‘ഈലോക വൈറസ്’: നേരിടാനുള്ള മാർഗം പങ്കുവെച്ച് പേപ്പൽ ഉപദേശകൻ ::Syro Malabar News Updates ‘ഈലോക വൈറസ്’: നേരിടാനുള്ള മാർഗം പങ്കുവെച്ച് പേപ്പൽ ഉപദേശകൻ
16-April,2019

വത്തിക്കാൻ സിറ്റി: ഈ ലോകത്തിന്റെ ആത്മാവ് കംപ്യൂട്ടറിനെ ബാധിക്കുന്ന വൈറസിന് തുല്യമാണെന്നും അത് ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ദൈവവചനത്തെ ആത്മീയ ആയുധമാക്കണമെന്നും ഫാ. റെനീറോ കന്താലമെസ. ഫ്രാൻസിസ് പാപ്പയുടെ ആത്മീയ ഉപദേശകനും ധ്യാനഗുരുവുമായ ഫാ. കന്താലമെസ, ‘ശാലോം വേൾഡ്’ ടി.വിക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പങ്കുവെച്ചത്.
 
‘വിശുദ്ധ പൗലോസ് അപ്പസ്‌തോലൻ ‘ഈ ലോകത്തിന്റെ ആത്മാവിനെ’ക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇക്കാലഘട്ടത്തിൽ അക്ഷരാർത്ഥത്തിൽ ശരിയാണത്. സുവിശേഷത്തിൽനിന്ന് തികച്ചും വ്യത്യസ്തമായ ലോകത്തിന്റെ കാഴ്ചപ്പാടുകളാണവ. ദൈവത്തിന് സ്ഥാനമല്ലെങ്കിൽ ആത്മാവിനും സ്ഥാനമില്ല. മാനുഷികമൂല്യങ്ങൾക്കും സത്യസന്ധതയ്ക്കും സൗഹൃദത്തിനും സ്വാതന്ത്ര്യത്തിനുമൊന്നും സ്ഥാനമില്ലാതാകും.
 
‘കംപ്യൂട്ടറുകളിൽ പ്രവേശിക്കുന്ന വൈറസ് പോലെയാണ് അത്. ഒരു വ്യക്തിയുടെ സർവകാര്യങ്ങളും മാറ്റിമറിക്കാൻ ലോകത്തിന്റെ ആത്മാവിന് സാധിക്കും. ഇത്തരത്തിലുള്ളവർക്ക് യാതൊന്നും ദൈവവചനത്തിലൂടെ അഭിമുഖീകരിക്കാൻ സാധിക്കില്ല, മറിച്ച് ലോകത്തിന്റെ കണ്ണിലൂടെയെ കാണാനാകൂ. പണമായിരിക്കും സുപ്രധാനം. പണത്തിനുവേണ്ടിയുളള സമരമാണ് ലോകമെങ്ങും നടക്കുന്നതും,’ ഈ ലോകത്തിന്റെ ആത്മാവ് സൃഷ്ടിക്കുന്ന അപകടം ഫാ. കന്താലമെസ അക്കമിട്ടുനിരത്തി.
 
ലോകം മുഴുവൻ വ്യാപിക്കുന്ന ഈ ‘രോഗാവസ്ഥ’യിൽനിന്നുള്ള മോചന മാർഗമായാണ്, ദൈവവചന പാരായണത്തിനും വചനാധിഷ്~ിത ജീവിതത്തിനും നൽകേണ്ട പ്രാധാന്യം അദ്ദേഹം വ്യക്തമാക്കിയത്: ‘ദൈവവചനത്തോട് ചേർന്നുനിന്നും ദൈവവചനത്തിൽ വളരുകയും ചെയ്യുമ്പോൾ തിന്മയുടെ ശക്തികളിൽനിന്ന് സ്വയം വിശുദ്ധീകരിക്കപ്പെടാൻ സാധിക്കും. ദിനവും ബൈബിൾ വായിക്കുന്നതിലൂടെ നാം ക്രിസ്തുവിനെ തന്നെയാണ് ജീവിതത്തിൽ സ്വായത്തമാക്കുന്നത്. ദൈവവചനം സ്വീകരിക്കുന്നത് ശീലമാക്കുമ്പോൾ ഒരു ശക്തിക്കും ഒരു തിന്മയ്ക്കും നമ്മെ കീഴ്പ്പെടുത്താനാവില്ല. മാത്രമല്ല ഒരുവന്റെ ജീവിതപരിവർത്തനവും അപ്പോൾ മാത്രമേ സാധ്യമാവൂ, അപ്പോൾ മാത്രമേ ക്രിസ്തുവിനെ സ്വീകരിക്കാനും കഴിയൂ,’ അദ്ദേഹം കൂട്ടിച്ചേർത്തു.
 
B.B.C, E.W.T.N ഉൾപ്പെടെയുള്ള ടി.വി ചാനലുകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രമുഖ പത്രപ്രവർത്തകൻ ഡേവിഡ് കെർ ആണ് അഭിമുഖം നടത്തിയിരിക്കുന്നത്. സ്കോട്ലൻഡിലെ എഡിൻബറോ അതിരൂപതയുടെ പ്രസ് സെക്രട്ടറിയാണിപ്പോൾ ഡേവിഡ്. അഭിമുഖത്തിന്റെ പൂർണരൂപം ഈസ്റ്റർ ദിനത്തിൽ ‘ശാലോം വേൾഡി’ൽ കാണാം.
 

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church