Daily Readings for Friday March 08,2019

March 2019
S M T W T F S
     12
3456789
10111213141516
17181920212223
24252627282930
31      
<< Feb   Apr > >>

Reading 1, ഉത്പ 4: 1-16 : കായേന് ശിക്ഷ

 1   ആദം തന്‍െറ ഭാര്യയായ ഹവ്വായോടുചേര്‍ന്നു. അവള്‍ ഗര്‍ഭംധരിച്ചു കായേനെ പ്രസവിച്ചു. അവള്‍ പറഞ്ഞു: കര്‍ത്താവു കടാക്ഷിച്ച് എനിക്കു പുത്രനെ ലഭിച്ചിരിക്കുന്നു.2 പിന്നീട് അവള്‍ കായേന്‍െറ സഹോദരന്‍ ആബേലിനെ പ്രസവിച്ചു. ആബേല്‍ ആട്ടിടയനും കായേന്‍ കൃഷിക്കാരനുമായിരുന്നു.3 ഒരിക്കല്‍ കായേന്‍ തന്‍െറ വിളവില്‍ ഒരു ഭാഗം കര്‍ത്താവിനു കാഴ്ച സമര്‍പ്പിച്ചു.4  ആബേല്‍ തന്‍െറ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ക്കുഞ്ഞുങ്ങളെയെടുത്ത് അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ അവിടുത്തേക്കു കാഴ്ചവച്ചു. ആബേലിലും അവന്‍െറ കാഴ്ച വസ്തുക്കളിലും അവിടുന്നു പ്രസാദിച്ചു.5 എന്നാല്‍ കായേനിലും അവന്‍െറ കാഴ്ച വസ്തുക്കളിലും അവിടുന്നു പ്രസാദിച്ചില്ല. ഇതു കായേനെ അത്യധികം കോപിപ്പിച്ചു. അവന്‍െറ മുഖം കറുത്തു.6 കര്‍ത്താവു കായേനോടു ചോദിച്ചു: നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട്? നിന്‍െറ മുഖം വാടിയിരിക്കുന്നതെന്തുകൊണ്ട്?7 ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ? നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം. അതു നിന്നില്‍ താത്പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം.8   ഒരു ദിവസം കായേന്‍ തന്‍െറ സഹോദരന്‍ ആബേലിനോടു പറഞ്ഞു: നമുക്കു വയലിലേക്കു പോകാം. അവര്‍ വയലിലായിരിക്കേ കായേന്‍ ആബേലിനോടു കയര്‍ത്ത് അവനെകൊന്നു.9 കര്‍ത്താവു കായേനോടു ചോദിച്ചു: നിന്‍െറ സഹോദരന്‍ ആബേല്‍ എവിടെ? അവന്‍ പറഞ്ഞു: എനിക്കറിഞ്ഞുകൂടാ. സഹോദരന്‍െറ കാവല്‍ക്കാരനാണോ ഞാന്‍ ?10   എന്നാല്‍ കര്‍ത്താവു പറഞ്ഞു: നീയെന്താണു ചെയ്തത്? നിന്‍െറ സഹോദരന്‍െറ രക്തം മണ്ണില്‍നിന്ന് എന്നെ വിളിച്ചു കരയുന്നു.11 നിന്‍െറ കൈയില്‍നിന്നു നിന്‍െറ സഹോദരന്‍െറ രക്തം കുടിക്കാന്‍ വായ് പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും.12 കൃഷിചെയ്യുമ്പോള്‍ മണ്ണു നിനക്കു ഫലംതരുകയില്ല. നീ ഭൂമിയില്‍ അലഞ്ഞുതിരിയുന്നവനായിരിക്കും.13 കായേന്‍ കര്‍ത്താവിനോടു പറഞ്ഞു: എനിക്കു വഹിക്കാവുന്നതിലും വലുതാണ് ഈ ശിക്ഷ.14  ഇന്ന് അവിടുന്ന് എന്നെ ഈ സ്ഥലത്തുനിന്ന് ആട്ടിപ്പായിച്ചിരിക്കുന്നു. അവിടുത്തെ സന്നിധിയില്‍നിന്നു ഞാന്‍ ഒളിച്ചു നടക്കണം. ഞാന്‍ ഭൂമിയില്‍ ഉഴലുന്നവനായിരിക്കും. കാണുന്നവരെല്ലാം എന്നെ കൊല്ലാന്‍ നോക്കും.15 കര്‍ത്താവുപറഞ്ഞു: ഒരിക്കലുമില്ല. കായേനെ കൊല്ലുന്നവന്‍െറ മേല്‍ ഏഴിരട്ടിയായി ഞാന്‍ പ്രതികാരംചെയ്യും. ആരും കായേനെ കൊല്ലാതിരിക്കാന്‍ കര്‍ത്താവ് അവന്‍െറ മേല്‍ ഒരടയാളം പതിച്ചു.16 കായേന്‍ കര്‍ത്താവിന്‍െറ സന്നിധിവിട്ട് ഏദനു കിഴക്കു നോദുദേശത്ത് വാസമുറപ്പിച്ചു.


