പട്ടിണിയെ നിര്‍മ്മൂലമാക്കാന്‍ ഭക്ഷണം പാഴാക്കാതിരിക്കണം::Syro Malabar News Updates പട്ടിണിയെ നിര്‍മ്മൂലമാക്കാന്‍ ഭക്ഷണം പാഴാക്കാതിരിക്കണം
19-May,2019

മെയ് 18 ശനിയാഴ്ച, റോമിൽ വച്ച്  നടത്തിയ യൂറോപ്യൻ ഭക്ഷ്യ നിക്ഷേപ ഫെഡറേഷന്‍റെ  മുപ്പതാം വാർഷിക  സമ്മേളനത്തിന്‍റെ സമാപനത്തിലാണ് പാപ്പാ അവർക്ക് ഈ സന്ദേശം നൽകിയത്.

വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നവരുടെ പ്രവർത്തനങ്ങൾക്ക് നന്ദി അർപ്പിച്ച പാപ്പാ അവരുടെ പ്രവർത്തി ഒരു ഉപകാരം നൽകൽ മാത്രമല്ല സ്വാതന്ത്ര്യത്തിലേക്കുള്ള തുടക്കത്തിന്‍റെ പ്രകടമായ അടയാളമാണെന്നും, അവരിലേക്ക് നോക്കുമ്പോൾ ഒത്തിരി പേരുടെ നിശബ്ദമായ നിസ്വാർത്ഥ സമർപ്പണം അറിയുന്നുവെന്നും  പാപ്പാ  അറിയിച്ചു. പലപ്പോഴും മറ്റുള്ളവര്‍ക്ക് നൽകുന്നതിനേക്കാൾ അവരെ കുറിച്ച് സംസാരിക്കാനാണ് എളുപ്പമെന്ന് പറഞ്ഞ പാപ്പാ,പക്ഷേ നൽകുന്നതിലാണ് കാര്യമിരിക്കുന്നതെന്നും സൂചിപ്പിച്ചു. അവർ വാക്കുകൾ കൊണ്ടല്ല ജീവിതം കൊണ്ടാണ് ഇടപെടുന്നതെന്നും കാരണം അവരുടെ ഭക്ഷണം പാഴാക്കുന്നതിനെതിരെയുള്ള പ്രവർത്തനങ്ങൾ മരങ്ങൾ മാലിന്യം ശ്വസിച്ചു പ്രാണവായു പുറപ്പെടുവിക്കുന്നത്പോലെയാണെന്നും അവരെ ഓർമ്മിപ്പിച്ചു.

പട്ടിണി എന്ന ദുരന്തത്തിനെതിരെ പ്രവർത്തിക്കുകയെന്നാൽ ഭക്ഷണം പാഴാക്കുന്നതിനെതിരെയുള്ള യുദ്ധമാണ്.

 പാഴാക്കുക  എന്നാൽ വസ്തുക്കളോടും ഇല്ലാത്തവരോടും കാണിക്കുന്ന അലംഭാവമാണ്. യേശുനാഥൻ അപ്പം വിതരണം ചെയ്ത ശേഷം ബാക്കിയുള്ളത് ശേഖരിക്കാൻ ആവശ്യപ്പെട്ടു.  അത് വിതരണം ചെയ്യാനായി ശേഖരിച്ചുവയ്ക്കാൻ ആയിരുന്നു. ഭക്ഷണം വലിച്ചെറിയുക മനുഷ്യരെ വലിച്ചെറിയലാണെന്നും, ഇന്നും ഭക്ഷണം എത്ര അമൂല്യമെന്ന് തിരിച്ചറിയാത്തത് ഒരു ഉതപ്പാണെന്നും ഫ്രാൻസിസ് പാപ്പാ ഓർമിപ്പിച്ചു. 

