Daily Readings for Friday September 21,2018

Reading 1, 1 ദിന 29:10-19 : കർത്താവ് എന്നേക്കും വാഴ്ത്തപ്പെട്ടവൻ

 10 : എല്ലാവരുടെയും മുന്‍പില്‍വച്ചു കര്‍ത്താവിനെ സ്തുതിച്ചുകൊണ്ടു ദാവീദ് പറഞ്ഞു: ഞങ്ങളുടെ പിതാവായ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് എന്നേക്കും വാഴ്ത്തപ്പെട്ടവന്‍.   

11 : കര്‍ത്താവേ, മഹത്വവും ശക്തിയും മഹിമയും വിജയവും ഔന്നത്യവും അങ്ങയുടേതാകുന്നു. ആകാശത്തിലും ഭൂമിയിലുമുള്ളതെല്ലാം അങ്ങയുടേത്. കര്‍ത്താവേ, രാജ്യം അങ്ങയുടേത്; അങ്ങ് എല്ലാറ്റിന്റെയും അധീശനായി സ്തുതിക്കപ്പെടുന്നു.   
 
12 : സമ്പത്തും ബഹുമാനവും അങ്ങാണു നല്‍കുന്നത്. അങ്ങ് സമസ്തവും ഭരിക്കുന്നു. അധികാരവും ശക്തിയും അങ്ങേക്ക് അധീനമായിരിക്കുന്നു. എല്ലാവരെയും ശക്തരും ഉന്നതന്‍മാരും ആക്കുന്നത് അങ്ങാണ്.
   
13 : ഞങ്ങളുടെ ദൈവമേ, അങ്ങേക്കു ഞങ്ങള്‍ നന്ദി പറയുകയും അങ്ങയുടെ മഹത്വമുള്ള നാമത്തെ സ്തുതിക്കുകയും ചെയ്യുന്നു. 
 
14 : അങ്ങേക്ക് സന്‍മനസ്‌സോടെ ഇങ്ങനെ കാഴ്ചകള്‍ അര്‍പ്പിക്കുന്നതിന് ഞാനും എന്റെ ജനവും ആരാണ്? സമസ്തവും അങ്ങില്‍നിന്നു വരുന്നു. അങ്ങയുടേതില്‍ നിന്നാണു ഞങ്ങള്‍ നല്‍കിയതും. 
 
15 : അവിടുത്തെ മുന്‍പില്‍ ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്‍മാരെപ്പോലെ പരദേശികളും തത്കാല വാസക്കാരുമാണ്. ഭൂമിയില്‍ ഞങ്ങളുടെ ദിനങ്ങള്‍ നിഴല്‍പോലെയാണ്, എല്ലാം അസ്ഥിരമാകുന്നു.  
 
16 : ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അവിടുത്തെ പരിശുദ്ധ നാമത്തിന് ആലയം പണിയാന്‍ ഞങ്ങള്‍ സമൃദ്ധമായി സംഭരിച്ചതെല്ലാം അവിടുത്തെ കരങ്ങളില്‍ നിന്നാണ്; സകലവും അങ്ങയുടേതാണ്. 
 
17 : എന്റെ ദൈവമേ, അങ്ങ് ഹൃദയം പരിശോധിക്കുന്നവനും അതിന്റെ ആര്‍ജവത്തില്‍ പ്രസാദിക്കുന്നവനും ആണെന്നു ഞാനറിയുന്നു. പരമാര്‍ഥതയോടും സന്തോഷത്തോടും കൂടെ ഇവയെല്ലാം ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു. ഇവിടെ സന്നിഹിതരായ ജനവും തങ്ങളുടെ കാഴ്ചകള്‍ സന്തോഷപൂര്‍വം സമര്‍പ്പിക്കുന്നതു ഞാന്‍ കണ്ടു.  
 
18 : ഞങ്ങളുടെ പിതാക്കന്‍മാരായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ കര്‍ത്താവേ, ഇത്തരം വിചാരങ്ങള്‍ നിന്റെ ജനത്തിന്റെ ഹൃദയങ്ങളില്‍ എന്നും ഉണ്ടായിരിക്കാനും അവരുടെ ഹൃദയങ്ങള്‍ അങ്ങിലേക്ക് തിരിയാനും ഇടയാക്കണമേ!   
 