Reading 2, ജോഷ്വ 3: 14-4: 9 : ഇസ്രായേൽ ജനം ജോർദാൻ കടക്കുന്നു

 14 തങ്ങള്‍ക്കു മുമ്പേ വാഗ്ദാനപേടകം വഹിച്ചുകൊണ്ടു പോകുന്ന പുരോഹിതന്‍മാരുടെകൂടെ ജനം ജോര്‍ദാന്‍നദി കടക്കുന്നതിനു കൂടാരങ്ങളില്‍നിന്നു പുറപ്പെട്ടു.15 വാഗ്ദാനപേടകം വഹിച്ചിരുന്നവര്‍ ജോര്‍ദാന്‍ നദീതീരത്തെത്തി. പേടകം വഹിച്ചിരുന്ന പുരോഹിതന്‍മാരുടെ പാദങ്ങള്‍ ജലത്തെ സ്പര്‍ശിച്ചു - കൊയ്ത്തുകാലം മുഴുവന്‍ ജോര്‍ദാന്‍ കരകവിഞ്ഞൊഴുകുക പതിവാണ്.16   വെള്ളത്തിന്‍െറ ഒഴുക്കു നിലച്ചു. സാരെഥാനു സമീപമുള്ള ആദം പട്ടണത്തിനരികെ അതു ചിറപോലെ പൊങ്ങി. അരാബാ ഉപ്പുകടലിലേക്ക് ഒഴുകിയ വെള്ളം നിശ് ശേഷം വാര്‍ന്നുപോയി. ജനം ജറീക്കോയ്ക്കു നേരേ മറുകര കടന്നു.17   ഇസ്രായേല്‍ജനം വരണ്ട നിലത്തുകൂടെ നദി കടന്നപ്പോള്‍ കര്‍ത്താവിന്‍െറ വാഗ്ദാനപേടകം വഹിച്ചുകൊണ്ട് പുരോഹിതന്‍മാര്‍ ജോര്‍ദാന്‍െറ മധ്യത്തില്‍ വരണ്ട നിലത്തുനിന്നു. സര്‍വരും ജോര്‍ദാന്‍ കടക്കുന്നതുവരെ അവര്‍ അവിടെ നിന്നു.1 ജനം ജോര്‍ദാന്‍ കടന്നു കഴിഞ്ഞപ്പോള്‍ കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു:2 ഓരോ ഗോത്രത്തിലുംനിന്ന് ഒരാളെ വീതം ജനത്തില്‍നിന്നു പന്ത്രണ്ടു പേരെ തിരഞ്ഞെടുക്കുക; അവരോടു പറയുക:3 ജോര്‍ദാന്‍െറ നടുവില്‍ പുരോഹിതന്‍മാര്‍ നിന്നിരുന്ന സ്ഥ ലത്തുനിന്നു പന്ത്രണ്ടു കല്ലു കൊണ്ടുവന്ന് ഇന്നു രാത്രി