ദൈവകൃപയിലൂടെ രക്ഷ ::Syro Malabar News Updates ദൈവകൃപയിലൂടെ രക്ഷ
17-May,2019

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ രണ്ടാം അദ്ധ്യായത്തിലെ 52-53 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തിനം.
 
അപ്പോസ്തോലിക പ്രബോധനം
 
അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.
 
രണ്ടാം അദ്ധ്യായം:
 
വിശുദ്ധിയുടെ വഴിയില്‍ നാം അഭിമുഖികരിക്കേണ്ടി വരുന്ന രണ്ടു ശത്രുക്കളാണ് “ഗ്നോസ്റ്റിസിസം” (Gnosticism),”പെലേജിയനിസം” (Pelagianism) എന്ന പാഷാണ്ഡതകള്‍. ഈ രണ്ടു പാഷണ്ഡതകളെയും സൂക്ഷിക്കാൻ പാപ്പാ നിർദ്ദേശിക്കുന്നു. എല്ലാം അറിയാമെന്ന ചിന്തയും, കരുണയില്ലാതെ നിയമങ്ങളിൽ മുറുകെ പിടിച്ചു നില്‍ക്കുന്ന മനോഭാവവും വിശുദ്ധിയുടെ മാർഗ്ഗത്തെ വിദൂരത്തിലാക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.
 
അവഗണിക്കപ്പെടുന്ന സഭാ പ്രബോധനങ്ങൾ
 
52. നമ്മുടെ സ്വന്തം പ്രവൃത്തികളോ,പരിശ്രമങ്ങളോ കൊണ്ടല്ല, പ്രത്യുത എപ്പോഴും മുൻകൈയെടുക്കുന്ന കർത്താവിന്‍റെ കൃപ കൊണ്ടാണ് നാം നീതീകരിക്കപ്പെടുന്നത് എന്ന് തിരുസഭ ആവർത്തിച്ചു പഠിപ്പിച്ചിട്ടുണ്ട്. വിശുദ്ധ അഗസ്റ്റിന് മുമ്പ് തന്നെ തിരുസഭാ പിതാക്കന്മാർ ഈ മൗലിക വിശ്വാസം സ്പഷ്ടമായി പ്രകടമാക്കിയിട്ടുണ്ട്. നാം പോരാട്ടത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് തന്നെ അവിടുത്തെ എല്ലാ ദാനങ്ങളുടെയും ഉറവിടം ദൈവം നമ്മിലേക്ക് ചൊരിയുന്നതിനായി വിശുദ്ധ ജോണ്‍ ക്രിസോസ്തോം പറഞ്ഞു. വിശ്വാസികൾ മഹത്വപ്പെടുന്നത് ദൈവത്തിൽ മാത്രമാണെന്നും എന്തെന്നാൽ “അവർക്ക് യഥാർത്ഥ നീതിയുടെ അഭാവമുണ്ടെന്നും ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ  മാത്രമാണ് അവർ നീതീകരിക്കപ്പെടുന്നതെന്നും അവർ മനസ്സിലാക്കുന്നുവെന്ന്” മഹാനായ ബേസില്‍ അഭിപ്രായപ്പെട്ടു.
 
ഇതും വായിക്കുക
  കൃപ നമ്മെ അമാനുഷരാക്കുന്നില്ല 
09/05/2019
കൃപ നമ്മെ അമാനുഷരാക്കുന്നില്ല
ദൈവജനം മഹത്വപ്പെടുന്നത് ദൈവകൃപയിലൂടെ മാത്രമാണ്
“ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന അപ്പോസ്തോലിക പ്രബോധനത്തിൽ ഫ്രാൻസിസ് പാപ്പാ ഊന്നിപ്പറയുന്നത് ദൈവത്തിന്‍റെ കൃപയിലൂടെയാണ് നാമോരോരുത്തരും നീതീകരിക്കപ്പെടുന്നതെന്നാണ്.‍ വിശുദ്ധ അഗസ്റ്റിന്‍റെ കാലഘട്ടത്തിനു മുൻപ് തന്നെ മൗലികവിശ്വാസം സഭയിൽ ഉണ്ടായിരുന്നവെന്ന് വ്യക്തമാക്കുന്ന പാപ്പാ ദൈവജനം മഹത്വപ്പെടുന്നത് ദൈവകൃപയിലൂടെ മാത്രമാണെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു. വിശുദ്ധ യോഹന്നാന്‍റെ  സുവിശേഷം 17 ആം അദ്ധ്യായത്തിൽ 1-5 വരെയുള്ള ഭാഗങ്ങളിൽ നാം ഇങ്ങനെ വായിക്കുന്നു.
 
