ആത്മീയത ആഘോഷമല്ല, അനുഭവമാകണം: ഓശാന തിരുനാളിൽ പാപ്പയുടെ ആഹ്വാനം::Syro Malabar News Updates ആത്മീയത ആഘോഷമല്ല, അനുഭവമാകണം: ഓശാന തിരുനാളിൽ പാപ്പയുടെ ആഹ്വാനം
15-April,2019

വത്തിക്കാൻ സിറ്റി: ആത്മീയത ആഘോഷമാക്കാതെ അനുഭവിക്കുകയാണ് വേണ്ടതെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. നമ്മുടെ പാപങ്ങൾക്കുവേണ്ടി കുരിശിലേറി സ്വയം അപമാനിതനായികൊണ്ട് പകർന്നുതന്ന ആത്മീയതയാണിതെന്നും പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന ഓശാന തിരുക്കർമ്മങ്ങളിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലിയിൽ നിരവധി കർദിനാൾമാരും വൈദികരും പങ്കെടുത്തു. ഓശാന ഗീതങ്ങളുടെ അകമ്പടിയോടെ ഫ്രാൻസിസ് പാപ്പക്കൊപ്പം കർദ്ദിനാൾമാരും വൈദികരും തീർത്ഥാടകരായ വിശ്വാസികളും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ചുറ്റും ഭക്തിനിർഭരമായ പ്രദക്ഷിണവും നടത്തി.
 
ഓശാന ഞായറിലൂടെ വിശുദ്ധ വാരത്തിലേയ്ക്ക് പ്രവേശിച്ചതോടെ ജീവിതത്തിന്റെ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാമെന്നാണ് ഈശോ നമ്മെ പഠിപ്പിക്കുന്നത്. പ്രലോഭനങ്ങളിൽ ഉൾപ്പെടാതെ മനസ്സിനെ സമാധാനപരമായി ക്രമീകരിക്കാനും ഈശോ പഠിപ്പിക്കുന്നുണ്ട്. അങ്ങനെ നമ്മെ ഒരുക്കുന്നതുവഴി തന്റെ ജീവനും കരുണയും നമുക്ക് പകർന്നുനൽകുക തന്നെയാണ് ഈശോ ചെയ്തത്. അതുകൊണ്ടുതന്നെ കുരിശിനോട് യുദ്ധം ചെയ്യുകയല്ല വേണ്ടത്. ഒന്നുകിൽ നിങ്ങൾക്ക് അതിനെ ചേർത്ത് പിടിക്കാം അല്ലെങ്കിൽ വേണ്ടെന്നു വയ്ക്കുക തന്നെ ചെയ്യാമെന്നും പാപ്പ പറഞ്ഞു.
 
കുറുക്കുവഴികളിലൂടെയും തെറ്റായ വിട്ടുവീഴ്ചകളിലൂടെയും ലക്ഷ്യം കൈവരിക്കാൻ കഴിയും. എന്നാൽ അവയൊന്നും കുരിശിനോട് ചേർത്ത് വെയ്ക്കാൻ കഴിയില്ല. കർത്താവ് വിജയം നേടിയതോ വിജയാഘോഷങ്ങൾ നടത്തിയതോ അങ്ങനെ ആയിരുന്നുമില്ല. പ്രലോഭനങ്ങളെ അതിജീവിച്ച് സ്വയം പരിത്യജിച്ച് വിനയാന്വിതനായികൊണ്ട് കുരിശു വിജയം വരിച്ചവനാണ് നമ്മുടെ തമ്പുരാൻ. ഇന്ന് സഭ നേരിടുന്ന എറ്റവും വലിയ വെല്ലുവിളിയും പ്രലോഭനങ്ങളെ അതിജീവിക്കലാണ്.
 
കടുത്ത പീഡകൾ അനുഭവിച്ചപ്പോഴും ദുസ്സഹമായ വേദനകൾ ഏറ്റെടുത്തപ്പോഴും ഈശോ മൗനം ഭജിക്കുകയായിരുന്നു. എന്തുകൊണ്ടെന്നാൽ ഇത്തരം സാഹചര്യങ്ങളിൽ മൗനത്തിന് വലിയ ശക്തിയുണ്ടെന്നും പാപ്പ പറഞ്ഞു. ഇത്തരം ഘട്ടങ്ങളിൽ ധൈര്യം അവലംബിക്കാനും ഈശോയെപോലെ മൗനമായിരിക്കണം നമ്മുടെ ആയുധം. നമ്മുടെ ആപത്ത് ഘട്ടങ്ങളിൽ പരിശുദ്ധ അമ്മയുടെ സംരക്ഷണം ഉറപ്പാണെന്നും പാപ്പ കൂട്ടിച്ചേർത്തു.
 
എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ് ചില്ലകൾ കൈകളിലേന്തി വിശ്വാസീസമൂഹം വരവേറ്റതിന്റെ ഓർമ്മ പുതുക്കികൊണ്ടാണ് കത്തോലിക്കാ സഭ ഓശാന തിരുനാൾ ആചരിക്കുന്നത്. ക്രൈസ്തവ വിശ്വാസം ഏറെ ആഘോഷിക്കപ്പെടുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിച്ച ഓശാന ഞായർ കർമ്മങ്ങളിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് തീർത്ഥാടകരാണ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുചേർന്നത്.
 

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church