നിങ്ങള്‍ താവളമടിക്കുന്ന സ്ഥ ലത്തു സ്ഥാപിക്കണം.4 ഗോത്രത്തിന് ഒന്നുവീതം ഇസ്രായേല്‍ജനത്തില്‍നിന്നു തിരഞ്ഞെടുത്ത പന്ത്രണ്ടു പേരെ ജോഷ്വ വിളിച്ചു;5 അവന്‍ അവരോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ പേടകത്തിനുമുമ്പേ ജോര്‍ദാന്‍െറ മധ്യത്തിലേക്കു പോകുവിന്‍. അവിടെനിന്ന് ഇസ്രായേല്‍ ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് ഓരോരുത്തരും ഓരോ കല്ല് ചുമലില്‍ എടുക്കണം.6 ഇതു നിങ്ങള്‍ക്ക് ഒരു സ്മാരകമായിരിക്കും.7 ഇത് എന്തു സൂചിപ്പിക്കുന്നു എന്ന് ഭാവിയില്‍ നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ അവരോടു പറയണം: കര്‍ത്താവിന്‍െറ വാഗ്ദാനപേ ടകം നദി കടന്നപ്പോള്‍ ജോര്‍ദാനിലെ ജലം വിഭജിക്കപ്പെട്ടു. ഈ കല്ലുകള്‍ എക്കാലവും ഇസ്രായേല്‍ ജനത്തെ ഇക്കാര്യം അനുസ്മരിപ്പിക്കും.8 ജോഷ്വ ആജ്ഞാപിച്ചതുപോലെ ജനംചെയ്തു. കര്‍ത്താവ് ജോഷ്വയോടു പറഞ്ഞതുപോലെ ഇസ്രായേല്‍ ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് അവര്‍ ജോര്‍ദാനില്‍ നിന്ന് പന്ത്രണ്ടു കല്ല് എടുത്തു; അതു കൊണ്ടുപോയി തങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തു വച്ചു.9 ജോര്‍ദാന്‍െറ നടുവില്‍ വാഗ്ദാനപേടകം വഹിക്കുന്ന പുരോഹിതന്‍മാര്‍ നിന്നിരുന്നിടത്തും ജോഷ്വ പന്ത്രണ്ടു കല്ലു സ്ഥാപിച്ചു. അവ ഇന്നും അവിടെയുണ്ട്.


