Daily Readings for Friday February 23,2018

Reading 1, ഉല്‍‍പത്തി 6: 5-12 : തിന്‍മ വര്‍ധിക്കുന്നു

5 : ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും കര്‍ത്താവു കണ്ടു. 6 : ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതില്‍ കര്‍ത്താവു പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു. 7 : കര്‍ത്താവ് അരുളിച്ചെയ്തു: എന്റെ സൃഷ്ടിയായ മനുഷ്യനെ ഭൂമുഖത്തുനിന്നു ഞാന്‍ തുടച്ചുമാറ്റും. മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പറവകളെയും ഞാന്‍ നാമാവശേഷമാക്കും. അവയെ സൃഷ്ടിച്ചതില്‍ ഞാന്‍ ദുഃഖിക്കുന്നു. 8 : എന്നാല്‍, നോഹ കര്‍ത്താവിന്റെ പ്രീതിക്കു പാത്രമായി. 9 : ഇതാണ് നോഹയുടെ വംശാവലി: നോഹ നീതിമാനായിരുന്നു. ആ തലമുറയിലെ കറയറ്റ മനുഷ്യന്‍. അവന്‍ ദൈവത്തിന്റെ മാര്‍ഗത്തില്‍ നടന്നു. 10 : നോഹയ്ക്കു മൂന്നു പുത്രന്‍മാരുണ്ടായി: ഷേം, ഹാം, യാഫെത്ത്. 11 : ദൈവത്തിന്റെ ദൃഷ്ടിയില്‍ ഭൂമിയാകെ ദുഷിച്ചതായിത്തീര്‍ന്നു. എങ്ങും അക്രമം നടമാടി. 12 : ഭൂമി ദുഷിച്ചുപോയെന്നു ദൈവം കണ്ടു. ലോകത്തില്‍ മനുഷ്യരെല്ലാം ദുര്‍മാര്‍ഗികളായി.


Reading 2, ജോഷ്വാ 5: 1-12 : ദൈവകല്പന ലംഘിക്കുന്നവനു ശിക്ഷ

1 : ഇസ്രായേല്‍ ജനത്തിന് അക്കരെ കടക്കാന്‍ വേണ്ടി കര്‍ത്താവ് ജോര്‍ദാനിലെ ജലം വറ്റിച്ചുകളഞ്ഞെന്നു കേട്ടപ്പോള്‍ അതിന്റെ പടിഞ്ഞാറെക്കരയിലുള്ള അമോര്യരാജാക്കന്‍മാരും സമുദ്രതീരത്തുള്ള കാനാന്യ രാജാക്കന്‍ മാരും അവരെ ഭയപ്പെട്ട് ചഞ്ചലചിത്തരായി. 2 : അപ്പോള്‍ കര്‍ത്താവ് ജോഷ്വയോടു കല്‍പിച്ചു: കല്‍ക്കത്തിയുണ്ടാക്കി ഇസ്രായേല്‍ ജനത്തെ പരിച്‌ഛേദനം ചെയ്യുക. 3 : ജോഷ്വ ഗിബെയാത്ത്-ഹാരലോത്തില്‍ കല്‍ക്കത്തി കൊണ്ട് ഇസ്രായേല്‍ മക്കളെ പരിച്‌ഛേദനം ചെയ്തു. 4 : അവരെ പരിച്‌ഛേദനം ചെയ്യാന്‍ കാരണമിതാണ്: ഈജിപ്തില്‍നിന്നു പുറപ്പെട്ടപ്പോള്‍ യുദ്ധം ചെയ്യാന്‍ പ്രായമായിരുന്ന പുരുഷന്‍മാര്‍, മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടയില്‍ മരിച്ചുപോയി. 5 : ഈജിപ്തില്‍നിന്നു പുറപ്പെട്ടവരെല്ലാം പരിച്‌ഛേദിതരായിരുന്നെങ്കിലും യാത്രാമധ്യേ ജനിച്ചവര്‍ പരിച്‌ഛേദിതരായിരുന്നില്ല. 6 : ഇസ്രായേല്‍ജനം നാല്‍പതു സംവത്‌സരം മരുഭൂമിയിലൂടെ നടന്നു. ഈജിപ്തില്‍നിന്നു പുറപ്പെട്ട, യുദ്ധം ചെയ്യാന്‍ പ്രായമായ പുരുഷന്‍മാരെല്ലാം കര്‍ത്താവിന്റെ വാക്കു കേള്‍ക്കാഞ്ഞതുകൊണ്ട് മരിച്ചുപോയി; അവര്‍ക്കു നല്‍കുമെന്ന് പിതാക്കന്‍മാരോടു വാഗ്ദാനം ചെയ്ത, തേനും പാലും ഒഴുകുന്ന ദേശം അവരെ കാണിക്കുകയില്ലെന്ന് കര്‍ത്താവ് ശപഥം ചെയ്തിരുന്നു.7 : അവര്‍ക്കു പകരം അവകാശികളായി ഉയര്‍ത്തിയ മക്കളെയാണ് ജോഷ്വ പരിച്‌ഛേദനം ചെയ്യിച്ചത്; യാത്രാമധ്യേ പരിച്‌ഛേദനകര്‍മം നടന്നിരുന്നില്ല. 8 : പരിച്ഛേദനം കഴിഞ്ഞവര്‍ സൗഖ്യം പ്രാപിക്കുന്നതുവരെ അവര്‍ പാളയത്തില്‍ത്തന്നെ താമസിച്ചു.9 : അപ്പോള്‍ കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: ഈജിപ്തിന്റെ അപകീര്‍ത്തി ഇന്നു നിങ്ങളില്‍ നിന്നു ഞാന്‍ നീക്കിക്കളഞ്ഞിരിക്കുന്നു. അതിനാല്‍, ആ സ്ഥലം ഗില്‍ഗാല്‍ എന്ന് ഇപ്പോഴും അറിയപ്പെടുന്നു.10 : ഇസ്രായേല്‍ജനം ജറീക്കോ സമതലത്തിലെ ഗില്‍ഗാലില്‍ താവളമടിച്ചു. ആ മാസം പതിനാലാം ദിവസം വൈകുന്നേരം അവര്‍ അവിടെ പെസഹാ ആഘോഷിച്ചു. 11 : പിറ്റേദിവസം അവര്‍ ആ ദേശത്തെ വിളവില്‍ നിന്ന് ഉണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും വറുത്ത ഗോതമ്പും ഭക്ഷിച്ചു. 12 : പിറ്റേന്നു മുതല്‍ മന്നാ വര്‍ഷിക്കാതായി. ഇസ്രായേല്‍ ജനത്തിന് പിന്നീടു മന്നാ ലഭിച്ചില്ല. അവര്‍ ആ വര്‍ഷം മുതല്‍ കാനാന്‍ ദേശത്തെ ഫലങ്ങള്‍ കൊണ്ട് ഉപജീവനം നടത്തി.


