രക്തസാക്ഷികളായ ഒന്‍പത് സെമിനാരി വിദ്യാര്‍ത്ഥികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു ::Syro Malabar News Updates രക്തസാക്ഷികളായ ഒന്‍പത് സെമിനാരി വിദ്യാര്‍ത്ഥികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു
16-April,2019

ഒവെയിദോ (സ്‌പെയിന്‍): മറ്റെല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും മുകളിലാണ് ക്രിസ്തുവിനോടുള്ള സ്‌നേഹത്തിന്റെ തിരഞ്ഞെടുപ്പ് എന്നതിന്റെ സാക്ഷ്യമാണ് സ്‌പെയിനില്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട ഒന്‍പത് സെമിനാരി വിദ്യാര്‍ത്ഥികളുടെ ജീവിതമെന്ന് കര്‍ദിനാള്‍ ആഞ്ചലോ ബെക്യു. 1934-നും 1937-നുമിടയില്‍ സ്‌പെയിനില്‍ രക്തസാക്ഷിത്വം വരിച്ച ഒന്‍പത് സെമിനാരി വിദ്യാര്‍ത്ഥികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലാണ് വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘം പ്രീഫെക്ട് ഇക്കാര്യം വ്യക്തമാക്കിയത്. ആഞ്ചലോ, മരിയാനോ, ജീസസ്, സീസര്‍ ഗൊണ്‍സാലോ, ജോസ് മരിയ, ജുവാന്‍ ജോസ്, മാനുവല്‍, സിക്‌സ്റ്റോ, ലൂയിസ് എന്നീ സെമിനാരി വിദ്യാര്‍ത്ഥികളെയാണ് മാര്‍ച്ച് ഒന്‍പതിന് നടന്ന ചടങ്ങില്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.
 
സെമിനാരി വിദ്യാര്‍ത്ഥികളുടെ സാക്ഷ്യം മഹത്തരമാണെന്ന് കര്‍ദിനാള്‍ പറഞ്ഞു. പ്രതിസന്ധികളുടെ മധ്യത്തില്‍ അവര്‍ ഒളിച്ചോടിയില്ല. അവര്‍ ക്രിസ്തുവിനോടുള്ള വിശ്വസ്തത തിരഞ്ഞെടുത്തു. രക്തസാക്ഷികളായ ഈ സെമിനാരി വിദ്യാര്‍ത്ഥികളുടെ സന്ദേശം സഭയോടും യൂറോപ്പിനോടും ഇന്ന് സംസാരിക്കുന്നു. ക്രിസ്തുവിനോടുള്ള വിശ്വസ്തതയില്‍ കേന്ദ്രീകൃതമായ ജീവിതം മരണത്തിലേക്ക് നയിക്കാമെന്ന് ഇവര്‍ ഓര്‍മിപ്പിക്കുന്നു. മനഃസാക്ഷിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ സാധ്യമല്ലെന്ന് ഇവര്‍ നമ്മെ പഠിപ്പിക്കുന്നു.
 
മനുഷ്യന്റെ അധികാരത്തിന് ദൈവത്തിന്റെ ആധിപത്യത്തെ എതിര്‍ക്കാനാവില്ലെന്ന് ഇവരുടെ ജീവിതങ്ങള്‍ സാക്ഷ്യം നല്‍കുന്നു. ഇവരുടെ ജീവിതവിശുദ്ധിയിലൂടെ പൗരോഹിത്യം പ്രശോഭിക്കുകയാണ് ചെയ്യുന്നത്. ഒവെയിദോയിലെ രക്തസാക്ഷികളെപ്പോലെ വിശുദ്ധരായ സെമിനാരി വിദ്യാര്‍ത്ഥികളെയും വൈദികരെയും സന്യസ്തരെയും സഭക്കിന്ന് ആവശ്യമുണ്ട്.
 
യേശുവിനു വേണ്ടി മരിക്കുക എന്നുള്ളത് ചിലര്‍ക്ക് മാത്രം ലഭിക്കുന്ന ഒരു സമ്മാനമാണെന്നും എന്നാല്‍ യേശുവിന് വേണ്ടി ജീവിക്കുക എന്നുള്ളത് എല്ലാവര്‍ക്കുമുള്ള വിളിയാണെന്നും ഈ സെമിനാരി വിദ്യര്‍ത്ഥികള്‍ ഓര്‍മിപ്പിക്കുന്നതായി കര്‍ദിനാള്‍ പറഞ്ഞു. 1930-കളില്‍ അരങ്ങേറിയ സ്പാനിഷ് സിവില്‍ യുദ്ധത്തില്‍ 6800 വൈദികരും സന്യസ്തരും കൊല്ലപ്പെട്ടിരുന്നു.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church