Daily Readings for Thursday April 25,2019

Reading 1, ഉത്പ 41:39-45 : യൗസേപ്പ് ഈജിപ്തിന്റെ അധിപൻ

ദൈവം ഇക്കാര്യമെല്ലാം നിനക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നതുകൊണ്ട്, നിന്നെപ്പോലെ വിവേകിയും ബുദ്ധിമാനുമായ ഒരാള്‍ വേറെയില്ല.നീ എന്റെ വീടിനു മേലാളായിരിക്കും. എന്റെ ജനം മുഴുവന്‍ നിന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിക്കും. സിംഹാസനത്തില്‍ മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും.ഫറവോ തുടര്‍ന്നു: ഇതാ ഈജിപ്തുരാജ്യത്തിനു മുഴുവന്‍ അധിപനായി നിന്നെ ഞാന്‍ നിയമിച്ചിരിക്കുന്നു.ഫറവോ തന്റെ കൈയില്‍നിന്ന് മുദ്രമോതിരം ഊരിയെടുത്ത് ജോസഫിനെ അണിയിച്ചു. അവനെ പട്ടുവസ്ത്രങ്ങള്‍ ധരിപ്പിച്ചു. കഴുത്തില്‍ ഒരു സ്വര്‍ണമാലയിടുകയും ചെയ്തു. അവന്‍ തന്റെ രണ്ടാം രഥത്തില്‍ ജോസഫിനെ എഴുന്നള്ളിച്ചു. മുട്ടുമടക്കുവിന്‍ എന്ന് അവര്‍ അവനു മുന്‍പേ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഫറവോ അവനെ ഈജിപ്തിനു മുഴുവന്‍ അധിപനാക്കി.ഫറവോ ജോസഫിനോടു പറഞ്ഞു: ഞാന്‍ ഫറവോ ആണ്. നിന്റെ സമ്മതം കൂടാതെ ഈജിപ്തുദേശത്തിലെങ്ങും ആരും കൈയോ കാലോ ഉയര്‍ത്തുകയില്ല.അവന്‍ ജോസഫിന് സാഫ്‌നത്ത്ഫാനെയ എന്ന്‌പേരിട്ടു. ഓനിലെ പുരോഹിതനായ പൊത്തിഫെറായുടെ മകള്‍ അസ്‌നത്തിനെ അവന് ഭാര്യയായി കൊടുക്കുകയും ചെയ്തു. ജോസഫ് ഈജിപ്തു മുഴുവന്‍ സഞ്ചരിച്ചു.


Reading 2, എസെ 1:10-14 : എസെക്കിയേലിന്റെ ദർശനം

അവയുടെ മുഖങ്ങള്‍ ഇപ്രകാരമായിരുന്നു - നാലിനും മുന്‍ഭാഗത്ത് മനുഷ്യന്റെ മുഖം; വലത്തുവശത്ത് സിംഹത്തിന്റെ മുഖം; ഇടത്തുവശത്ത് കാളയുടെ മുഖം; പിന്‍ഭാഗത്ത് കഴുകന്റെ മുഖം, അവയുടെ മുഖങ്ങള്‍ അങ്ങനെ. ചിറകുകള്‍ മേലോട്ടു വിരിച്ചിരിക്കുന്നു. ഓരോ ജീവിക്കും അടുത്തു നില്‍ക്കുന്ന ജീവിയുടെ ചിറകുകളെ സ്പര്‍ശിക്കുന്ന ഈരണ്ടു ചിറകുകളും ശരീരം മറയ്ക്കുന്ന ഈരണ്ടു ചിറകുകളും ഉണ്ടായിരുന്നു. അവയോരോന്നും നേരേ മുമ്പോട്ടു പോയിരുന്നു. എങ്ങോട്ടു പോകണമെന്ന് ആത്മാവ് ഇച്ഛിച്ചുവോ അങ്ങോട്ട് അവ പോയി; ഇടംവലം തിരിഞ്ഞില്ല.ആ ജീവികളുടെ രൂപം ജ്വലിക്കുന്നതീക്കനല്‍ പോലെ ആയിരുന്നു. അവയ്ക്കിടയില്‍ തീപ്പന്തം പോലെ എന്തോ ഒന്ന് ചലിച്ചിരുന്നു. ആ അഗ്‌നി ശോഭയുള്ളതായിരുന്നു. അതില്‍ നിന്നു മിന്നല്‍പ്പിണര്‍ പുറപ്പെട്ടിരുന്നു. ആ ജീവികള്‍ ഇടിമിന്നല്‍ പോലെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുകൊണ്ടിരുന്നു.