1.”പിതാവേ സമയമായിരിക്കുന്നു.പുത്രൻ അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിന്  പുത്രനെ അങ്ങ് മഹത്വപ്പെടുത്തേണമെ.
2. എന്തെന്നാൽ അവിടുന്ന് അവൻ നൽകിയിട്ടുള്ളവർക്കെല്ലാം അവൻ നിത്യജീവൻ നൽകേണ്ടതിന് എല്ലാവരുടെയും മേൽ അവനു അവിടുന്ന് അധികാരം നൽകിയിരിക്കുന്നുവല്ലോ.
3.ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ.
 
4.അവിടുന്ന് എന്നെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കി കൊണ്ട് ഭൂമിയിൽ അവിടുത്തെ ഞാൻ മഹത്വപ്പെടുത്തി.
 
5.ആകയാല്‍ പിതാവേ ലോകസൃഷ്ടിക്ക് മുമ്പ് എനിക്ക് അവിടുത്തോടു കൂടെയുണ്ടായിരുന്ന മഹത്വത്താൽ ഇപ്പോൾ അവിടുത്തെ സന്നിധിയിൽ എന്നെ മഹത്വപ്പെടുത്ത​ണമെ”.
 
ദൈവപുത്രനായ ക്രിസ്തുവിനെ പോലും ദൈവമാണ് മഹത്വപ്പെടുത്തുന്നത്. ഈ സത്യത്തെയാണ് തിരുസഭ പഠിപ്പിക്കുന്നത്. എന്നാൽ സഭയുടെ പ്രബോധനങ്ങളെ വിസ്മരിക്കുകയാണ് ആധുനിക  പെലേജിയനിസത്തിന്‍റെ അനുയായികൾ. ദൈവത്തെ കൂടാതെ നമുക്ക് മഹത്വമില്ല,രക്ഷയുമില്ല. നമ്മുടെ അനുദിന ജീവിതത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളെയും ധ്യാനപൂര്‍വ്വം സമീപിക്കുമ്പോൾ ദൈവത്തിന്‍റെ കരുണയും, ദയയും കൂടാതെ നമുക്ക് ഒരിക്കലും മഹത്വം കൈവരിക്കുവാൻ കഴിയുകയില്ല എന്ന് വ്യക്തമായി മനസ്സിലാക്കുവാൻ കഴിയും. കൃപ വർദ്ധിച്ചതനുസരിച്ച് പാപവും വർധിച്ചുവെന്ന് വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നതുപോലെ ദൈവത്തിന്‍റെ മഹത്വം വെളിപ്പെടുന്നതനുസരിച്ച് തിന്മയുടെ ശക്തിയും പ്രബലപ്പെടും. അത് ജ്ഞാനത്തിന്‍റെയോ, ആദർശങ്ങളുടെയോ പലേ ജിയനിസം പോലെയുള്ള പാഷാണ്ഡതകളുടെ രൂപത്തിലോ ആകാം.
 ഈ തിന്മയിൽ നിന്നും നമ്മെ സംരക്ഷിക്കുന്ന ആയുധമാണ് സഭാ പ്രബോധനങ്ങൾ. സഭാ പ്രബോധനങ്ങളെ കുറിച്ചുള്ള അറിവും, വിശ്വാസവും നമ്മെ അപകടങ്ങളിൽ നിന്നും സംരക്ഷിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. നാം നയിക്കുന്ന ജീവിതരീതിയാണ് നമ്മെ രക്ഷിക്കുന്നതെന്ന് പഠിപ്പിക്കുന്ന പെലേജിയനിസം എന്ന പാഷാണ്ഡത ദൈവകൃപ കൂടാതെ നമുക്ക് രക്ഷ പ്രാപിക്കാനാവില്ലായെന്ന സഭാ പ്രബോധനത്തെ എതിര്‍ക്കുന്നു. ദൈവം നൽകുന്ന കൃപയും ജ്ഞാനവും സ്വീകരിച്ച് ആധുനിക മനുഷ്യൻ ലോകത്തിൽ നവീനതകളെ സൃഷ്ടിക്കുമ്പോൾ ദൈവകൃപ കൂടാതെ എല്ലാം സാധ്യമാകുമെന്ന വിശ്വാസം മനുഷ്യന്‍റെ വളർച്ചയെയും, വികസനത്തെയും അപകടത്തിലാക്കുന്നതാണെന്ന് നാം മനസ്സിലാക്കണം. ദൈവമാണ് രക്ഷ നൽകുന്നതെന്ന വിശ്വാസത്തിൽ വ്യതിചലിക്കാതിരിക്കാൻ പാപ്പാ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
 