Reading 3, റോമാ 7: 7-12 : ദൈവകല്പന വിശുദ്ധവും ന്യായവും നല്ലതും

7 : ആകയാല്‍ നാം എന്താണു പറയേണ്ടത്? നിയമം പാപമാണെന്നോ? ഒരിക്കലുമല്ല. എങ്കിലും, നിയമമില്ലായിരുന്നെങ്കില്‍ ഞാന്‍ പാപമെന്തെന്ന് അറിയുമായിരുന്നില്ല. മോഹിക്കരുത് എന്നു നിയമം അനുശാസിക്കാതിരുന്നെങ്കില്‍, മോഹം എന്തെന്നു ഞാന്‍ അറിയുമായിരുന്നില്ല.8 : എന്നാല്‍, പ്രമാണംവഴി അവസരം കണ്ടെത്തി പാപം എല്ലാവിധ മോഹവും എന്നില്‍ ജനിപ്പിച്ചു. നിയമത്തിന്റെ അഭാവത്തില്‍ പാപം നിര്‍ജീവമാണ്. 9 : ഒരു കാലത്ത് നിയമം കൂടാതെ ഞാന്‍ ജീവിച്ചു. എന്നാല്‍, പ്രമാണം വന്നപ്പോള്‍ പാപം സജീവമാവുകയും ഞാന്‍ മരിക്കുകയും ചെയ്തു.10 : ഇങ്ങനെ ജീവനുവേണ്ടിയുള്ള പ്രമാണം എനിക്കു മരണമായിത്തീര്‍ന്നു.11 : എന്തുകൊണ്ടെന്നാല്‍, പാപം കല്‍പനവഴി അവസരം കണ്ടെത്തി എന്നെ ചതിക്കുകയും അതുവഴി എന്നെ കൊല്ലുകയും ചെയ്തു.12 : നിയമം വിശുദ്ധംതന്നെ; കല്‍പന വിശുദ്ധവുംന്യായ വും നല്ലതുമാണ്.


Gospel, മര്‍ക്കോസ് 11: 27-33 : ഈശോയുടെ അധികാരം

27 : അവര്‍ വീണ്ടും ജറുസലെമില്‍ വന്നു. അവന്‍ ദേവാലയത്തിലൂടെ നടക്കുമ്പോള്‍ പ്രധാന പുരോഹിതന്‍മാരും നിയമജ്ഞരും ജനപ്രമാണികളും അവന്റെ അടുത്തെത്തി. 28 : അവര്‍ അവനോടു ചോദിച്ചു: എന്തധികാരത്താലാണ് നീ ഇവയൊക്കെ ചെയ്യുന്നത്? ഇവ പ്രവര്‍ത്തിക്കുന്നതിന് ആരാണ് നിനക്ക് അധികാരം നല്‍കിയത്?29 : യേശു പറഞ്ഞു: ഞാന്‍ നിങ്ങളോട് ഒരു കാര്യം ചോദിക്കാം. എന്നോട് ഉത്തരം പറയുവിന്‍. എന്തധികാരത്താലാണ് ഞാന്‍ ഇവ ചെയ്യുന്നതെന്ന് അപ്പോള്‍ പറയാം. 30 : യോഹന്നാന്റെ ജ്ഞാനസ്‌നാനം സ്വര്‍ഗത്തില്‍നിന്നോ മനുഷ്യരില്‍ നിന്നോ? ഉത്തരം പറയുവിന്‍.31 : അവര്‍ പരസ്പരം ആലോചിച്ചു: സ്വര്‍ഗത്തില്‍നിന്ന് എന്നു പറഞ്ഞാല്‍, പിന്നെ എന്തുകൊണ്ട് നിങ്ങള്‍ അവനെ വിശ്വസിച്ചില്ല എന്ന് അവന്‍ ചോദിക്കും. 32 : മനുഷ്യരില്‍നിന്ന് എന്നുപറയാന്‍ അവര്‍ക്കു ജനങ്ങളെ ഭയമായിരുന്നു. കാരണം, യോഹന്നാന്‍യഥാര്‍ഥത്തില്‍ ഒരു പ്രവാചകനാണെന്ന് എല്ലാവരും കരുതിയിരുന്നു. 33 : അതിനാല്‍, അവര്‍ യേശുവിനോടു പറഞ്ഞു: ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ. അപ്പോള്‍ യേശു പറഞ്ഞു: എന്തധികാരത്താലാണ് ഞാന്‍ ഇവ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല.


Back to Top

Never miss an update from Syro-Malabar Church