ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതക്ക് മൂന്നു പുതിയ വികാരി ജനറാൾമാർ::Syro Malabar News Updates ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതക്ക് മൂന്നു പുതിയ വികാരി ജനറാൾമാർ
05-April,2019

പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഭരണപരമായ ശുശ്രൂഷകളിൽ രൂപതാധ്യക്ഷനെ സഹായിക്കുന്നതിനായി മൂന്നു പുതിയ വികാരി ജനറാൾമാരെ മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചു. മുഖ്യവികാരി ജനറാളായി (പ്രോട്ടോ സിഞ്ചെല്ലൂസ്) റവ. ഡോ. ആന്‍റണി ചുണ്ടെലിക്കാട്ടും വികാരി ജനറാൾമാരായി ഫാ. ജോർജ് തോമസ് ചേലയ്ക്കലും ഫാ. ജിനോ അരിക്കാട്ടുമാണ് ഇന്ന് നിയമിതരായത്. ഫാ. സജിമോൻ മലയിൽപുത്തൻപുരയിൽ വികാരി ജനറാളായി തുടരും. വികാരി ജനറാൾമാരായിരുന്നു റവ. ഡോ. തോമസ് പറയടിയിൽ എംഎസ്ടി, റവ. ഡോ. മാത്യു ചൂരപൊയ്കയിൽ എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ നിയമനങ്ങൾ.
 
പ്രെസ്റ്റൺ സെന്‍റ് അൽഫോൻസാ കത്തീഡ്രൽ വികാരിയായി ഫാ. ബാബു പുത്തൻപുരയ്ക്കൽ നിയമിതനായി. രൂപത ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, രൂപത ഫിനാൻസ് ഓഫീസറുടെ താൽക്കാലിക ചുമതല വഹിക്കും. രൂപതയുടെ അനുദിന സാമ്പത്തിക കാര്യങ്ങൾക്കായി ഫിനാൻസ് സെക്രട്ടറി ജോസ് മാത്യുവിനെയാണ് സമീപിക്കേണ്ടത്. 
 
നാല് വികാരി ജനറാൾമാരും അവരവരുടെ ഇപ്പോഴത്തെ താമസ സ്ഥലങ്ങളിൽ നിന്നുകൊണ്ടുതന്നെ പുതിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കും. (റവ. ഡോ. ആന്‍റണി ചുണ്ടെലിക്കാട്ട് - മിഡിൽസ്ബറോ, ഫാ. സജിമോൻ മലയിൽപുത്തൻപുരയിൽ - മാഞ്ചസ്റ്റർ, ഫാ. ജോർജ് തോമസ് ചേലക്കൽ - ലെസ്റ്റർ, ഫാ. ജിനോ അരിക്കാട്ട് - ലിവർപൂൾ). 
 
മൂന്നു രാജ്യങ്ങളിലായി പരന്നുകിടക്കുന്ന വിശാലമായ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ വിശ്വാസികൾക്ക് പൊതുവായ കാര്യങ്ങളിൽ രൂപത നേതൃത്വത്തെ സമീപിക്കാൻ ഈ ക്രമീകരണം കൂടുതൽ സഹായകരമാകുമെന്ന് രൂപതാധ്യക്ഷൻ പ്രത്യാശ പ്രകടിപ്പിച്ചു. 2023 ഓടുകൂടി പൂർണമായി പ്രവർത്തനക്ഷമമാകാൻ പദ്ധതിയിടുന്ന ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇനിയുള്ള വർഷങ്ങളിലെ 'പഞ്ചവത്സര അജപാലന' പ്രവർത്തനങ്ങൾക്കും ഇവർ നേതൃത്വം നൽകും. കേരളത്തിലെ സീറോ മലബാർ സഭയുടെ നാല് വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ളവരാണ് നാല് വികാരി ജനറാൾമാർ എന്നതും ഈ നിയമനങ്ങളിൽ ശ്രദ്ധേയമാണ്. 
 
