മാലിന്യ സംസ്കരണത്തെക്കുറിച്ച് കെസിബിസി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍

പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ,

1.  ദൈവം സൃഷ്ടിച്ച പ്രപഞ്ചം സുന്ദരമാണ്. അതിനെ കൂടുതല്‍ സുന്ദരമാക്കി സൂക്ഷിക്കാന്‍ മനുഷ്യന് ഉത്തരവാദിത്വമുണ്ട്. ഈ ഉത്തരവാദിത്വം ദൈവവിശ്വാസത്തിന്റെ ഭാഗമായി കാണേണ്ടിയിരിക്കുന്നു.  കേരള കത്തോലിക്കാമെത്രാന്മാരായ ഞങ്ങള്‍ ‘പച്ചയായ പുല്ത്തകിടിയിലേക്ക്’ എന്ന പരിസ്ഥിതി നയരേഖയും പ്രവര്‍ത്തനപദ്ധതിയും പ്രസിദ്ധീകരിച്ച് അതിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ കര്‍മപദ്ധതിയില്‍ മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള വ്യക്തമായ നിര്‍ദേശങ്ങളും മുന്നോട്ടു വച്ചിട്ടുണ്ട്.

2. ദൈവം സൃഷ്ടിച്ച പ്രപഞ്ചം അതിനാല്‍ത്തന്നെ നല്ലതാണ് (ഉത്പ 1:31). മനോഹരമായ പ്രപഞ്ചത്തിന്റെ സംരക്ഷണച്ചുമതല ദൈവം മനുഷ്യനെയാണ് ഏല്പിച്ചത് (ഉത്പ 1:28). ദൈവത്തോടുള്ള ബന്ധമാണ് മനുഷ്യന് സഹജീവികളായ മറ്റു മനുഷ്യരോടും പരിസ്ഥിതിയോടുമുള്ള ബന്ധം നിശ്ചയിക്കുന്നത് (ഇടഉഇ 464). പ്രപഞ്ചത്തിന്റെ സംരക്ഷകനായ മനുഷ്യന് മലിനീകരണത്തിന്റെ കാരണങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. ശുചിത്വത്തിനും ആരോഗ്യത്തിനും പര്യാപ്തമായ അവസ്ഥകള്‍ സൃഷ്ടിക്കാനും കഴിയും (ഇടഉഇ 465). സൃഷ്ടപ്രപഞ്ചത്തോട് സമഗ്രമായ ആദരവുണ്ടാകണം (ഇഇഇ 2415). ഈ ആദരവില്‍ നിന്ന് ഉരുത്തിരിയുന്നതാണ് ശുചിത്വബോധവും മാലിന്യസംസ്കരണവും. മാലിന്യപ്രശ്നങ്ങള്‍ ദരിദ്രരായ ജനങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. അസംഖ്യം ദരിദ്രര്‍ നഗരങ്ങളിലെ മലിനീകൃത ചേരികളില്‍ ജീവിക്കുന്നു (ഇടഉഇ 482).

3.   കേരളത്തില്‍ മാലിന്യപ്രശ്നം   ആരോഗ്യപരവും സാമൂഹികവുമായ അടിയന്തരപ്രശ്നമായി മാറുകയാണ്.  2012 ജൂണ്‍ മാസത്തില്‍ കൂടിയ ഞങ്ങളുടെ സമ്മേളനത്തില്‍ നമ്മുടെ നാട്ടില്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന മാലിന്യപ്രശ്നത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തിരുന്നു. മാലിന്യപ്രശ്നത്തില്‍ സര്‍ക്കാരിനെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെയും കുറ്റംപറഞ്ഞ് മാറിനില്ക്കാന്‍ ആര്‍ക്കും സാധിക്കില്ല.  മാലിന്യപ്രശ്നം നമ്മുടെ ഓരോരുത്തരുടെയും പ്രശ്നമായിക്കണ്ട് പരിഹാരം തേടണം.