നല്ലതിനെ പാഴാക്കൽ എല്ലാതലങ്ങളിലും, കാരുണ്യ പ്രവർത്തികളിൽ പോലും , നുഴഞ്ഞുകയറുന്ന ഒരു സ്വഭാവമാകാം. ഇന്നത്തെ സങ്കീർണ്ണമായ ലോകത്തിൽ നന്മ ചെയ്യുന്നതും, നന്നായി ചെയ്യേണ്ടതും അത്യാവശ്യമാണ്. അതിന് ബുദ്ധിയും ആസൂത്രണ മികവും പിന്തുടർച്ചയും സമഗ്രമായ കാഴ്ചപ്പാടും ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയുന്ന വ്യക്തികളെയും ഇന്ന് ആവശ്യമാണ് എന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ അപരനെ ഗൗനിക്കാതെ നന്മ ചെയ്യാൻ കഴിയില്ലെന്നും, ഭാഷകളും, വിശ്വാസങ്ങളും, പാരമ്പര്യങ്ങളും വ്യത്യസ്ഥ സമീപനരീതികളും സ്വന്തം താല്പര്യത്തിനായല്ല  മറ്റു വ്യക്തികളുടെ അന്തസ്സുയർത്തുന്നതിനായി ഒന്നിപ്പിക്കുന്നതിൽ സന്തോഷിക്കുന്നതാക​​ണമെന്നും പറഞ്ഞു.  

മറ്റുള്ളവരുമായി സഹാനുഭാവത്തോടെ ഒത്തുചേരണം

ഇന്നത്തെ തിരക്കു പിടിച്ച ലോകത്തിൽ കൂടുതൽ മാനുഷികവും, ആത്മാവുള്ളതുമായ ഒരു ധനവിനിമയം കാണാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞ പാപ്പാ ഒട്ടനേകം ജനങ്ങൾ തൊഴിലും ,അന്തസ്സും, പ്രതീക്ഷയും ഇല്ലാതെ കഴിയുമ്പോൾ മനുഷ്യത്വമില്ലാത്ത ഉല്പാദന അഭ്യർത്ഥനകൾ മനുഷ്യബന്ധങ്ങളെയും, കുടുംബങ്ങളെയും, വ്യക്തിജീവിതത്തെയും നശിപ്പിക്കുന്നുവെന്നും കുടുംബങ്ങളെ നോക്കിനടത്താൻ രൂപീകരിച്ച ധനവിനിമയ സംവിധാനം മനുഷ്യനെ സഹായിക്കുന്നതിന് പകരം അടിമകളാക്കുകയും യാഥാർത്ഥ്യങ്ങളിൽ നിന്ന് അകന്നുപോവുകയും നിയന്ത്രണാതീതമാകുകയും ചെയ്യുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

നന്മയെ പിന്തുണച്ചും മറ്റുള്ളവരുമായി സഹാനുഭാവത്തോടെ ഒത്തുചേർന്നും നമ്മൾ ഇതിന് ഒരു ചികിത്സ കണ്ടുപിടിക്കണമെന്ന് അഭ്യർത്ഥിച്ച പാപ്പാ നല്ലതിനായി മാറ്റം വരുത്താൻ ശ്രമിക്കുന്നവർക്ക് പിന്തുണ നൽകുകയും സാമൂഹികസമത്വവും, മനുഷ്യഅന്തസ്സും, കുടുംബബന്ധങ്ങളും, യുവാക്കളുടെ ഭാവിയും, പരിസ്ഥിതിയുടെ പരിഗണയും മുൻതൂക്കം നൽകുന്ന വളർച്ചയുടെ മാതൃക പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഇത് നമുക്ക് നേടിയെടുക്കാൻ സാധിക്കുന്നതെന്നും അറിയിച്ചു. ഒരിക്കൽ കൂടി അവർക്ക് നന്ദി അർപ്പിച്ച ഫ്രാൻസിസ് പാപ്പാ മുന്നോട്ടുപോകാൻ അവരെ ആഹ്വാനം ചെയ്യുകയും യുവാക്കളെയും, കണ്ടുമുട്ടുന്ന എല്ലാവരെയും നന്മ പകരുന്ന പ്രവർത്തനങ്ങളിൽ കൈകോർക്കാൻ ക്ഷണിക്കണമെന്നും ആഹ്വാനം ചെയ്തു.


Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church