Reading 3, റോമാ 4: 13-25 : അബ്രാഹത്തിന്റെ വിശ്വാസം

13   ലോകത്തിന്‍െറ അവകാശിയാകും എന്ന വാഗ്ദാനം അബ്രാഹത്തിനോ അവന്‍െറ സന്തതിക്കോ ലഭിച്ചത് നിയമത്തിലൂടെയല്ല, വിശ്വാസത്തിന്‍െറ നീതിയിലൂടെയാണ്.14   നിയമത്തെ ആശ്രയിക്കുന്നവര്‍ക്കാണ് അവകാശമെങ്കില്‍ വിശ്വാസം നിരര്‍ഥകവും വാഗ്ദാനം നിഷ്ഫലവുമായിത്തീരും.15   എന്തെന്നാല്‍, നിയമം ക്രോധത്തിനു ഹേതുവാണ്. നിയമമില്ലാത്തിടത്തു ലംഘനമില്ല.16 അതിനാല്‍, വാഗ്ദാനം നല്‍കപ്പെട്ടത് വിശ്വാസത്തിന്‍െറ അടിസ്ഥാനത്തിലാണ്. അത് ഒരു ദാനമായിരിക്കുന്നതിനും അങ്ങനെ അബ്രാഹത്തിന്‍െറ എല്ലാ സന്തതിക്കും - നിയമം ലഭിച്ച സന്തതിക്കു മാത്രമല്ല, അബ്രാഹത്തിന്‍െറ വിശ്വാസത്തില്‍ പങ്കുചേ രുന്ന സന്തതിക്കും-ലഭിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുന്നതിനും വേണ്ടിയാണ്. അവന്‍ നമ്മളെല്ലാവരുടെയും പിതാവാണ്.17   ഞാന്‍ നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ. മരിച്ചവര്‍ക്കു ജീവനും അസ്തിത്വമില്ലാത്തവയ്ക്ക് അസ്തിത്വവും നല്‍കുന്നവന്‍െറ മുമ്പില്‍, അവന്‍ വിശ്വാസമര്‍പ്പിച്ചദൈവത്തിന്‍െറ സന്നിധിയില്‍, ഉറപ്പുള്ളതായിരുന്നു ഈ വാഗ്ദാനം.18  നിന്‍െറ സന്തതി ഇപ്രകാരമായിരിക്കും എന്നു പറയപ്പെട്ടിരുന്നതനുസരിച്ച് താന്‍ അനേകം ജനതകളുടെ പിതാവാകും എന്ന്, പ്രതീക്ഷയ്ക്ക് സാധ്യത ഇല്ലാതിരുന്നിട്ടും, പ്രതീക്ഷയോടെ അവന്‍ വിശ്വസിച്ചു.19   നൂറു വയസ്സായ തന്‍െറ ശരീരം മൃതപ്രായമായിരിക്കുന്നെന്നും സാറായുടെ ഉദരം വന്ധ്യമാണെന്നും അറിയാമായിരുന്നിട്ടും അവന്‍െറ വിശ്വാസം ദുര്‍ബലമായില്ല.20 വിശ്വാസമില്ലാത്തവനെപ്പോലെ ദൈവത്തിന്‍െറ വാഗ്ദാനത്തിനെതിരായി അവന്‍ ചിന്തിച്ചില്ല. മറിച്ച്, ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് അവന്‍ വിശ്വാസത്താല്‍ ശക്തിപ്രാപിച്ചു.21 വാഗ്ദാനം നിറവേറ്റാന്‍ ദൈവത്തിനു കഴിയുമെന്ന് അവനു പൂര്‍ണബോധ്യമുണ്ടായിരുന്നു.22 അതുകൊണ്ടാണ് അവന്‍െറ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്.23 അവന് അതു നീതിയായി പരിഗണിക്കപ്പെട്ടു എന്നെഴുതിയിരിക്കുന്നത് അവനെ സംബന്ധിച്ചു മാത്രമല്ല,24 നമ്മെ സംബന്ധിച്ചുകൂടിയാണ്. നമ്മുടെ പാപങ്ങളുടെ മോചനത്തിനായി മരണത്തിന് ഏല്‍പിക്കപ്പെടുകയും25 നമ്മുടെ നീതീകരണത്തിനായി ഉയിര്‍പ്പിക്കപ്പെടുകയും ചെയ്ത നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവനില്‍ വിശ്വസിക്കുന്ന നമുക്കും അത് നീതിയായി പരിഗണിക്കപ്പെടും.


Gospel, മത്താ 7: 1-6 : ആരെയും വിധിക്കരുത്

 1 വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്.2 നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.3 നീ സഹോദരന്‍െറ കണ്ണിലെ കരടു കാണുകയും നിന്‍െറ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്?4 അഥവാ, നിന്‍െറ കണ്ണില്‍ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാന്‍ നിന്‍െറ കണ്ണില്‍ നിന്നു കരടെടുത്തുകളയട്ടെ എന്ന് എങ്ങനെ പറയും?5 കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്‍െറ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്ച തെളിയും.6 വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്തേക്കാം.


Back to Top

Never miss an update from Syro-Malabar Church