4.  കേരളത്തില്‍ ഇന്ന് വന്‍നഗരങ്ങളില്‍  മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും മലിനീകരണം ജനങ്ങളുടെ സ്വൈരജീവിതത്തിനും ആരോഗ്യത്തിനും കടുത്ത ഭീഷണിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മാലിന്യപ്രശ്നത്തിന് അര്‍ഹിക്കുന്ന പ്രാധാന്യംനല്കിയേ മതിയാകൂ. പൊതുസ്ഥലങ്ങളില്‍ കുമിഞ്ഞുകൂടുന്ന മാലിന്യവും മലിനമായ ജലസ്രോതസ്സുകളും ഭീകരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുന്നു.  മാലിന്യനിര്‍മാര്‍ജനത്തിന് വേണ്ടത്ര പരിഗണന ലഭിക്കാത്തതുകൊണ്ട് പലയിടത്തും ജനങ്ങള്‍ പ്രക്ഷോഭത്തിനുതന്നെ നിര്‍ബന്ധിതരാകുന്നു. രോഗങ്ങള്‍ പെരുകുമ്പോഴോ പ്രതിഷേധം രൂക്ഷമാകുമ്പോഴോ താത്കാലിക നടപടികള്‍ സ്വീകരിച്ച് പ്രശ്നപരിഹാരം കാണുന്ന രീതിയാണ് സര്‍ക്കാര്‍ അവലംബിക്കുന്നത്. ഈ പ്രശ്നം ദീര്‍ഘവീക്ഷണത്തോടെ പരിഹരിക്കുകയാണു വേണ്ടത്.

5.  മാലിന്യപ്രശ്നം ഒരു സംസ്കാരികപ്രശ്നമാണ്.  സൌന്ദര്യത്തിന്റെയും വൃത്തിയുടെയും സംസ്കാരം ഉള്‍ ക്കൊള്ളാന്‍ നമുക്കു സാധിക്കുന്നില്ല എന്നതിന് ഉദാഹരണമാണ് നാം നേരിടുന്ന  മാലിന്യപ്രശ്നം. നമ്മുടെ പലരുടെയും ശുചിത്വബോധം ശരീരത്തിലും വസ്ത്രത്തിലും വീട്ടിനുള്ളിലും ഒതുങ്ങിനില്ക്കുന്നു. സ്വന്തം ഭവനങ്ങളോടുചേര്‍ന്നുള്ള പറമ്പുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല. പൊതുശുചിത്വത്തിന്റെ കാര്യത്തില്‍ അല്പംപോലും നിഷ്കര്‍ഷയില്ലാത്തവരാണ് നമ്മില്‍ പലരും.  ഈ ദുശ്ശീലം മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. നമ്മുടെ വീടുകളില്‍ സൃഷ്ടിക്കപ്പെടുന്ന മാലിന്യം അവിടെത്തന്നെ സംസ്കരിക്കാനിടയാകണം. വീടുകളിലെ മാലിന്യസംസ്കരണത്തിന് ആധുനികമായ പല സാങ്കേതികവിദ്യകളും ലഭ്യമാണ്. ഇടവകകളുടെ നേതൃത്വത്തിലും നമ്മുടെ  സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ടുമെന്റുകളുടെ സഹകരണത്തിലും മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ത്തന്നെ സംസ്കരിക്കുന്ന രീതി നമ്മുടെ ഭവനങ്ങളില്‍ ഉണ്ടാവുകയാണു വേണ്ടത്.


6. ഭവനങ്ങള്‍ പോലെ സുപ്രധാനങ്ങളാണ് നമ്മുടെ ഇടവകകള്‍, ആശ്രമങ്ങള്‍, കോണ്‍വെന്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ മുതലായവയും. ഇവിടങ്ങളിലും സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ത്തന്നെ സംസ്കരിച്ചുകൊണ്ട് കേരളത്തിന് കത്തോലിക്കര്‍ പുതിയൊരുമാതൃക കാണിച്ചുകൊടുക്കണം. നമ്മുടെ സ്ഥാപനങ്ങളുടെ കാമ്പസുകള്‍ മനോഹരമായി നാം സൂക്ഷിക്കണം. ദൈവാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും മുന്‍വശങ്ങള്‍ ലാന്റ്സ്കേപ്പിങ്ങ് നടത്തി പൂന്തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടണം. സഭയുടെ കീഴിലുള്ള സ്ഥലങ്ങള്‍ തരിശുഭൂമികളായും കാടുംപടലും പിടിച്ചും കിടക്കുന്ന അവസ്ഥയും ഉണ്ടാകരുത്. ഭൂമി കൃഷിയോഗ്യമാക്കി മാറ്റണം.  ജൈവകൃഷി നടപ്പിലാക്കണം.  ഇതുവഴി  ഭൂമിയെ കൂടുതല്‍ആരോഗ്യകരമായി സൂക്ഷിക്കാന്‍ സാധിക്കുമെന്നു മാത്രമല്ല മാലിന്യം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാനും സാധിക്കും.

