കോട്ടയം: കരുണയുടെ ക്രിസ്തുദാസൻ ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കൽ മുൻകൈയെടുത്തു പാലാ പരമനക്കുന്നിലെ ചെറിയ ഭവനത്തിൽ പത്ത് അർഥിനികളുമായി തുടക്കമിട്ട കൂട്ടായ്മ അനുപമ ശുശ്രൂഷയുടെ അൻപതാം വർഷത്തിൽ. ഓരോ കിടക്കയും ഓരോ അൾത്താരയാണെന്നും അവിടെ പരിചരിക്കപ്പെടുന്നത് ഒരു ക്രിസ്തുവാണെന്നും ജീവിതത്തിലൂടെ തെളിയിച്ച കൈപ്പൻപ്ലാക്കലച്ചനെന്ന നല്ല സമറായൻ ഈ കൂട്ടായ്മയ്ക്ക് സ്നേഹഗിരി മിഷനറി സിസ്റ്റേഴസ് എന്നു പേരു നൽകി. പർവതത്തോളം ഉയരത്തിൽ സ്നേഹം ജ്വലിപ്പിക്കാൻ 1969 മേയ് 24ന് പാലായിൽ തെളിച്ച ദീപം ഇന്ന് അറുന്നൂറിലേറെ കൈകളിലേക്കു പകർത്തപ്പെട്ട പ്രകാശഗോപുരമായി വളർന്നിരിക്കുന്നു.
പാലായിലെ വഴികളിൽ കിടന്ന മരണാസന്നരെ താങ്ങിയെടുത്ത് ഉന്തുവണ്ടിയിൽ കിടത്തി സ്വന്തം ഭവനമായ ദൈവദാനിലേക്കു കൊണ്ടുപോവുകയും ഈ കരവലയത്തിൽ ഭാഗ്യമരണം പ്രാപിച്ചവരുടെ ഭൗതികശരീരം കൈവണ്ടിയിൽ തള്ളി ശ്മശാനത്തിലേക്കു പോവുകയും ചെയ്തിരുന്ന ആ പുണ്യത്മാവിനെ കാലം മറന്നിട്ടില്ല. ഒരുരുള ചോറിനുവേണ്ടി എച്ചിലിലകളിൽ നായകളോടു പൊരുതിയ അനാഥക്കുട്ടിയെ ഉള്ളംകൈയിൽ ഉമ്മവച്ച് കരൂരിലെ ബോയ്സ് ടൗണിലേക്ക് ആനയിച്ച ആ പഴയ കാലത്ത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു യേശുവിനായി ജീവിതം സമർപ്പിക്കപ്പെട്ട സഹോദരിമാരുടെ ഒരു കൂട്ടായ്മയ്ക്കു രൂപം നൽകുകയെന്നത്.
ഉപേക്ഷിക്കപ്പെട്ടവരെയും അപേക്ഷിക്കുന്നവരെയും ക്രിസ്തുവിനായി ശുശ്രൂഷിക്കാൻ താൽപര്യമുള്ള സഹോദരിമാർക്ക് സ്വാഗതം എന്ന പേരിൽ അച്ചൻ സത്യദീപത്തിലും ദീപനാളത്തിലും നൽകിയ കുറിപ്പു ദൈവവിളിയായി ഉൾക്കൊണ്ടു പത്തു പെണ്കുട്ടികൾ കടന്നുവന്നു. സ്നേഹത്തിൽ ശൂന്യവത്കരിക്കപ്പെടാൻ 50 വർഷം മുൻപ് തീരുമാനമെടുത്തു വന്ന കൂട്ടായ്മയാണ് സ്നേഹഗിരി സന്യാസിനീ സമൂഹമായി കാവിയുടുപ്പിനു മുകളിൽ ക്രൂശിത രൂപമണിഞ്ഞത്. ആദ്യഅർഥിനികളെ തിരുഹൃദയ സഭാംഗങ്ങളാണ് പരമനക്കുനിലെ ഭവനത്തിൽ സന്യാസം പരിശീലിപ്പിച്ചത്.
ക്രിസ്തുവിനായി സമർപ്പിക്കപ്പെട്ട ആ സന്യാസിനിമാർ 1971ൽ പ്രഥമവ്രതം സ്വീകരിച്ചപ്പോൾ അവർക്കെല്ലാം കൈപ്പൻപ്ലാക്കലച്ചൻ ഭാരതീയ നാമങ്ങളാണു സമ്മാനിച്ചത്. പ്രഥമ സമൂഹത്തിലെ സിസ്റ്റർ വിമല, സിസ്റ്റർ കരുണ, സിസ്റ്റർ കർമല, സിസ്റ്റർ നിർമല, സിസ്റ്റർ അനില, സിസ്റ്റർ പുഷ്പ, സിസ്റ്റർ സുഷമ, സിസ്റ്റർ പ്രസന്ന എന്നിവർ ഇപ്പോഴും വിവിധ ഭവനങ്ങളിലായി ശുശ്രൂഷ തുടരുന്നു.
