ജീവസംരക്ഷണം കുടുംബത്തില്‍നിന്നും തുടങ്ങണം മാര്‍ ജോസ് പുളിക്കല്‍::Syro Malabar News Updates ജീവസംരക്ഷണം കുടുംബത്തില്‍നിന്നും തുടങ്ങണം മാര്‍ ജോസ് പുളിക്കല്‍
01-April,2019

കൊച്ചി: ജീവന്‍ അനുഗ്രഹമാണെന്ന 'ജീവന്‍റെ സുവിശേഷം' ഓരോരുത്തരുടെയും ജീവിതങ്ങളിലൂടെയാണ് പ്രഘോഷിക്കപ്പെടേണ്ടത്. അടിസ്ഥാനപരമായി ഒരാള്‍ അതു പഠിക്കേണ്ടത് സ്വന്തം കുടുംബത്തില്‍നിന്നും ആയിരിക്കണമെന്നു ബിഷപ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. തിരുവല്ല അതിരൂപത പാസ്റ്ററല്‍ സെന്‍ററില്‍ വച്ചുനടന്ന കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ കോട്ടയം മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, വിജയപുരം, പത്തനംതിട്ട, കാഞ്ഞിരപ്പിള്ളി, പാലാ എന്നീ രൂപതകളില്‍നിന്നുമുള്ള  പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു. 
 
പലവിധ ആകലതകളാലും സമ്മര്‍ദ്ദങ്ങളാലും ഉദരത്തിലുള്ള കുഞ്ഞിനെ നശിപ്പിക്കാന്‍ ചിന്തിക്കുന്ന ദമ്പതികളെ ജീവന്‍ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ നാം യഥാര്‍ത്ഥത്തില്‍ ജീവന്‍റെ സുവിശേഷവാഹകരായി മാറുകയാണ്. ജീവന്‍ ഭാരമാണെന്ന പ്രചാരണങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് ജീവനെ ദൈവസമ്മാനമായി സ്നേഹത്തോടുകൂടി, അനുഗ്രഹത്തോടുകൂടി സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറാകുമ്പോള്‍ അതു കുടുംബത്തിന് ഐശ്വര്യമായി, അനുഗ്രഹമായിത്തീരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
 
കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. പോള്‍ മാടശേരി അധ്യക്ഷത വഹിച്ചു. കെസബിസി പ്രൊ-ലൈഫ് സമിതി സംസ്ഥാന പ്രസിഡന്‍റ് സാബു ജോസ് മുഖ്യപ്രഭാഷണം നടത്തി. ഓര്‍ഗനൈസിംഗ് സെക്രട്ടറി ശ്രീ. ഷിബു ജോണ്‍, തിരുവല്ല അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടറര്‍ ഫാ. ഫിലിപ്പ് ആഞ്ഞിലിമൂട്ടില്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, വര്‍ഗീസ് വെള്ളാപ്പിള്ളില്‍, യുഗേഷ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനുശേഷം കെസിബിസി പ്രൊ-ലൈഫ് സമിതി കോട്ടയം മേഖലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.
 
 പ്രസിഡന്‍റ്-യുഗേഷ് തോമസ് (പാലാ രൂപത), സെക്രട്ടറി-റെജി അഗസ്റ്റിന്‍ (ചങ്ങനാശേരി അതിരൂപത), ട്രഷറര്‍- ജോണി സക്കറിയ (തിരുവല്ല അതിരൂപത), വൈസ് പ്രസിഡന്‍റ്-ലിസിയാമ്മ ചെറിയാന്‍ (കാഞ്ഞിരപ്പിള്ളി രൂപത), വൈസ് പ്രസിഡന്‍റ്-റെജി തോമസ് (കോട്ടയം അതിരൂപത), വൈസ് പ്രസിഡന്‍റ്-സജി വര്‍ഗീസ് (പത്തനംതിട്ട രൂപത)
 
 
ഫാ. പോള്‍ മാടശ്ശേരി 
സെക്രട്ടറി,  കെസിബിസി ഫാമിലി കമ്മീഷന്‍ 
 

Source: KCBC Family Commission

Attachments
Back to Top

Never miss an update from Syro-Malabar Church