7.  നമ്മുടെ ഭവനങ്ങളുടെയും സ്ഥാപനങ്ങളുടെയും മുന്‍വശമുള്ള പൊതുനിരത്തുകള്‍ വൃത്തിയായി സൂക്ഷിക്കാനും നാം പരിശ്രമിക്കേണ്ടതുണ്ട്. എല്ലാ ദിവസവും വീടിന്റെമുറ്റം അടിച്ചുവാരി വൃത്തിയാക്കുന്നവരാണ് നമ്മില്‍ പലരും. ആഴ്ചയിലൊരിക്കലെങ്കിലും നമ്മുടെ ഭവനങ്ങളുടെയും സ്ഥാപനങ്ങളുടെയും മുന്നിലുള്ള റോഡുകള്‍ വൃത്തിയാക്കാന്‍ കഴിഞ്ഞാല്‍  അത് സമൂഹത്തിനു ചെയ്യുന്ന വലിയ സേവന മായിരിക്കും.  നമ്മില്‍ ഓരോരുത്തരിലുമുള്ള ശുചിത്വത്തിന്റെയും വൃത്തിയുടെയും സംസ്കാരം പൊതുനിരത്തിലേക്കും വ്യാപിപ്പിക്കാന്‍ അങ്ങനെ നമുക്കു കഴിയും. ഇടവകകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പൊതുനിരത്തുകള്‍ വൃത്തിയായിസൂക്ഷിക്കാനുള്ള പരിശ്രമങ്ങള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

8.  മാലിന്യനിര്‍മാര്‍ജനം, സംസ്്കരണം തുടങ്ങിയവയുടെ പുരോഗതി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ചുമതലബോധത്തെ ആശ്രയിച്ചിരിക്കുന്നു. വിദേശരാജ്യങ്ങളില്‍ മാലിന്യങ്ങള്‍ സാമ്പത്തികവരുമാനത്തിന്റെ ഉറവിടമാണ്.  പല വികസിതരാജ്യങ്ങളിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മാലിന്യത്തില്‍ നിന്ന് വളവും വൈദ്യുതിയും ഉദ്പാദിപ്പിച്ച് വലിയവരുമാനമാണു നേടുന്നത്.  നമ്മുടെ രാജ്യത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രധാന ഉത്തരവാദിത്വമാണ് അതതുപ്രദേശങ്ങളിലെ മാലിന്യസംസ്കരണവും പരിസരശുചിത്വവും ഉറപ്പുവരുത്തുക എന്നത്.  ഇച്ഛാശക്തിയുള്ള ഭരണകൂടമുണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. കേരളത്തിലെ പല തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും മാലിന്യനിര്‍മാര്‍ജനത്തിന് മാതൃകാപരമായ പദ്ധതികള്‍ മുന്നോട്ടുവച്ചിട്ടുള്ളത് പ്രശംസാര്‍ഹമാണ്. എങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും അത് സങ്കീര്‍ണപ്രശ്നമായി നിലനില്ക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഉത്തരവാദിത്വമില്ലായ്മയും ഉദ്യോഗസ്ഥരിലും ഭരണമേഖലയിലും നിലനില്ക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയുമാണ് മാലിന്യപ്രശ്നം സങ്കീര്‍ണമാക്കുന്നത്.  നഗരവാസികളുടെ മാലിന്യങ്ങള്‍ ഗ്രാമങ്ങളില്‍ നിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല. സാധാരണക്കാരും പാവപ്പെട്ടവരും വസിക്കുന്ന ഗ്രാമപ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ഗ്രാമീണജനതയോടു ചെയ്യുന്ന അനീതിയും ഒപ്പം സമൂഹദ്രോഹവുമാണ്.