റോമിലെ വിഖ്യാതമായ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽനിന്നും 'കുടുംബവിജ്ഞാനീയ'ത്തിൽ, ഡോക്ടറേറ്റ് ബിരുദം നേടിയിട്ടുള്ള റവ. ഡോ. ആന്‍റണി, ചുണ്ടെലിക്കാട്ട് ചാക്കോ - ബ്രിജിറ്റ് ദമ്പതികളുടെ പുത്രനും തമിഴ്നാട്ടിലെ തക്കല രൂപതയിലെ അംഗവുമാണ്. റോമിലെ ജോൺ പോൾ സെക്കൻഡ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കുടുംബവിജ്ഞാനീയ പഠനങ്ങളുടെ ഏഷ്യൻ വിഭാഗം തലവനായിരുന്ന അദ്ദേഹത്തിന് മലയാളത്തിനുപുറമെ ഇംഗ്ലീഷ്, തമിഴ്, ഇറ്റാലിയൻ, ജർമൻ, ഫ്രഞ്ച് ഭാഷകളിൽ പ്രാവീണ്യമുണ്ട്. ചങ്ങനാശേരിയിലെ കുറിച്ചിയിലും ആലുവ മംഗലപ്പുഴ സെമിനാരിയിലുമായി വൈദികപഠനം പൂർത്തിയാക്കിയ അദ്ദേഹം റോമിൽ ഉപരിപഠനം നടത്തി. ഇന്ത്യ‍യ്ക്കകത്തും പുറത്തുമായി നിരവധി യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രഫസറുമാണ് അദ്ദേഹം. നിലവിൽ മിഡിൽസ്ബറോ രൂപതയിലെ ഇടവക വികാരിയും മിഡിൽസ്‌ബോറോ സീറോ മലബാർ മിഷൻ കോ ഓർഡിനേറ്ററുമായി സേവനം ചെയ്തുവരുന്നു.
 
2015 ൽ സിബിഎസ് സി യുടെ മികച്ച അധ്യാപകനുള്ള നാഷണൽ അവാർഡ് നേടിയ ഫാ. ജോർജ് തോമസ് ചേലക്കൽ, താമരശേരി രൂപതയിലെ പുതുപ്പാടി- വെള്ളിയാട് ഇടവകാംഗമാണ്. ചേലക്കൽ തോമസ് - ഏലിക്കുട്ടി ദമ്പതികളുടെ പുത്രനായ ഫാ. ജോർജ്, തലശേരി മൈനർ സെമിനാരി, വടവാതൂർ മേജർ സെമിനാരി എന്നിവടങ്ങളിലായി വൈദികപഠനം പൂർത്തിയാക്കി. താമരശേരി രൂപതയുടെ വിവിധ ഇടവകകളിൽ വികാരിയായി സേവനം ചെയ്ത അദ്ദേഹം വിവിധ സ്‌കൂളുകളിൽ അധ്യാപകൻ, പ്രധാന അധ്യാപകൻ എന്നീ നിലകളിലും ശുശ്രുഷ ചെയ്തു. സോഷ്യോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ മാസ്റ്റർ ബിരുദവും ബിഎഡ് ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോൾ ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി വികാരിയായി സേവനം ചെയ്യുന്നു. 
 
ദിവ്യകാരുണ്യ മിഷനറി സഭാഅംഗവും എംസിബിഎസ് ഇരിഞ്ഞാലക്കുട സെന്‍റ് മേരീസ് കരൂർ ഇടവകാംഗവുമായ ഫാ. ജിനോ അരീക്കാട്ട് , ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സ്ഥാപനത്തിന് ശേഷം ലഭിച്ച ആദ്യ ഇടവക ദേവാലയമായ 'ഔർ ലേഡി ക്വീൻ ഓഫ് പീസ്, ലിതെർലാൻഡ്, ലിവർപൂൾ ദേവാലയത്തിന്‍റെ വികാരിയാണ്. അരീക്കാട്ട് വർഗീസ് - പൗളി ദമ്പതികളുടെ പുത്രനായി ജനിച്ച അദ്ദേഹം അതിരമ്പുഴ ലിസ്യൂ സെമിനാരി, ബാംഗ് ളൂർ ജീവാലയ, താമരശേരി സനാതന മേജർ സെമിനാരി എന്നിവിടങ്ങളിലായി വൈദികപഠനം പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യം, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്‍റ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദങ്ങൾ നേടിയിട്ടുണ്ട്. 
 
പുതിയ നിയമനങ്ങൾ ഇന്ന് മുതൽ നിലവിൽ വരുമെന്നും രൂപതയുടെ പ്രത്യേകമായ അജപാലന ശുശ്രുഷകൾക്കായി ദൈവം നൽകിയിരിക്കുന്ന ഇവരുടെ എല്ലാ പ്രവർത്തനങ്ങൾക്കുമായി എല്ലാ വിശ്വാസികളും പ്രാർത്ഥിക്കണമെന്നും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അഭ്യർഥിച്ചു. 

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church