ജീവന്‍റെ സംരക്ഷണദിനത്തില്‍ പ്രൊ-ലൈഫ് പതാകയും ലോഗോയും പ്രകാശനം ചെയ്തു::Syro Malabar News Updates ജീവന്‍റെ സംരക്ഷണദിനത്തില്‍ പ്രൊ-ലൈഫ് പതാകയും ലോഗോയും പ്രകാശനം ചെയ്തു
26-March,2019

കൊച്ചി: മനുഷ്യജീവന്‍റെ സമഗ്രസംരക്ഷണത്തിനും ജീവസമൃദ്ധിക്കുമായി പ്രവര്‍ത്തിക്കുന്ന കേരള കത്തോലിക്കാസഭയുടെ പ്രസ്ഥാനമായ പ്രൊലൈഫ് സമിതിയുടെ ലോഗോയും പതാകയും സംസ്ഥാന പ്രസിഡന്‍റ് സാബു ജോസിനു നല്കികൊണ്ട് പ്രകാശനം ചെയ്തു.
 
പൊതുസമൂഹത്തിന്‍റെ നന്മയ്ക്കും ജീവന്‍റെ സംസ്കാരത്തിന്‍റെ വ്യാപനത്തിനുമായി എല്ലാ ഇടവകകളിലും പ്രൊ-ലൈഫ് ശുശ്രൂഷകള്‍ വ്യാപിപ്പിക്കണമെന് പതാക പ്രകാശനം ചെയ്തു സമൂഹത്തിന് സമര്‍പ്പിച്ചുകൊണ്ട് വരാപ്പുഴ ആര്‍ച്ച ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ ആഹ്വാനം ചെയതു. പ്രൊലൈഫര്‍ എന്നു പറയുന്നതില്‍ അഭിമാനമുണ്ടെന് അദ്ദേഹം പറഞ്ഞു. സഭയുടെ ശുശ്രൂഷകളുടെ അടിസ്ഥാനം മനുഷ്യജീവനോടുള്ള ആദരവും സംരക്ഷണവുമാണെന്നും അപരന്‍റെ ജീവനെ ആദരിക്കുവാനും സംരക്ഷിക്കുവാനുമാണ് പ്രൊ-ലൈഫ് ശുശ്രൂഷകളിലൂടെ കത്തോലിക്കാസഭ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 
പേപ്പല്‍ പതാകയുടെ മാതൃകയിലുള്ള വെള്ളയും മഞ്ഞയും കലര്‍ന്ന കളറിലുള്ള പതാകയില്‍ ബഹുവര്‍ണകളറിലുള്ള ലോഗോ ആലേഖനം ചെയ്ത്രിക്കുന്നു. സാര്‍വത്രികസഭയെയും പ്രതിനിധീകരിച്ച് വിശുദ്ധകുരിശുനുള്ളില്‍ അഞ്ചു മക്കളും മാതാപിതാക്കളും അടങ്ങുന്ന കുടുംബവും, 'അരുത് അബോര്‍ഷന്‍' എന്ന സന്ദേശം നയിക്കുന്ന കുഞ്ഞിനെ മാറോടു ചേര്‍ത്തു ആശ്ലേഷിക്കുന്ന അമ്മ, സമൂഹത്തിലെ വിവിധ വിഭാഗം വേദനിക്കുന്ന വ്യക്തികളെ കരുതലോടെ സംരക്ഷിക്കണം എന്ന സന്ദേശം നല്കുന്ന 'കരുതലിന്‍റെ കരങ്ങള്‍' എന്നിവ അടങ്ങിയതാണ് ലോഗോ. 'ജീവന്‍റെ സമൃദ്ധി സമഗ്രസംരക്ഷണം' എന്ന മുദ്രാവാക്യവും ലോഗോയുടെ ഇരുവശങ്ങളിലും ചേര്‍ത്തിട്ടുണ്ട്. 
 
