വിശ്വാസവെല്ലുവിളികളെ അതിജീവിക്കുവാന്‍ കുടുംബങ്ങള്‍ ഉണരണം: മാര്‍ മാത്യു അറയ്ക്കല്‍::Syro Malabar News Updates വിശ്വാസവെല്ലുവിളികളെ അതിജീവിക്കുവാന്‍ കുടുംബങ്ങള്‍ ഉണരണം: മാര്‍ മാത്യു അറയ്ക്കല്‍
13-May,2019

കാഞ്ഞിരപ്പള്ളി : സഭയുടെ അടിസ്ഥാനഘടകമാണ് കുടുംബങ്ങളെന്നും നിസ്സാരകാരണങ്ങളുടെ പേരില്‍ കുടുംബബന്ധങ്ങള്‍ തകരാന്‍ അനുവദിക്കരുതെന്നും വിശ്വാവെല്ലുവിളികളെ അതിജീവിക്കുവാന്‍ കുടുംബങ്ങള്‍ ഉണരണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പ്പത്തിമൂന്നാം രൂപതാദിനാഘോഷങ്ങള്‍ കൂവപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്ന കുടുംബങ്ങളാണ് എക്കാലവും സഭയുടെ ശക്തിസ്രോതസ്സ്. സാമൂഹ്യ വിദ്യാഭ്യാസ ആരോഗ്യ രംഗത്ത് തനതായ സംഭാവനകള്‍ നല്‍കുന്നതിന് നമുക്ക് സാധിച്ചുവെന്നത് വിസ്മരിക്കാനാവാത്തതാണ്. അര്‍പ്പണബോധമുള്ള വൈദികരും സന്യസ്തരും അല്മായരും ഒന്നുചേര്‍ന്നപ്പോള്‍ അസാധ്യമെന്നുകരുതിയ പലതും സാധ്യമായെന്നും ഉദ്ഘാടനസന്ദേശത്തില്‍ മാര്‍ അറയ്ക്കല്‍ പറഞ്ഞു.  
വികാരി ജനറാള്‍ റവ.ഫാ.ജോര്‍ജ് ആലുങ്കലിന്‍റെ നേതൃത്വത്തില്‍ ഖൂഥാആ പ്രാര്‍ത്ഥയോടെ ആരംഭിച്ച സമ്മേളനത്തില്‍ ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ വിശ്വാസവും ജാഗ്രതയും കൂട്ടായ്മയും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഐക്യമില്ലായ്മയാണ് സഭയിലെ ഇന്നത്തെ ഏറ്റവും വലിയ പരാജയമെന്നും ഒന്നിച്ചുനിന്ന് സഭയുടെ സ്വത്വബോധത്തെ പൊതുസമൂഹത്തില്‍ പ്രതിഫലിപ്പിക്കണമെന്നും മാര്‍ തോമസ് തറയില്‍ സൂചിപ്പിച്ചു. മികച്ച കുടുംബകൂട്ടായ്മകളുള്ള ഇടവകകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡുകളും ട്രോഫികളും  സെന്‍റ് ഡോമിനിക്സ്  ചര്‍ച്ച് ആലംപള്ളി, മേരിമാതാ ഫൊറോന ചര്‍ച്ച് പത്തനംതിട്ട, സെന്‍റ് ആന്‍റണീസ് ചര്‍ച്ച് തരകനാട്ടുകുന്ന്, സെന്‍റ് മേരീസ് ചര്‍ച്ച്  ആനിക്കാട് എന്നീ ഇടവകകള്‍ക്ക് മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ വിതരണം ചെയ്തു. കൂവപ്പള്ളി സെന്‍റ് ജോസഫ്സ് ചര്‍ച്ച് ഗായകസംഘം കൂട്ടായ്മാഗാനം ആലപിച്ചു. സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സമാപനസന്ദേശം നല്‍കി. രൂപത വികാരി ജനറാള്‍ ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍ സ്വാഗതവും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവ.വി.സി.സെബാസ്റ്റ്യന്‍ കൃതജ്ഞതയും പറഞ്ഞു. 
കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് മൂന്ന് പുതിയ ഫൊറോനകളും പ്രവാസി അപ്പസ്തോലേറ്റും
കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് വെളിച്ചിയാനി, പാലപ്ര, മാങ്ങാപ്പാറ, പൊടിമറ്റം, ഇടക്കുന്നം, ഇഞ്ചിയാനി, ജോണ്‍പോള്‍ നഗര്‍, കാരികുളം, പൂമറ്റം, പാലമ്പ്ര എന്നീ ഇടവകള്‍ ഉള്‍ക്കൊള്ളുന്ന വെളിച്ചിയാനി ഫൊറോന, പെരുവന്താനം, അമലഗിരി, അഴങ്ങാട്, ചെറുവള്ളിക്കുളം, ഏലപ്പാറ, കണയങ്കവയല്‍, മേലോരം, മുറിഞ്ഞപുഴ, നല്ലതണ്ണി, പീരുമേട്, പുറക്കയം, കുട്ടിക്കാനം എന്നീ ഇടവകകളെ ഉള്‍പ്പെടുത്തി പെരുവന്താനം ഫൊറോന, മുണ്ടിയെരുമ, അന്യാര്‍തൊളു, ചേമ്പളം, ചോറ്റുപാറ, നിര്‍മ്മലാപുരം, പാമ്പാടുംപാറ, പുളിയന്മല, രാമക്കല്‍മേട്, സന്യാസിയോട, തേര്‍ഡ് ക്യാമ്പ് എന്നീ ഇടവകള്‍ ചേര്‍ത്ത് മുണ്ടിയെരുമ ഫൊറോന എന്നിങ്ങനെ മൂന്ന് പുതിയ ഫൊറോനകള്‍. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയില്‍ 10 ഫൊറോനകളാണ് നിലവിലുള്ളത്. ഇടവകകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവുമൂലം ഭരണനിര്‍വ്വഹണം കൂടുതല്‍ സജീവമാക്കാനാണ് പുതിയ ഫൊറോനകള്‍ ആരംഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വികാരിജനറാളും ചാന്‍സിലറുമായ റവ.ഡോ.കുര്യന്‍ താമരശ്ശേരി നിര്‍വ്വഹിച്ചു.
കാഞ്ഞിരപ്പള്ളി രൂപത പ്രവാസി അപ്പസ്തോലേറ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ നടത്തി. രൂപതയ്ക്ക് പുറത്ത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലും പഠിക്കുകയും ജോലി ചെയ്യുകയും വസിക്കുകയും ചെയ്യുന്നവരുടെയും പ്രവാസജീവിതത്തിനുശേഷം മടങ്ങിവന്നിരിക്കുന്നവരുമായ രൂപതാംഗങ്ങളുടെ കൂട്ടായ്മയാണ് പ്രവാസി അപ്പസ്തോലേറ്റ്. മാറുന്ന സാമൂഹ്യ വ്യവസ്ഥിതികളുടെയും ആഗോളവത്കരണത്തിന്‍റെയും ഭാഗമായി ജോലി, പഠന സാധ്യതകള്‍ തേടി ഇന്നത്തെ തലമുറ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേയ്ക്കും വിവിധ രാജ്യങ്ങളിലേയ്ക്കും കുടിയേറുന്നത് ശക്തമാകുമ്പോള്‍ അവര്‍ക്ക് സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുക അപ്പസ്തോലേറ്റ് ലക്ഷ്യമിടുന്നു. പ്രവാസ ജീവിതത്തിനുശേഷം മടങ്ങിവന്നിരിക്കുന്നവരുടെ പ്രവര്‍ത്തനപരിചയവും വൈദഗ്ദ്ധ്യവും പരമാവധി ഉപയോഗപ്പെടുത്തുവാനും രാജ്യാന്തരതലത്തിലുള്ള കൂടുതല്‍ അറിവുകളും സാധ്യതകളും പങ്കുവയ്ക്കുവാനും തൊഴില്‍ അവസരങ്ങള്‍, കാര്‍ഷിക കുടിയേറ്റങ്ങള്‍, നിയമപ്രശ്നങ്ങള്‍ ഇവയെക്കുറിച്ചെല്ലാം അറിയുവാനും അപ്പസ്തോലേറ്റ് അവസരം നല്‍കും. വിവിധ വിദേശരാജ്യങ്ങളില്‍ നമ്മുടെ നാടിന്‍റെ വിനോദസഞ്ചാര സാധ്യകള്‍ ഉയര്‍ത്തിക്കാട്ടി  കാര്‍ഷികപ്രതിസന്ധിയെ അതിജീവിച്ച് വരുമാനസാധ്യതകള്‍ കണ്ടെത്തുവാന്‍ പ്രവാസി അപ്പസ്തോലേറ്റിലൂടെ അവസരമൊരുങ്ങുമെന്നും മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു.  

Source: Kanjirapally Diocese

Attachments
Back to Top

Never miss an update from Syro-Malabar Church