അദ്ധ്യാപനം തൊഴിലല്ല ദൗത്യമാണ് : പാപ്പാ ഫ്രാന്‍സിസ്::Syro Malabar News Updates അദ്ധ്യാപനം തൊഴിലല്ല ദൗത്യമാണ് : പാപ്പാ ഫ്രാന്‍സിസ്
18-May,2019

വിദ്യാഭ്യാസ പ്രവര്‍ത്തനം പ്രേഷിതദൗത്യമായി സ്വീകരിച്ചിട്ടുള്ള “ലസാലിയന്‍സ്” സന്ന്യാസസമൂഹത്തിനു നല്കിയ സന്ദേശത്തിന്‍റെ പ്രസക്തഭാഗം.
 
“ലസാലിയന്‍സു”മായി പാപ്പാ ഫ്രാന്‍സിസിന്‍റെ നേര്‍ക്കാഴ്ച
 
മെയ് 16- Ɔ൦ തിയതി വ്യാഴാഴ്ച വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ സന്ന്യാസ സമൂഹമായ ക്രിസ്ത്യന്‍ സഹോദരങ്ങളെ (Congregation of Christian Brothers) അല്ലെങ്കില്‍ “ലസാലിയന്‍സി”നെ (Lasallians) വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന സമൂഹത്തിന്‍റെ സ്ഥാപകനായ വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റ് ലാ സാലെയുടെ ചരമത്തിന്‍റെ മൂന്നാം ശതാബ്ദി നാളിലാണ് പാപ്പാ സമൂഹത്തെ ഇങ്ങനെ അഭിസംബോധനചെയ്തത്.
 
 അദ്ധ്യാപനത്തെ ജീവിതദൗത്യമായി ഉള്‍ക്കൊള്ളുന്നവര്‍
തന്‍റെ ജീവിതത്തില്‍ അനുദിനം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി ഏറെ പ്രവര്‍ത്തിച്ച വിശുദ്ധ ജോണ്‍ സാലെ അദ്ധ്യാപകരെ വ്യത്യസ്തമായി കണ്ടു എന്നതാണ് അദ്ദേഹത്തിന്‍റെ തനിമയാര്‍ന്ന ആത്മീയതയുടെയും സിദ്ധിയുടെയും പൊരുള്‍. വിദ്യാലയം വളരെ ഗൗരവകരമായൊരു യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. അതില്‍ സേവനംചെയ്യുന്നവരെ വേണ്ടുവോളം ഒരുക്കുകയും കരുപ്പിടിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യാമാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രമവും ചിട്ടയും വേണമെന്നും, ബുദ്ധിപരമായി മാത്രമല്ല, മനോഭാവത്തിലും സ്വതസിദ്ധമായ കഴിവിലും വിദ്യാഭ്യാസത്തോട് അഭിരുചിയുള്ളവര്‍ മാത്രമേ ഈ മേഖലയിലേയ്ക്ക് കടന്നുവരാവൂ എന്നും അദ്ദേഹം നിഷ്ക്കര്‍ഷിച്ചു. ഒരു തൊഴില്‍ മാത്രമായി അദ്ധ്യാപനത്തെ കാണാതെ, അതിനെ ജീവിതദൗത്യമായി സ്വീകരിക്കുന്നവരെയാണ് വിശുദ്ധ ജോണ്‍ സാലെ സ്ഥാപിച്ച സഭയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തകരായി അദ്ദേഹം സ്വീകരിച്ചിരുന്നത്. അതിനായി തന്‍റെ സഭയിലെ അംഗങ്ങള്‍ വൈദികരായിരിക്കണമെന്നല്ല, നല്ല അല്‍മായരായി ജീവിക്കണമെന്നും, അവരെ അതിനായി രൂപപ്പെടുത്തണമെന്നും അദ്ദേഹം ആഗ്രഹിച്ചു.
 
