. മാർ ജോസ് കല്ലുവേലിലിനെ ബിഷപ്പിന്റെ പദവിയോടെ എക്‌സാർക്കേറ്റ് അധ്യക്ഷനായും പാപ്പ നിയമിച്ചു.
 
നാല് വർഷങ്ങൾക്കിപ്പുറം മിസിസാഗാ എക്സാർക്കേറ്റിനെ രൂപതാപദവിയിലേക്ക് ഉയർത്തുന്നതോടെ, ഇന്ത്യക്കു പുറത്ത് സ്ഥാപിതമായ സീറോ മലബാർ രൂപതകളുടെ എണ്ണം നാലാകും. 2018 ഡിസംബർ 22നാണ് രൂപതയായി ഉയർത്തുന്ന പ്രഖ്യാപനം പാപ്പ നടത്തിയത്. ഇതുൾപ്പെടെ 36 രൂപതകളാണ് സീറോ മലബാർ സഭയ്ക്കുള്ളത്. തബാൽത്താ രൂപതയുടെ സ്ഥാനിക ബിഷപ്പും കാനഡായിലെ അപ്പസ്തോലിക് എക്സാർക്കുമായിരുന്ന മാർ ജോസ് കല്ലുവേലിലിനെ പ്രഥമ ബിഷപ്പായും പാപ്പ നിയമിച്ചു.
 
 
കാനഡയിലെ അജഗണങ്ങള്‍ക്കുവേണ്ടി: മിസിസാഗാ സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റ് അധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലിലിന്റെ മെത്രാഭിഷേക തിരുക്കര്‍മങ്ങളുടെ ഭാഗമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനചിഹ്‌നങ്ങളായ മുടിയും ദണ്ഡും നല്‍കുന്നു. പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, ചിക്കാഗോ സെന്റ് തോമസ് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് സമീപം
 
രൂപതയുടെ പദവി ഇല്ലാത്തതും എന്നാൽ രൂപതയോട് സമാനവുമായ സഭാഭരണ സംവിധാനമാണ് എക്സാർക്കേറ്റ്. വിശ്വാസികളുടെ എണ്ണം കൂടുകയും ഇടവകകൾ സ്ഥാപിക്കപ്പെടുകയും മറ്റ് സംവിധാനങ്ങൾ ക്രമീകരിക്കപ്പെടുകയും ചെയ്തു കഴിയുമ്പോഴാണ് എക്സാർക്കേറ്റ് രൂപതയായി ഉയർത്തപ്പെടുന്നത്. ഇപ്രകാരം കാനഡയിൽ സീറോ മലബാർ സഭയ്ക്ക് ഒരു രൂപതയുടെ സംവിധാനങ്ങളെല്ലാം ക്രമീകൃതമായി എന്നു ബോധ്യപ്പെട്ടതിന്റെ വെളിച്ചത്തിലാണ് പുതിയ രൂപത സ്ഥാപിതമായത്.
 
സ്ഥാനാരോഹണ തിരുക്കർമങ്ങളുടെ വിശദവിവരങ്ങൾ അറിയാൻ ക്ലിക്ക് ചെയ്യുക
കാനഡ മുഴുവൻ വ്യാപിച്ചുകിടക്കുന്ന പുതിയ രൂപതയിൽ ഒൻപതു പ്രോവിൻസുകളിലായി 12 ഇടവകകളും 34 മിഷൻ കേന്ദ്രങ്ങളും ഇരുപതിനായിരത്തോളം വിശ്വാസികളുമുണ്ട്. എക്സാർക്കി സ്ഥാപിതമായ സമയം രണ്ടു വൈദികർമാത്രമുണ്ടായിരുന്നിടത്ത് ഇപ്പോൾ 23 വൈദികരുണ്ട്. ഏഴ് പേർ വൈദിക പരിശീലനം നേടിക്കൊണ്ടിരിക്കുന്നു. മൂന്നു സന്യാസിനി സമൂഹങ്ങളിൽനിന്ന് 12 സിസ്റ്റഴ്സ് ഇവിടെ ശുശ്രൂഷ ചെയ്തു വരുന്നു. കത്തീഡ്രൽ ഉൾപ്പെടെ നാലു ദൈവാലയങ്ങളും രൂപതയ്ക്ക് സ്വന്തമായുണ്ട്.
 
ചിക്കാഗോ, മെൽബൺ, ഗ്രേറ്റ് ബ്രിട്ടൻ എന്നിവയാണ് ഭാരതത്തിന് വെളിയിലെ മറ്റു രൂപതകൾ.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church