ശുദ്ധീകരിക്കപ്പെടാനുള്ള ആഗ്രഹം പോലും നല്‍കുന്നത് പരിശുദ്ധാത്മാവാണ്
53. ഇന്ന് മാനുഷികമായ ഒന്നിനും ദൈവകൃപയുടെ ദാനം ആവശ്യപ്പെടാനോ അര്‍ഹതപ്പെടാനോ വാങ്ങാനോ കഴിയുകയില്ലെന്നും അതുമായുള്ള എല്ലാ സഹകരണവും അതേ കൃപയുടെ മുൻകൂട്ടിയുള്ള ഒരു ദാനമാണെന്നും ഓറഞ്ചിലെ രണ്ടാമത്തെ സിനഡ് ദൃഢമായ അധികാരത്തോടു കൂടി പഠിപ്പിച്ചു. "ശുദ്ധീകരിക്കപ്പെടാനുള്ള ആഗ്രഹം പോലും നമ്മിലേക്ക് വരുന്നത് പരിശുദ്ധാത്മാവിന്‍റെ ആഗമനത്തിലും, പ്രവർത്തനത്തിലൂടെയുമാണ്". പിന്നീട് ത്രെന്തോസ് സൂനഹദോസ് ആത്മീയ വളർച്ചയ്ക്കായുള്ള നമ്മുടെ സഹകരണത്തിന് പ്രാധാന്യം എടുത്തു പറഞ്ഞു കൊണ്ട് സൈദ്ധാന്തികമായ ആ പ്രബോധനം ദൃഢമായി ആവർത്തിച്ച പ്രസ്താവിച്ചു. "സൗജന്യമായി നാം നീതികരിക്കപ്പെടുന്നുവെന്ന് പറയപ്പെടുന്നു. എന്തെന്നാല്‍, നീതികരണത്തിനു മുമ്പുള്ള യാതൊന്നും വിശ്വാസമോ പ്രവൃത്തികളോ നീതികരണത്തിന്‍റെ കൃപയ്ക്ക് അധിഷ്ഠിതമല്ല; എന്നാൽ ‘അത് കൃപയലാണെങ്കിൽ പ്രവർത്തികളിൽ അധിഷ്ഠിതമല്ല. അത് കൃപയാലല്ലെങ്കില്‍ ഒരിക്കലും കൃപ ആയിരിക്കുകയില്ല"  (റോമ.11:6)
ശുദ്ധീകരിക്കപ്പെടുവാനുള്ള ആഗ്രഹം പോലും നമ്മിലേക്ക് വരുന്നത് പരിശുദ്ധാത്മാവിന്‍റെ ആഗമനത്തിലും പ്രവർത്തനത്തിലും കൂടെയാണ്. ദൈവകൃപ കൂടാതെ നമുക്ക് നിലനിൽപ്പില്ല  എന്ന് പാപ്പാ ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന അപ്പോസ്തോലിക പ്രബോധനത്തിൽ സ്പഷ്ടമായി വ്യാഖ്യാനിക്കുന്നു. നന്മ പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം പോലും നമ്മില്‍ ജനിക്കുന്നത് പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനത്തിലാണ്. ദൈവത്തെ മാറ്റിനിറുത്തി കൊണ്ടുള്ള ഒരു ചിന്ത പോലും നമ്മുടെ ജീവിതത്തിലുണ്ടാകരുതെന്നും ദൈവം അറിയാതെ ഒന്നും സംഭവിക്കുകയില്ലെന്നും ഈ പ്രബോധനത്തിലൂടെ പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു. മാനുഷികമായ നമ്മുടെ കഴിവുകൾ കൊണ്ട് നേടിയെടുക്കാൻ കഴിയുന്നതല്ല ദൈവത്തിന്‍റെ കൃപയും, കൃപ വഴി നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളും. സൗജന്യമായി നാം നീതീകരിക്കപ്പെടുന്നു എന്ന് പറയപ്പെടുന്നു. നമ്മെ പൂർണ്ണമായി അറിയുന്നവനും, മനസ്സിലാക്കുന്നവനും ദൈവമാണ്. നമ്മുടെ കുറവുകൾ ദൈവം മറച്ചുപിടിക്കുന്നില്ലെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ നമുക്ക് ഒരിക്കലും നമ്മെ ശ്രേഷ്ഠരായി വെളിപ്പെടുത്തുവാനോ സമൂഹം നമുക്ക് നൽകുന്ന പരിഗണനയും, അംഗീകാരവും സ്വീകരിക്കുവാനോ കഴിയുകയില്ല. കാരണം ദൈവത്തിന്‍റെ കരുണയുടെ മുന്നിൽ നമ്മുടെ കറകൾ മറയ്ക്കപ്പെട്ടിരിക്കുന്നു. ദൈവകൃപയുടെ മുന്നിൽ നിൽക്കാൻ ഒന്നിനും അർഹതയില്ല. കാരണം ദൈവകൃപ മനുഷ്യൻ പാലിക്കുന്ന വിശുദ്ധിക്കും അതീതമായി നിലകൊള്ളുന്നു. അതുകൊണ്ടാണ് സങ്കീർത്തകൻ 8:4 ല്‍ ഇങ്ങനെ പറയുന്നത്;
 