Reading 3, 2 തിമോ 4:6-18 : സുവിശേഷപ്രഘോഷണത്തിന് പൗലോസിനെ സഹായിക്കുന്ന മർക്കോസ്

ഞാന്‍ ബലിയായി അര്‍പ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു. എന്റെ വേര്‍പാടിന്റെ സമയം സമാഗതമായി. ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തയാക്കി; വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വ്വം വിധിക്കുന്ന കര്‍ത്താവ്, ആദിവസം അത് എനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവന്റെ ആഗമനത്തെ സ്‌നേഹപൂര്‍വ്വം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും. എന്റെ അടുത്തു വേഗം എത്തിച്ചേരാന്‍ ഉത്‌സാഹിക്കുക.എന്തെന്നാല്‍, ഈ ലോകത്തോടുള്ള ആസക്തിമൂലം ദേമാസ് എന്നെവിട്ട് തെസലോനിക്കായിലേക്കു പോയിരിക്കുന്നു. ക്രെസ്‌കെസ് ഗലാത്തിയായിലേക്കും തീത്തോസ് ദല്‍മാത്തിയായിലേക്കും പോയിക്കഴിഞ്ഞു. ലുക്കാ മാത്രമേ എന്നോടുകൂടെയുള്ളു. മര്‍ക്കോസിനെക്കുടെ നീ കൂട്ടികൊണ്ടുവരണം. ശുശ്രുഷയില്‍ അവന്‍ എനിക്കു വളരെ പ്രയോജനപ്പെടും. തിക്കിക്കോസിനെ ഞാന്‍ എഫേസോസിലേക്കയച്ചിരിക്കുകയാണ്.നീ വരുമ്പോള്‍ ഞാന്‍ ത്രോവാസില്‍ കാര്‍പോസ്സിന്റെ പക്കല്‍ ഏല്‍പിച്ചിട്ടുപോന്ന എന്റെ പൂറംകുപ്പായവും പുസ്തകങ്ങളും, പ്രത്യേകിച്ച്, തുകല്‍ച്ചുരുളുകളും കൊണ്ടുപോരണം.ചെമ്പുപണിക്കാരനായ അലക്‌സാണ്ടര്‍ എനിക്കു വലിയ ദ്രോഹം ചെയ്തു. കര്‍ത്താവ് അവന്റെ പ്രവൃത്തികള്‍ക്കു പ്രതിഫലം നല്കും.നീയും അവനെക്കുറിച്ചു കരുതലോടെയിരിക്കണം. കാരണം, അവന്‍ നമ്മുടെ വാക്കുകളെ ശക്തി പൂര്‍വ്വം എതിര്‍ത്തവനാണ്.എന്റെ ന്യായവാദങ്ങള്‍ ഞാന്‍ ആദ്യം അവതരിപ്പിച്ചപ്പോള്‍ ആരും എന്റെ ഭാഗത്തല്ലായിരുന്നു. എല്ലാവരും എന്നെ ഉപേക്ഷിച്ചു. ആ കുറ്റം അവരുടെമേല്‍ ആരോപിക്കപ്പെടാതിരിക്കട്ടെ.എന്നാല്‍, കര്‍ത്താവ് എന്റെ ഭാഗത്തുണ്ടായിരുന്നു. എല്ലാ വിജാതീയരും കേള്‍ക്കത്തക്കവിധം വചനം പൂര്‍ണ്ണമായി പ്രാഖ്യാപിക്കുന്നതിനുവേണ്ട ശക്തി അവിടുന്ന് എനിക്കു നല്കി. അങ്ങനെ ഞാന്‍ സിംഹത്തിന്റെ വായില്‍നിന്നും രക്ഷിക്കപ്പെട്ടു. കര്‍ത്താവ് എല്ലാ തിന്മകളിലുംനിന്ന് എന്നെ മോചിപ്പിച്ച്, തന്റെ സ്വര്‍ഗ്ഗരാജ്യത്തിലേക്കായി എന്നെ കാത്തുകൊള്ളും. എന്നും എന്നേക്കും അവിടുത്തേക്കു മഹത്വം! ആമേന്‍.


Gospel, മര്‍ക്കോ 16:15-20 : ലോകമെങ്ങും സുവിശേഷം പ്രസംഗിക്കുവിൻ

അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും.വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും.അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും.കര്‍ത്താവായ യേശു അവരോടു സം സാരിച്ചതിനുശേഷം, സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവന്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി.അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍കൊണ്ടു വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.


Back to Top

Never miss an update from Syro-Malabar Church