19 : എന്റെ മകന്‍ സോളമന് അവിടുത്തെ കല്‍പനകളും നിയമങ്ങളും ചട്ടങ്ങളും പൂര്‍ണഹൃദയത്തോടെ പാലിക്കാനും അവിടുത്തെ ആലയം - ഞാന്‍ അതിനു സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട് - നിര്‍മിക്കാനും കൃപ നല്കണമേ!


Reading 2, എസേ 1:1-14 : എസെക്കിയേലിന്റെ ദൈവദര്ശനം

 1 : മുപ്പതാംവര്‍ഷം നാലാംമാസം അഞ്ചാം ദിവസം ഞാന്‍ കേബാര്‍ നദിയുടെ തീരത്ത് പ്രവാസികളോടൊത്തു കഴിയുമ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. എനിക്കു ദൈവത്തിന്റെ ദര്‍ശനങ്ങള്‍ ഉണ്ടായി.   

2 : മാസത്തിന്റെ അഞ്ചാംദിവസം യഹോയാക്കിന്‍ രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാംവര്‍ഷം. 
 
3 : കല്‍ദായദേശത്ത് കേബാര്‍ നദീതീരത്തുവെച്ച് ബുസിയുടെ പുത്രനും പുരോഹിതനുമായ എസെക്കിയേലിനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി. അവിടെ കര്‍ത്താവിന്റെ കരം അവന്റെ മേല്‍ ഉണ്ടായിരുന്നു.   
 
4 : ഞാന്‍ നോക്കി. ഇതാ, വടക്കുനിന്ന് ഒരു കൊടുങ്കാറ്റു പുറപ്പെടുന്നു. ഒരു വലിയ മേഘവും അതിനുചുറ്റും പ്രകാശം പരത്തി ജ്വലിക്കുന്നതീയും തീയുടെ നടുവില്‍ മിന്നിത്തിളങ്ങുന്ന വെള്ളോടുപോലെ എന്തോ ഒന്നും.   
5 : നാലു ജീവികളുടെ രൂപങ്ങള്‍ അതിന്റെ മധ്യത്തില്‍ പ്രത്യക്ഷപ്പെട്ടു. അവയ്ക്ക് മനുഷ്യരുടെ ആകൃതിയായിരുന്നു.  
 
6 : എന്നാല്‍, ഓരോന്നിനും നാലു മുഖങ്ങളും നാലു ചിറകുകളും ഉണ്ടായിരുന്നു.  
 
7 : അവയുടെ കാലുകള്‍ നിവര്‍ന്നതും കാലടികള്‍ കാളക്കുട്ടിയുടെ കുളമ്പുപോലെയുള്ളതുമായിരുന്നു. തേച്ചു മിനുക്കിയ ഓടുപോലെ അവ തിളങ്ങി.   
 
8 : അവയുടെ നാലുവശത്തും ചിറകുകള്‍ക്കു കീഴില്‍ മനുഷ്യകരങ്ങളുണ്ടായിരുന്നു. നാലിനും മുഖങ്ങളും ചിറകുകളുമുണ്ടായിരുന്നു.  
 
9 : അവയുടെ ചിറകുകള്‍ പരസ്പരം സ്പര്‍ശിച്ചിരുന്നു. ഓരോന്നും ഇടംവലം തിരിയാതെ നേരേ മുമ്പോട്ടു നീങ്ങിയിരുന്നു.   
 
10 : അവയുടെ മുഖങ്ങള്‍ ഇപ്രകാരമായിരുന്നു - നാലിനും മുന്‍ഭാഗത്ത് മനുഷ്യന്റെ മുഖം; വലത്തുവശത്ത് സിംഹത്തിന്റെ മുഖം; ഇടത്തുവശത്ത് കാളയുടെ മുഖം; പിന്‍ഭാഗത്ത് കഴുകന്റെ മുഖം,
   
11 : അവയുടെ മുഖങ്ങള്‍ അങ്ങനെ. ചിറകുകള്‍ മേലോട്ടു വിരിച്ചിരിക്കുന്നു. ഓരോ ജീവിക്കും അടുത്തു നില്‍ക്കുന്ന ജീവിയുടെ ചിറകുകളെ സ്പര്‍ശിക്കുന്ന ഈരണ്ടു ചിറകുകളും ശരീരം മറയ്ക്കുന്ന ഈരണ്ടു ചിറകുകളും ഉണ്ടായിരുന്നു. 
 