ലോഗോ മനോഹരമായി ചിത്രീകരിച്ചത് വരാപ്പുഴ അതിരൂപതയിലെ പൊറ്റക്കുഴി ലിറ്റില്‍ ഫ്ളവര്‍ ഇടവകാംഗമായ ടാബി ജോര്‍ജ്ജാണ്. ഏകോപനത്തില്‍ എറണാകുളം മേഖലാ പ്രസിഡന്‍റ് ജോണ്‍സണ്‍ സി എബ്രാഹവും സംസ്ഥാന പ്രസിഡന്‍റ് സാബു ജോസും നേതൃത്വം നല്കി. വരാപ്പുഴ അതിരൂപതാ ആസ്ഥാന മന്ദിരത്തില്‍ അന്തര്‍ ദേശീയ പ്രൊലൈഫ് ദിനമായ മാര്‍ച്ച് 25 ന് നടന്ന ചടങ്ങില്‍ വച്ചാണ് വരാപ്പുഴ ആര്‍ച്ചുബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പില്‍ പതാകയുടെ പ്രകാശനവും വരാപ്പുഴ അതിരൂപതയുടെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ചത്. വരാപ്പുഴ അതിരൂപതാ മോണ്‍. മാത്യു ഇലഞ്ഞിമറ്റം അധ്യക്ഷത വഹിച്ചു.  പ്രൊ-ലൈഫ് സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, പ്രസിഡന്‍റ് സാബുജോസ് എന്നിവര്‍ പ്രസംഗിച്ചു. ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എഫ്.സി.സി, വരാപ്പുഴ രൂപതാ പ്രൊ-ലൈഫ്, ഫാമിലി ഡയറക്ടര്‍ ഫാ. ആന്‍റണി കൊച്ചേരി, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷിബു ജോണ്‍ സെക്രട്ടറി മാര്‍ട്ടിന്‍ ന്യൂനസ്, എറണാകുളം മേഖലാ പ്രസിഡന്‍റ് ജോണ്‍സണ്‍ സി എബ്രാഹം, സിസ്റ്റര്‍ ജോസഫിന്‍, മിനിസ്ട്രി കോ ഓര്‍ഡിനേറ്റര്‍മാരായ ഫ്രാന്‍സിസ്ക, ഷൈനി തോമസ്, ലിസാ തോമസ്, ജോസ് നടുവിലപറമ്പ് എന്നിവര്‍ സംബന്ധിച്ചു. കേരളത്തിലെ അഞ്ചു മേഖലകളിലെ 32 രൂപതകളിലും പ്രൊലൈഫ് ദിനാഘോഷം വിവിധ കര്‍മ്മപരിപാടികളോടെ ആഘോഷിച്ചു.  
ഫോട്ടോ മാറ്റര്‍: കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ ഔദോഗിക പതാക വരാപ്പുഴ ആര്‍ച്ചുബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പില്‍ സംസ്ഥാന പ്രസിഡന്‍റ് സാബു ജോസിനു നല്കി പ്രകാശനം ചെയ്യുന്നു. ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എഫ്.സി.സി, വരാപ്പുഴ രൂപതാ പ്രൊ-ലൈഫ്, ഫാമിലി ഡയറക്ടര്‍ ഫാ. ആന്‍റണി കൊച്ചേരി, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷിബു ജോണ്‍ സെക്രട്ടറി, മാര്‍ട്ടിന്‍ ന്യൂനസ്, എറണാകുളം മേഖലാ പ്രസിഡന്‍റ് ജോണ്‍സണ്‍ സി എബ്രാഹം, സിസ്റ്റര്‍ ജോസഫിന്‍, മിനിസ്ട്രി കോ ഓര്‍ഡിനേറ്റര്‍മാരായ ഫ്രാന്‍സിസ്ക, ഷൈനി തോമസ്, ലിസാ തോമസ്, ജോസ് നടുവിലപറമ്പ് എന്നിവര്‍ സമീപം.
ഫാ. പോള്‍ മാടശ്ശേരി 
സെക്രട്ടറി,  കെസിബിസി ഫാമിലി കമ്മീഷന്‍ 

Source: KCBC - Commission for Family

Attachments
Back to Top

Never miss an update from Syro-Malabar Church