ഭാരത പര്യടനം: വീണ്ടും ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ::Syro Malabar News Updates ഭാരത പര്യടനം: വീണ്ടും ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ
14-April,2019

ഭാരത പര്യടനം: വീണ്ടും ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: ഭാരതം സന്ദർശിക്കാനുള്ള ആഗ്രഹം വീണ്ടും പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഇക്കഴിഞ്ഞ ദിവസം പാപ്പയുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയ സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയോടാണ് തന്റെ ആഗ്രഹം വീണ്ടും പാപ്പ ആവർത്തിച്ചത്. മാർ തോമ്മാശ്ലീഹായുടെ കാലടികൾ പതിഞ്ഞ ഭാരതത്തിൽ വിശിഷ്യാ, കേരളത്തിൽ തനിക്കു സന്ദർശനം നടത്താൻ അതിയായ ആഗ്രഹമുണ്ടെന്നായിരുന്നു പാപ്പയുടെ വാക്കുകൾ.

 

മലയാളിയും ജെസ്യൂട്ട് സഭാംഗവുമായ ഫാ. ജിജി പുതുവീട്ടിൽക്കളത്തിനൊപ്പംമാണ് കർദിനാൾ പാപ്പയെ കണ്ടത്. പേപ്പൽ വസതിയുടെ പ്രീഫെക്ടും വത്തിക്കാനിൽ നടക്കുന്ന ഔദ്യോഗിക കൂടിക്കാഴ്ചകളുടെയും പൊതുദർശനങ്ങളുടെയും ചുമതലക്കാരനുമായ ആർച്ച്ബിഷപ്പ് ഡോ. ജോർജ് ഗ്യാൻസൈ്വനും സന്നിഹിതനായിരുന്നു. സീറോ മലബാർ സഭയിലെ എല്ലാ വിശ്വാസികൾക്കും തന്റെ ശ്ലൈഹിക ആശീർവാദം നൽകുന്നുവെന്ന് അറിയിക്കണമെന്നും പാപ്പ നിർദേശിച്ചു.

 

മാർ ആലഞ്ചേരിയുടെ ജന്മദിനം ഏപ്രിൽ 19 നാണെന്നറിഞ്ഞ പാപ്പ, അദ്ദേഹത്തിന് ജന്മദിനാശംസാകാർഡ് നൽകി ആശംസകൾ നേരുകയും ചെയ്തു. ക്രൈസ്തവ ഐക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിലെയും വിശ്വാസ തിരുസംഘം കാര്യാലയത്തിലെയും അംഗമെന്ന നിലയിൽ ചില ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കാനാണ് മാർ ആലഞ്ചേരി വത്തിക്കാനിലെത്തിയത്.


Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church