വിശ്വാസ തീഷ്ണതയിൽ നോക്ക് തീർഥാടനം ::Syro Malabar News Updates വിശ്വാസ തീഷ്ണതയിൽ നോക്ക് തീർഥാടനം
21-May,2019

ഡബ്ലിൻ: പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്ന നോക്കിലേയ്ക്കുള്ള സീറോ മലബാർ സഭയുടെ തീർഥാടനം ഭക്തിനിർഭരമായി. റിപ്പബ്ലിക് ഓഫ് അയർലൻഡിലേയും നോർത്തേൺ അയർലൻഡിലേയും നാലു സോണുകളിലെ 43 കുർബാന സെന്‍ററുകളിലെ ആയിരക്കണക്കിനു വിശ്വാസികൾ തീർഥാടനത്തിൽ പങ്കെടുത്തു.
 
സീറോ മലബാർ സഭയുടെ യൂറോപ്പിലെ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്തിന്‍റെ മുഖ്യകാർമികത്വത്തിൽ നോക്ക് ബസലിക്കായിൽ വിശുദ്ധ കുർബാന അർപ്പണം നടന്നു. കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ‘ദിവ്യകാരുണ്യത്തിന്‍റെ സഭ’ എന്ന ചാക്രീയ ലേഖനം ഉദ്ധരിച്ചുകൊണ്ട് ഈശോ പരിശുദ്ധ സഭയ്ക്ക് നൽകിയ രണ്ട് സമ്മാനങ്ങളാണ് "ഇതു വാങ്ങി ഭക്ഷിക്കുവി'നെന്ന് പറഞ്ഞ് നൽകിയ പരിശുദ്ധ കുർബാനയും, "ഇതാ നിന്‍റെ അമ്മ' എന്നുപറഞ്ഞു നൽകിയ പരിശുദ്ധ അമ്മയും എന്ന് പിതാവ് ഓർമിപ്പിച്ചു. "കാനായിലെ കുറവുകളിലും, കാൽ വരിയിലെ കുരിശിലും' അമ്മയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു, നമ്മുടെ ജീവിതത്തിന്‍റെ കുറവുകളിലും വിഷമതകളിലും പരിശുദ്ധ അമ്മയുടെ സാന്നിധ്യം ഉണ്ട് എന്നബോധ്യമാണു ഒരു ക്രൈസ്തവനു ശക്തിപകരേണ്ടതെന്ന് പിതാവ് കൂട്ടിച്ചേർത്തു.
 
സീറോ മലബാർ സഭയുടെ അയർലൻഡ് കോഓർഡിനേറ്റർ മോൺ. ആന്‍റണി പെരുമായൻ, ആഗ്രാ രൂപതയിൽനിന്നുള്ള ഫാ. ജോർജ് മുളവരിക്കൽ, തീർത്ഥാടനത്തിന്‍റെ കോഓർഡിനേറ്റർ ഫാ. ജോസ് ഭരണികുളങ്ങര (ഗാൽവേ) ഡബ്ലിൻ സീറോ മലബാർ സഭയുടെ ചാപ്ലിന്മാരായ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടകാട്ട്, ലിമെറികിലെ സഭാ ചാപ്ലിൻ ഫാ. റോബിൻ തോമസ് കൂരുമുള്ളിൽ, ഫാ. റെജി ചെരുവങ്കാലായിൽ (ലോംഗ് ഫോർഡ്), ഫാ. പോൾ മോറേലി (ബെൽ ഫാസ്റ്റ്). ഫാ. പോൾ കോട്ടയ്ക്കൽ (സെന്‍റ് പോൾ കോൺഗ്രിഗേഷൻ, മൈനൂത്ത്) ഫാ. ഡേവിസ് വടക്കുമ്പൻ (നോക്ക്) തുടങ്ങിയവർ സംബന്ധിച്ചു.
 
ഓൾ അയർലൻഡ് തലത്തിൽ സ്കൂൾ ലീവിംഗ് സേർട്ട്, ജൂണിയർ സെർട് , GCSE -Northen Ireland പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
 
ജീവന്‍റെ മാഹാത്മ്യം പ്രഘോഷിച്ചുകൊണ്ട് അഞ്ച് കുട്ടികൾ അടങ്ങുന്ന ഡബ്ലിനിൽനിന്നുള്ള ബിനു കെ.പി. യുടെ കുടുംബത്തേയും ടോം വാണിയാപുരയ്ക്കലിന്‍റെ കുടുംബത്തേയും ചടങ്ങിൽ ആദരിച്ചു .
 
വിശുദ്ധ കുർബാനയ്ക്കു ശേഷം അയർലൻഡിലെ മണ്ണിൽ മാർതോമാ നസ്രാണി ക്രിസ്ത്യാനികളുടെ വിശ്വാസം പ്രഘോഷിച്ച്, കൊടികളും, പൊൻ, വെള്ളി കുരിശുകളും നൂറുകണക്കിനു മുത്തുകുടകളുമായി ആയിരക്കണക്കിനു വിശ്വാസികൾ പ്രദക്ഷിണത്തിൽ അണിനിരുന്നു. SMYM ടീഷർട്ട് ധരിച്ച് പതാകകളേന്തി യുവജനങ്ങളും സെറ്റു സാരിയും മരിയൻ പതാകകളുമായി മാതൃവേദി പ്രവർത്തകരും കൊടികളേന്തിയ കുട്ടികളും കേരള തനിമയിൽ മുണ്ടുടുത്ത് മുത്തുകുടകളുമായി പിതൃവേദി പ്രവർത്തകരും ആദ്യകുർബാന സ്വീകരച്ച വേഷത്തിൽ കുട്ടികളും പ്രദക്ഷിണത്തെ വർണാഭമാക്കി . കേരള സഭയുടെ എല്ലാ വിശുദ്ധരുടേയും തിരുസ്വരൂപങ്ങൾക്കൊപ്പം നോക്കിലെ മാതാവിന്‍റെ തിരുസ്വരൂപവും വഹിച്ചുകോണ്ട് ജപമാല ചൊല്ലി നോക്കിലെ ബസലിക്കായിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയത്തിൽ സമാപിച്ചു.
 
അയർലൻഡിലെ സീറോ മലബാർ സഭായോഗവും സോണൽ കമ്മിറ്റികളും കുർബാന സെന്‍ററുകളിലെ കമ്മിറ്റികളും തീർഥടന ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. 
 
അടുത്തവർഷത്തെ തീർത്ഥാടനം 2020 മേയ് 16 ന് (ശനി) നടക്കും.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church