9.  മാലിന്യങ്ങള്‍ പൊതുനിരത്തില്‍ മാത്രമല്ല നദികളിലേക്കും കായലുകളിലേക്കും തടാകങ്ങളിലേക്കും വലിച്ചെറിയുന്നതും ഗൌരവപൂര്‍ണമായ തിന്മയാണ്. ശുദ്ധജലം ജീവന്റെ നിലനില്പിനു തന്നെ അത്യാവശ്യമാണ്. അതുകൊണ്ട,് ശുദ്ധമായകുടിവെള്ളത്തിനുള്ള അവകാശം സാര്‍വത്രികവും അന്യാധീനപ്പെടുത്താന്‍ ആവാത്തതുമാണ് (ഇടഉഇ 485). കേരളത്തിലെ എല്ലാ നദികളും ശുദ്ധജലതടാകങ്ങളും മലിനമായിരിക്കുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.  രോഗാണുമുക്തമായ കുടിവെള്ളം പോലും കിട്ടാത്തസ്ഥിതിയാണ് കേരളത്തിലുള്ളത്.  നമ്മുടെ ശുദ്ധജലസ്രോതസ്സുകള്‍ മലിനമായിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ നാം തന്നെയാണ്. കേരളത്തിലെവിടെയും വീടുകളും മറ്റു കെട്ടിടങ്ങളും വര്‍ധിക്കുകയാണ്. ഫ്ളാറ്റ് സമുച്ചയങ്ങള്‍  ഗ്രാമങ്ങളില്‍പ്പോലും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. പുഴകള്‍ക്കും ജലാശയങ്ങല്‍ക്കും സമീപമാണ് പലയിടത്തും ഫ്ളാറ്റുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. അവിടെ അല്പം പോലും സ്ഥലമില്ലാത്തിടത്തുതാമസിക്കുന്ന പലരും മാലിന്യനിര്‍മാര്‍ജനം നടത്തുന്നത് ജലാശയങ്ങളിലേക്കാണ്. ദാഹജലത്തിനായി ഉപയോഗിക്കുന്ന നദികളിലേക്കും തടാകങ്ങളിലേക്കും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് സഹോദരങ്ങളോടും സമൂഹത്തോടുംചെയ്യുന്ന അപരാധവും തിന്മയുമാണ്.  ക്രൈസ്തവവിശ്വാസമനുസരിച്ച് ഇത് ദൈവത്തിനെതിരായ പ്രവൃത്തിയായി കാണണം.  മലിനീകരണത്തിനിടയാക്കുന്നവര്‍, വ്യക്തികളായാലും അധികൃതരായാലും, വലിയ സമൂഹദ്രോഹമാണു ചെയ്യുന്നത്.  അവര്‍ക്കെതിരേ നിയമനടപടികള്‍ ഉണ്ടാകണം. 

10. നാം വസിക്കുന്ന പ്രദേശത്തെ ശുചിത്വപൂര്‍ണമാക്കാനുള്ള കര്‍മപദ്ധതിയുടെ ഭാഗമായി ഇടവകകളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ശുചിത്വസമിതികള്‍ രൂപീകരിക്കുന്നത് ഉചിതമായിരിക്കും. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ത്തന്നെ സംസ്കരിക്കുന്നപദ്ധതികള്‍ വ്യാപകമാക്കാന്‍ ഈ സമിതികള്‍ പരിശ്രമിക്കുന്നതോടൊപ്പം മാലിന്യനിര്‍മാര്‍ജനത്തെക്കുറിച്ച് ബോധവത്കരണപരിപാടികള്‍ സംഘടിപ്പിക്കാനും മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും ശ്രമിക്കണം.  മാലിന്യസംസ്കരണത്തിന് ജനങ്ങളും സര്‍ക്കാരും കൂട്ടായി പ്രവര്‍ത്തിക്കാന്‍ ഇടയാകണം. പൊതുജനസഹകരണത്തോടെയുള്ള വികേന്ദ്രീകൃതപദ്ധതികള്‍ക്കും രൂപംനല്കണം. നമ്മുടെ ഇടവകകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികള്‍, ആശ്രമങ്ങള്‍, കോണ്‍വെന്റുകള്‍, അല്മായസംഘടനകള്‍ എന്നിവയുടെയെല്ലാം നേതൃത്വത്തില്‍ മാലിന്യസംസ്കരണത്തിന്റെയും പൊതുശുചിത്വത്തിന്റെയും പുത്തന്‍രീതിയും സംസ്കാരവും വളര്‍ത്താന്‍ശ്രമിച്ചാല്‍ അത് നാടിനു നാംചെയ്യുന്ന വലിയ സേവനമായിരിക്കും. ദൈവസൃഷ്ടിയായ (ഉത്പ 1:1-31) നമ്മുടെ പ്രപഞ്ചം സുന്ദരമായി പരിപാലിക്കാന്‍ നമുക്കു സാധിക്കട്ടെ.  നമ്മുടെ നല്ലപരിശ്രമങ്ങളെയെല്ലാം സര്‍വശക്തനായ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട്,

കേരള കത്തോലിക്കാമെത്രാന്‍സമിതിക്കുവേണ്ടി

ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
പ്രസിഡന്റ,് കെസിബിസി
 
ആര്‍ച്ചുബിഷപ് ഫ്രാന്‍സിസ് കല്ലറക്കല്‍                    ആര്‍ച്ചു ബിഷപ് തോമസ് മാര്‍ കൂറിലോസ്
വൈസ് പ്രസിഡന്റ്, കെസിബിസി                           സെക്രട്ടറി ജനറല്‍, കെസിബിസി
 

Back to Top

Never miss an update from Syro-Malabar Church