“അവിടുത്തെ ചിന്തയിൽ വരാൻ മാത്രം മര്‍ത്യന് എന്ത് മേന്മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാൻ മനുഷ്യപുത്രന് എന്ത് അർഹതയാണു ള്ളത്?”
ദൈവകൃപകൂടാതെ രക്ഷ സാധ്യമല്ല
 
ദൈവകൃപയാൽ രക്ഷപെടേണ്ട നമുക്ക് ഒരിക്കലും സ്വന്തം കഴിവിൽ അഹങ്കരിക്കാനാവില്ല. ദൈവം തന്ന താലന്തുകളെ ദൈവരാജ്യത്തെ പ്രതി, നമുക്ക് നൽകപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളിലൂടെ വിനയത്തോടെ നിറവേറ്റുമ്പോഴാണ് ദൈവത്തിന്‍റെ കൃപയുടെ അനുഭവം നമുക്ക് സ്വന്തമാക്കുവാൻ കഴിയുന്നത്. ദൈവകൃപ സ്വീകരിച്ച വ്യക്തികളെ നമുക്ക് സമൂഹത്തിൽ തിരിച്ചറിയുവാനും കഴിയും. ദൈവകൃപയിൽ ജീവിക്കുന്ന വ്യക്തികള്‍ക്ക് മാത്രമേ മറ്റുള്ളവരും ദൈവത്തിന്‍റെ കൃപ സ്വീകരിച്ച വ്യക്തികളായി സ്വീകരിക്കുവാനും, പരിഗണിക്കുവാനും കഴിയുകയുള്ളു.
 
സ്വന്തം പ്രവർത്തികളിൽ അഹങ്കരിക്കുന്ന മറ്റുള്ളവരുടെ താലന്തുകളെ വർദ്ധിപ്പിക്കുവാനുള്ള സാധ്യതകളെ കപടത കൊണ്ടും. അഹംഭാവം കൊണ്ടും നിരാകരിക്കുന്ന വ്യക്തികളെ നാം കണ്ടുമുട്ടിയേക്കാം. ഒരുപക്ഷേ നാം അത്തരത്തിലുള്ള സ്വഭാവങ്ങളില്‍ ജീവിക്കുന്നവരുമാകാം. അങ്ങനെയെങ്കിൽ നാമും ആധുനിക പലേജിയനിസത്തിന്‍റെ അനുയായികളായി മാറുകയാണ്. ദൈവകൃപയെ വിസ്മരിച്ച് സ്വന്തം കർമ്മങ്ങളിലൂടെ രക്ഷനേടാൻ പരിശ്രമിക്കുമ്പോൾ നാമും പലേജിയനിസം എന്ന പാഷാണ്ഡതയുടെ അടിമകളാണെന്ന് തിരിച്ചറിഞ്ഞ്  സഭാ പ്രബോധനങ്ങൾക്കനുസരിച്ച് ദൈവകൃപയില്‍ ആശ്രയിച്ച് ജീവിക്കുവാനുള്ള ആഹ്വാനമാണ് ഫ്രാന്‍സിസ് പാപ്പാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന അപ്പോസ്തോലിക പ്രബോധനത്തിലൂടെ നൽകുന്നത്. 
 

Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church