12 : അവയോരോന്നും നേരേ മുമ്പോട്ടു പോയിരുന്നു. എങ്ങോട്ടു പോകണമെന്ന് ആത്മാവ് ഇച്ഛിച്ചുവോ അങ്ങോട്ട് അവ പോയി; ഇടംവലം തിരിഞ്ഞില്ല.   
 
13 : ആ ജീവികളുടെ രൂപം ജ്വലിക്കുന്നതീക്കനല്‍ പോലെ ആയിരുന്നു. അവയ്ക്കിടയില്‍ തീപ്പന്തം പോലെ എന്തോ ഒന്ന് ചലിച്ചിരുന്നു. ആ അഗ്‌നി ശോഭയുള്ളതായിരുന്നു. അതില്‍ നിന്നു മിന്നല്‍പ്പിണര്‍ പുറപ്പെട്ടിരുന്നു.     
 
14 : ആ ജീവികള്‍ ഇടിമിന്നല്‍ പോലെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുകൊണ്ടിരുന്നു.


Reading 3, ഹെബ്ര 11:23-26 : മിശിഹായെ പ്രതി സഹിക്കണം

 23 : വിശ്വാസം മൂലം മോശയെ, അവന്‍ ജനിച്ചപ്പോള്‍ മാതാപിതാക്കന്‍മാര്‍ മൂന്നു മാസത്തേക്ക് ഒളിച്ചുവച്ചു. എന്തെന്നാല്‍, കുട്ടി സുന്ദരനാണെന്ന് അവര്‍ കണ്ടു. രാജകല്‍പനയെ അവര്‍ ഭയപ്പെട്ടില്ല. 

24 : മോശ വളര്‍ന്നുവന്നപ്പോള്‍, ഫറവോയുടെ മകളുടെ മകന്‍ എന്നു വിളിക്കപ്പെടുന്നത് വിശ്വാസംമൂലം അവന്‍ നിഷേധിച്ചു. 
 
25 : പാപത്തിന്റെ നൈമിഷികസുഖങ്ങള്‍ ആസ്വദിക്കുന്നതിനെക്കാള്‍ ദൈവജനത്തിന്റെ കഷ്ടപ്പാടുകളില്‍ പങ്കുചേരുന്നതിനാണ് അവന്‍ ഇഷ്ടപ്പെട്ടത്.  
 
26 : ക്രിസ്തുവിനെ പ്രതി സഹിക്കുന്ന നിന്ദനങ്ങള്‍ ഈജിപ്തിലെ നിധികളെക്കാള്‍ വിലയേറിയ സമ്പത്തായി അവന്‍ കരുതി. തനിക്കു ലഭിക്കാനിരുന്ന പ്രതിഫലത്തിലാണ് അവന്‍ ദൃഷ്ടിപതിച്ചത്. 


Gospel, മത്ത 9: 9-13 : ലെവിയെ ശിഷ്യനാക്കുന്ന ഈശോ

 9 : യേശു അവിടെനിന്നു നടന്നുനീങ്ങവേ, മത്തായി എന്നൊരാള്‍ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു. യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു.  

10 : യേശു അവന്റെ ഭവനത്തില്‍ ഭക്ഷണത്തിനിരുന്നപ്പോള്‍ അനേകം ചുങ്കക്കാരും പാപികളും വന്ന്, അവനോടും ശിഷ്യന്‍മാരോടും കൂടെ ഭക്ഷണത്തിനിരുന്നു. 
 
11 : ഫരിസേയര്‍ ഇതുകണ്ട് ശിഷ്യന്‍മാരോടു ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതെന്തുകൊണ്ട്?   
 
12 : ഇതുകേട്ട് അവന്‍ പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം.   
 
13 : ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത് നീതിമാന്‍മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്.


Back to Top

Never miss an update from Syro-Malabar Church