സഭയെ സ്നേഹിക്കുന്നെങ്കിൽ ക്രമക്കേടുകൾ തിരുത്തണം; ആരും നിയമത്തിന് അതീതരല്ലെന്നും തിരുസംഘം::Syro Malabar News Updates സഭയെ സ്നേഹിക്കുന്നെങ്കിൽ ക്രമക്കേടുകൾ തിരുത്തണം; ആരും നിയമത്തിന് അതീതരല്ലെന്നും തിരുസംഘം
15-May,2019

വത്തിക്കാൻ സിറ്റി: സഭയെ സ്നേഹിക്കുന്നെങ്കിൽ സഭയിലെ ക്രമക്കേടുകൾ ഉത്തരവാദിത്ത്വപ്പെട്ടവർ അധികാരികളെ അറിയിക്കേണ്ടതും തിരുത്തേണ്ടതുമാണെന്ന് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ ഓർമപ്പെടുത്തൽ. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് ‘നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്’ എന്ന പേരിൽ ഫ്രാൻസിസ് പാപ്പ സഭാധികാരികൾക്കായി പ്രസിദ്ധപ്പെടുത്തിയ ‘മോട്ടു പ്രോപ്പിയോ’യെ (സ്വാധികാര പ്രബോധനം) സംബന്ധിച്ച് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് തിരുസംഘം സെക്രട്ടറി ആർച്ച്ബിഷപ്പ് ചാൾസ് ഷിക്ലീന ഇപ്രകാരം പറഞ്ഞത്.
 
”മറ്റേതു ക്രമക്കേടുകൾ പോലെ സഭയിലുണ്ടാകുന്ന ലൈംഗികമായുള്ള ക്രമമക്കേടുകൾ ഉത്തരവാദിത്ത്വപ്പെട്ടവർ അധികാരികളെ അറിയിക്കണം. അതിക്രമങ്ങളെക്കുറിച്ച് അറിയിക്കുന്നത് സുരക്ഷിതത്ത്വവുമാണ്. ഇരകളായവരെ ശ്രവിക്കാനും അവരെ സഹായിക്കാനും സഭയ്ക്ക് കടമയുണ്ടെന്ന് ഇരകളായവർ അറിയണം, അല്ലെങ്കിൽ അറിയിക്കണം,” ആർച്ച്ബിഷപ്പ് ഷിക്ലീന പാപ്പായുടെ പ്രബോധനത്തിൻറെ വെളിച്ചത്തിൽ വ്യക്തമാക്കി.
 
ആരും നിയമത്തിനു മുകളിലല്ല. ബിഷപ്പോ ആർച്ച്ബിഷപ്പോ വൈദികനോ ആരുമാവട്ടെ, സഹോദര ബിഷപ്പിനോടോ സ്ഥലത്തെ അപ്പസ്തോലിക സ്ഥാനപതിയോടോ തന്നെക്കുറിച്ചുള്ള വിവരമോ, തനിക്കു ലഭിച്ച വിവരമോ അറിയിക്കാൻ കടപ്പെട്ടിരിക്കുന്നു. അവിടെയൊന്നും സാധിച്ചില്ലെങ്കിൽ പരിശുദ്ധ സിംഹാസനത്തെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church