മൂവാറ്റുപുഴ: കാർമൽ പ്രൊവിൻസ് രജത ജൂബിലി വർഷാചരണത്തിനു സമാപനമായി. സമാപന പൊതുസമ്മേളനം സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിനു മുന്പു നടന്ന സമൂഹബലിക്കു മാർ ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. സിഎംഐ സഭ നൽകി വരുന്ന സാമൂഹ്യ സേവനങ്ങൾ സഭയ്ക്കു സഹായകമാണെന്നും സമർപ്പിതരുടെ ജീവിതം സഭയ്ക്കു പൊതുവായ തുണയാണെന്നും കർദിനാൾ പറഞ്ഞു.
എക്കാലത്തെയും പോലെ സഭ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണെങ്കിലും അവ അതിജീവിക്കുകയാണെന്നും കർദിനാൾ ഓർമിപ്പിച്ചു. സിഎംഐ സഭ പ്രിയോർ ജനറാൾ ഫാ. പോൾ ആച്ചാണ്ടി അധ്യക്ഷത വഹിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി കുര്യൻ ജോസഫ് മുഖ്യപ്രഭാഷണവും ജൂബിലി വർഷത്തിൽ പ്രൊവിൻസ് നിർമിച്ചു നൽകുന്ന 25 വീടുകളുടെ താക്കോൽ ദാനവും നിർവഹിച്ചു.
25 നഴ്സിംഗ് വിദ്യാർഥികൾക്കുളള സ്കോളർഷിപ് വിതരണവും അനുഗ്രഹ പ്രഭാഷണവും മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാർ ജൂലിയോസ് നിർവഹിച്ചു. 400 വിദ്യാർഥികൾക്കുളള ചാവറ സ്കോളർഷിപ്പ് വിതരണം എൽദോഏബ്രഹാം എംഎൽഎ നിർവഹിച്ചു. ജയിൽ മിനിസ്ട്രി പ്രോജക്ട് ഉദ്ഘാടനം മോൺ. ജോസ് പ്ലാച്ചിക്കലും ഗോ ഗ്രീൻ പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം ഫാ. ജോസ് കുര്യേടത്തും നിർവഹിച്ചു.
വിവാഹ സഹായ വിതരണം ഇടുക്കി സിഎംസി പ്രൊവിൻഷ്യാൾ സിസ്റ്റർ ആനി പോൾ നിർവഹിച്ചു. ജൂബിലി സ്മരണിക പ്രകാശനവും ചടങ്ങിൽ നടത്തി. പ്രൊവിൻഷ്യാൾ ഫാ. പോൾ പാറക്കാട്ടേൽ, ഫാ. ടോമി നമ്പ്യാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.