വിദ്യാഭ്യാസ വിചക്ഷണന്‍
അദ്ധ്യാപനത്തിന്‍റെ യാഥാര്‍ത്ഥ്യം അനിതരസാധാരണമെന്ന് വിശുദ്ധ സാലെ വിശ്വസിച്ചു. അതിനായി അര്‍പ്പിതരായവരെയും, കഴിവും ക്രിയാത്മകതയുമുള്ളവരെയും മാത്രം അദ്ദേഹം തിരഞ്ഞെടുത്തു. വിദ്യാലയങ്ങള്‍ സകലര്‍ക്കുമായി തുറക്കപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിച്ചു, പ്രത്യേകിച്ച് പാവങ്ങള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കുംവേണ്ടി...! പഠിക്കാന്‍ കഴിവു കുറഞ്ഞവരെ ക്രിസ്ത്യന്‍ സ്കൂളുകളുടെ ക്ലാസ്സ്മുറിയില്‍നിന്നും മാറ്റിനിര്‍ത്തുകയോ, ശിക്ഷിക്കുകയോ ചെയ്തില്ല, മറിച്ച് അവര്‍ക്കായി ക്രിയാത്മകമായ കൈപ്പണികളും തൊഴിലും കൂട്ടിയിണക്കിയ നവമായ ശിക്ഷണ രീതി വിശുദ്ധ ജോണ്‍ സാലെ തുടങ്ങിവച്ചു. അങ്ങനെവിദ്യാഭ്യാസ മേഖലയില്‍ നവോത്ഥാനത്തിന്‍റെ സംസ്കാരത്തിന് തുടക്കമിട്ട വിചക്ഷണനായിരുന്നു വിശുദ്ധ ജോണ്‍ സാലെയെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.
 
ദിവ്യഗുരുവായ ക്രിസ്തുവിനെ അനുകരിച്ച്
ദിവ്യഗുരുവായ ക്രിസ്തുവിനെ അടുത്ത് അനുഗമിച്ചുകൊണ്ട്, നിഷേധാത്മകമായ ഇന്നിന്‍റെ മരണസംസ്കാരത്തെ  (culture of death) മറികടക്കുകയും, വിദ്യഭ്യാസ മേഖലയില്‍ പിന്‍തള്ളപ്പെട്ട പാവങ്ങള്‍ക്കും പിന്നോക്കക്കാര്‍ക്കും അറിവിന്‍റെ പ്രത്യാശ പകര്‍ന്നുകൊടുക്കുകയും ചെയ്ത മഹാത്യാഗിയായിരുന്നു വിശുദ്ധ സാലെ. സുവിശേഷ പ്രഘോഷണം ഇങ്ങനെ കാലികമായും നവമായും വ്യാഖ്യാനിച്ച വിശുദ്ധന്‍റെ ആത്മീയത ഇന്നും അനുകരണീയമെന്നു പാപ്പാ വിശേഷിപ്പിച്ചു.
 
ഉപസംഹാരം
സഭയുടെ പ്രവര്‍ത്തനങ്ങളെ ജനങ്ങളുടെ മൗലികമായ വിദ്യാഭ്യാസ നിയോഗവും, അവരുടെ അടിസ്ഥാന അവകാശമായും മനസ്സിലാക്കി കാലികമായി അവ നവീകരിക്കാനും, സഭാപ്രവര്‍ത്തനങ്ങളെ നവോത്ഥരിക്കാനും സ്ഥാപകനായ വിശുദ്ധ ജോണ്‍ സാലെയുടെ മൂന്നാം ശതാബ്ദിനാളില്‍ ക്രിസ്ത്യന്‍ ബ്രദേഴ്സിനു സാധിക്കട്ടെ, എന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.
 
നന്ദിയോടെ ലസാലിയന്‍ സമൂഹം
ക്രിസ്ത്യന്‍ സ്കൂളുകളുടെ സഹോദരങ്ങള്‍ സഭാസമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറള്‍, ഫാദര്‍ റോബര്‍ട് ഷിയേലര്‍ പാപ്പായുടെ പ്രഭാഷണത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദിയര്‍പ്പിച്ചു.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church