സ്നേഹഗിരിയിലെ ആദ്യ അംഗവും മുൻ മദർ സുപ്പീരിയറുമായിരുന്ന സിസ്റ്റർ വിമല ഓർമിക്കുന്നു. ’ചെറിയൊരു തുടക്കമായിരുന്നു അതെങ്കിലും ശുശ്രൂഷയുടെ ആഴങ്ങളിലേക്ക് നയിച്ചത് ആത്മീയ പിതാവായിരുന്ന കൈപ്പൻപ്ലാക്കൽ അച്ചനായിരുന്നു. മരുന്നും ഭക്ഷണവും മാത്രമല്ല അതിലേറെ അളവിൽ സ്നേഹവും കരുതലും നൽകുന്പോൾ മാത്രമെ യേശുവിലുള്ള ശുശ്രൂഷ അർഥവത്താകുവെന്ന് ആ വലിയ മിഷനറി പഠിപ്പിച്ചു.
വാരിക്കൊടുത്തും കുളിപ്പിച്ചും ഉടുപ്പിച്ചും അനാഥർക്കൊപ്പം ജീവിച്ച ആ വിശുദ്ധ ജീവിതമാണ് സ്നേഹഗിരിയുടെ ചൈതന്യം. നാം ഇറങ്ങിത്തിരിച്ചിരിക്കുന്നതും ക്രിസ്തു നമ്മെ വിളിച്ചിരിക്കുന്നതും ഇവർക്കായി ജീവിതം സമർപ്പിക്കാനാണെന്ന് അദ്ദേഹം ആവർത്തിച്ചുകൊണ്ടിരുന്നു. തിരുഹൃദയ സന്യാസിനീ സഭയുടെ സഹകരണവും നന്ദിയോടെ സ്മരിക്കുന്നു.
കാലപ്രയാണത്തിൽ സ്നേഹഗിരി സമൂഹത്തിലേക്ക് പ്രഷിതചൈതന്യമുള്ള ഒട്ടേറെ സഹോദരിമാർ കടന്നുവന്നുകൊണ്ടിരുന്നു. പരസ്പരം ആദരിച്ചും അംഗീകരിച്ചും സ്നേഹത്തിൽ ഒന്നായ സന്യാസിനികളുടെ ക്ലേശകരമായ സേവനത്തിൽ അയ്യായിരം കുട്ടികളെയും മൂവായിരത്തിലേറെ അനാഥരെയും സനാഥരാക്കിയിരിക്കുന്നു.
വിവിധ സംസ്ഥാനങ്ങളിലും ഇറ്റലി, ജർമനി, പോർച്ചുഗൽ രാജ്യങ്ങളിലുമായി 108 ശുശ്രൂഷാഭവനങ്ങൾ സ്ഥാപിച്ച് സ്നേഹഗിരി സേവനം അർപ്പിക്കുന്നതായി അസിസ്റ്റന്റ് ജനറാൾ സിസ്റ്റർ കാർമൽ ജിയോ പറഞ്ഞു.
കരൂർ ബോയ്സ് ടൗണിലും കൊഴുവനാൽ ഗേൾസ് ടൗണിലും ദൈവദാൻ ഭവനത്തിലും ഈ ആർദ്രസ്നേഹത്തെ എല്ലാ മതസ്തരും ആദരവോടെ നോക്കിക്കാണുന്നു. സ്വത്തും കരുതലുമല്ല ദൈവപരിപാലനയും ഉദാരമതികൾ നൽകുന്ന ചെറിയ ഉപഹാരങ്ങളുമാണ് ഇവരുടെ സേവനങ്ങളുടെ ഭൗതികമായ പിൻബലം.
സ്വന്തം ആഘോഷങ്ങളിലും വിശേഷങ്ങളിലും ഏറെപ്പേർ അവരുടെ സദ്യപ്പാത്രങ്ങളിൽനിന്ന് ഒരു നേരത്തെ ഭക്ഷണവുമായി അനാഥരുടെ മുന്നിലേക്കു കടന്നുവരുന്നു.
101 വർഷത്തെ പുണ്യജീവിതം പൂർത്തിയാക്കി നാലു വർഷം മുൻപ് സ്വർഗം പൂകിയ ഏബ്രഹാം കൈപ്പൻപ്ലാക്കലച്ചന്റെ ഒാർമകൾക്കു മുന്നിൽ നന്ദിയോടെ സ്നേഹഗിരി സഹോദരിമാർ സേവനചൈതന്യത്തിൽ കൂടുതൽ ആഴപ്പെടുകയാണ് ഈ ജൂബിലി വർഷത്തിൽ.
Cannot connect to Ginger Check your internet connection
or reload the browser