സുവിശേഷപ്രഘോഷണം ദൈവകൃപയിലുള്ള പങ്കുചേരല്‍::Syro Malabar News Updates സുവിശേഷപ്രഘോഷണം ദൈവകൃപയിലുള്ള പങ്കുചേരല്‍
21-May,2019

വിദേശ മിഷനുകള്‍ക്കായുള്ള പൊന്തിഫിക്കല്‍ സ്ഥാപനത്തിന്‍റെ (Pontifical Institute for Foreign Missions) പൊതുസമ്മേളനത്തിലെ അംഗങ്ങള്‍ക്കു നല്കിയ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍.
 
170 വര്‍ഷങ്ങള്‍ പിന്നിടുന്ന “പീമേ” മിഷണറിമാര്‍
170 വര്‍ഷങ്ങള്‍ക്കുമുന്‍പ് ക്രിസ്തുവിനെക്കുറിച്ച് ഒട്ടും അറിവില്ലാതിരുന്ന വിദൂര നാടുകളില്‍ സുവിശേഷപ്രചാരണം നടത്തുന്നതിന് ഇറ്റലിയിലെ മിലാനില്‍ തുടക്കമിട്ട പ്രസ്ഥാനമാണ് “പീമേ” (PIME Pontificio Istitutio Missioni Esteri) എന്ന് പാപ്പാ അനുസ്മരിപ്പിച്ചു. സ്വതന്ത്രമായൊരു ജീവിതപാതയും പ്രവര്‍ത്തന ശൈലിയുമുള്ള വിദേശ മിഷനുകള്‍ക്കായുള്ള ഈ സമൂഹം, മറ്റു സന്ന്യസ്തരെപ്പോലെ വ്രതങ്ങള്‍ എടുക്കുന്നില്ലെങ്കിലും വിദൂരദേശങ്ങളില്‍ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കും സുവിശേഷപ്രഘോഷണത്തിനുമായി പ്രത്യേകം വിളിക്കപ്പെട്ടവരാണെന്ന് പാപ്പാ അനുസ്മരിച്ചു. ഈ സമൂഹത്തിന്‍റെ ചരിത്രത്തിലെ കാല്‍വയ്പുകളില്‍ സുവിശേഷത്തിനായി ജീവന്‍ സമര്‍പ്പിച്ച അനേകം രക്തസാക്ഷികളും വിശുദ്ധാത്മാക്കളും അന്യനാടുകളില്‍ ഉണ്ടായിട്ടുണ്ടെന്നും പാപ്പാ അനുസ്മരിച്ചു.
 
സഭ എന്നും പ്രഘോഷിക്കേണ്ട ദൈവപുത്രന്‍
ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് ക്രൈസ്തവര്‍. അതിനാല്‍ അവര്‍ക്കാര്‍ക്കും മൗനമായിരിക്കുക സാദ്ധ്യമല്ല. അവിടുന്നു രക്ഷകനാണെന്നും ജീവിക്കുന്ന ദൈവമാണെന്നും സകലരും പ്രഘോഷിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് പൗലോസ് അപ്പസ്തോലന്‍ പറഞ്ഞത്, “സുവിശേഷം പ്രഘോഷിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!” ക്രിസ്തു പ്രകാശവും സത്യവുമാണ്. അവിടുന്നു നമുക്ക് ആത്മീയ ഭോജനവും, ജീവന്‍റെ പാനീയവുമാണ്. ലോകത്തിന് അവിടുന്ന് ഇടയനും സംരക്ഷകനുമാണ്. നമ്മുടെ സഹായകനും സാന്ത്വനവുമാണ് അവിടുന്നു. അതിനാല്‍ അവിടുത്തേയ്ക്കുവേണ്ടി ജീവിക്കുന്നതിലും, അവിടുത്തെ പ്രഘോഷിക്കുന്നതിലും മാത്രമേ സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ത്ഥം കണ്ടെത്താനാവുകയുള്ളൂ. നസ്രായനായ ക്രിസ്തുവിന്‍റെ പ്രബോധനങ്ങളും, അവിടുത്തെ ജീവിതവും, വാഗ്ദാനങ്ങളും, ദൈവരാജ്യവും, ദൈവപുത്രസ്ഥാനവും സകലയിടങ്ങളിലും അറിഞ്ഞെങ്കില്‍ മാത്രമേ, സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് പ്രസക്തിയുണ്ടാവുകയുള്ളൂ (Pope Paul VI, EN, 22).
 
പ്രേഷിതപ്രവര്‍ത്തനം ദൈവകൃപയിലെ പങ്കുചേരല്‍
പൊന്തിഫിക്കല്‍ മിഷന്‍ സ്ഥാപനത്തിന്‍റെ (Pime) ആഴമായ തനിമയും, വിളിയും കൃപയുമാണ് സുവിശേഷവത്ക്കരണം. അത് ആരും ആര്‍ജ്ജിച്ചെടുത്തതല്ല, മറിച്ച് ദൈവകൃപയില്‍നിന്നും ലഭിക്കുന്നതാണ്. അതിന്‍റെ ആരംഭവും, പ്രവര്‍ത്തനവും ദൈവത്തില്‍നിന്നാണ്. അതിനാല്‍ ദൈവത്തിന്‍റെ ഈ പദ്ധതിയില്‍ വ്യക്തിപരമായി ഉള്‍ച്ചേരുകയും സമര്‍പ്പിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ, അവിടുത്തോടൊപ്പം ആയിരിക്കാനും, സുവിശേഷപ്രവര്‍ത്തകര്‍ ആയിത്തീരാനും സാധിക്കൂ! പാപ്പാ ഉദ്ബോധിപ്പിച്ചു.
 
നവീകരണത്തിന്‍റെ സൂത്രവാക്യം
വിദൂരനാടുകളിലുള്ള സുവിശേഷ ഉദ്യമത്തിനു ഈ പൊന്തിഫിക്കല്‍ സ്ഥാപനത്തെ പ്രേരിപ്പിച്ചത് പ്രേഷിതപ്രവര്‍ത്തനങ്ങളുടെ അനുപേക്ഷണീയതയാണ്. അതിനാല്‍ സുവിശേഷപ്രഘോഷണം എന്നും സമൂഹജീവിതത്തിന്‍റെ കേന്ദ്രമായിരിക്കണം! സുവിശേഷം പ്രഘോഷിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം, എന്ന പൗലോസ് അപ്പസ്തോലന്‍റെ വാക്കുകള്‍ നമുക്കെന്നും മാര്‍ഗ്ഗദീപമാവട്ടെ (1 കൊറി. 9, 16). സകല ജനതകളോടുമുള്ള സഭയുടെ സുവിശേഷദൗത്യത്തിന് ഈ വചനം സൂത്രവാക്യവുമാണ്. സഭാജീവിതത്തിന്‍റെ പ്രാഥമ്യം വെളിപ്പെടുത്തുന്ന വചനമാണിത്. സഭയുടെ വിളിയുടെയും,  ജീവിതതിരഞ്ഞെടുപ്പിന്‍റെയും,  മിഷന്‍ പ്രവര്‍ത്തനങ്ങളുടെയും, ക്രിസ്തുവില്‍ ഒരു സമൂഹമായി ജീവിക്കുന്നതിന്‍റെയും, PIME സഭയുടെ ഭാവി പ്രേഷിതപ്രവര്‍ത്തനങ്ങള്‍ നവീകരിക്കാനുമുള്ള മാനദണ്ഡമാവട്ടെ ഈ അപ്പസ്തോല വചനം, എന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ഉപസംഹരിച്ചത്.
 

Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church