Daily Readings for Wednesday March 06,2019

March 2019
S M T W T F S
     12
3456789
10111213141516
17181920212223
24252627282930
31      
<< Feb   Apr > >>

Reading 1, ഉത്പ 2: 18-25 : ഹവ്വയെ സൃഷ്ടിക്കുന്നു

 18 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും.19 ദൈവമായ കര്‍ത്താവ് ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ സകല പക്ഷികളെയും മണ്ണില്‍നിന്നു രൂപപ്പെടുത്തി. അവയ്ക്കു മനുഷ്യന്‍ എന്തു പേരിടുമെന്ന് അറിയാന്‍ അവിടുന്ന് അവയെ അവന്‍െറ മുമ്പില്‍ കൊണ്ടുവന്നു. മനുഷ്യന്‍ വിളിച്ചത് അവയ്ക്കു പേരായിത്തീര്‍ന്നു.20 എല്ലാ കന്നുകാലികള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും വയലിലെ മൃഗങ്ങള്‍ക്കും അവന്‍ പേരിട്ടു. എന്നാല്‍, തനിക്കിണങ്ങിയ തുണയെ കണ്ടില്ല.21   അതുകൊണ്ട്, ദൈവമായ കര്‍ത്താവ് മനുഷ്യനെ ഗാഢനിദ്രയിലാഴ്ത്തി, ഉറങ്ങിക്കിടന്ന അവന്‍െറ വാരിയെല്ലുകളില്‍ ഒന്ന് എടുത്തതിനുശേഷം അവിടം മാംസംകൊണ്ടു മൂടി.22 മനുഷ്യനില്‍നിന്ന് എടുത്ത വാരിയെല്ലുകൊണ്ട് അവിടുന്ന് ഒരു സ്ത്രീക്കു രൂപംകൊടുത്തു. അവളെ അവന്‍െറ മുമ്പില്‍ കൊണ്ടുവന്നു.23   അപ്പോള്‍ അവന്‍ പറഞ്ഞു: ഒടുവില്‍ ഇതാ എന്‍െറ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും. നരനില്‍നിന്ന് എടുക്കപ്പെട്ടതുകൊണ്ട് നാരിയെന്ന് ഇവള്‍ വിളിക്കപ്പെടും.24   അതിനാല്‍, പുരുഷന്‍ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും.25 പുരുഷനും അവന്‍െറ ഭാര്യയും നഗ്നരായിരുന്നു. എങ്കിലും അവര്‍ക്കു ലജ്ജ തോന്നിയിരുന്നില്ല.


Reading 2, ജോഷ്വ 2: 8-24 : ഇസ്രയേലിന്റെ ചാരന്മാരെ സംരക്ഷിക്കുന്ന രാഹാബ്

 8 കിടക്കാന്‍ പോകുന്നതിനു മുമ്പ് റാഹാബ് അവരുടെ അടുക്കല്‍ ചെന്നു പറഞ്ഞു:9 കര്‍ത്താവ് ഈ ദേശം നിങ്ങള്‍ക്കു തന്നിരിക്കുന്നു എന്ന് ഞാന്‍ അറിയുന്നു. നിങ്ങള്‍ ഞങ്ങളെ ഭയചകിതരാക്കുന്നു; നാടു മുഴുവന്‍ നിങ്ങളെക്കുറിച്ചുള്ള ഭീതി നിറഞ്ഞിരിക്കുന്നു.10   നിങ്ങള്‍ ഈജിപ്തില്‍നിന്നുപോന്നപ്പോള്‍ കര്‍ത്താവ് നിങ്ങള്‍ക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും, ജോര്‍ദാനക്കരെ സീഹോന്‍, ഓഗ് എന്ന രണ്ട് അമോര്യ രാജാക്കന്‍മാരെ നിങ്ങള്‍ നിര്‍മൂലമാക്കിയതും ഞങ്ങള്‍ കേട്ടിട്ടുണ്ട്.11 ഇതു കേട്ടപ്പോള്‍ ഞങ്ങളുടെ മനസ്സു തകര്‍ന്നു. നിങ്ങള്‍ നിമിത്തം എല്ലാവരും നഷ്ടധൈര്യരായിത്തീര്‍ന്നു; മുകളില്‍ ആകാശത്തിലും താഴെ ഭൂമിയിലും നിങ്ങളുടെ ദൈവമായ കര്‍ത്താവുതന്നെയാണു ദൈവം.12 അതുകൊണ്ട് ഞാന്‍ നിങ്ങളോട് കാരുണ്യത്തോടെ വര്‍ത്തിക്കുന്നതുപോലെ നിങ്ങള്‍ എന്‍െറ പിതൃഭവനത്തോടും കാരുണ്യപൂര്‍വം വര്‍ത്തിക്കുമെന്ന് കര്‍ത്താവിന്‍െറ നാമത്തില്‍ എന്നോടു ശപഥം ചെയ്യുവിന്‍.13 എന്‍െറ മാതാപിതാക്കളുടെയും സഹോദരീസഹോദരന്‍മാരുടെയും മറ്റു ബന്ധുക്കളുടെയും ജീവന്‍ രക്ഷിക്കുമെന്നതിന് ഉറപ്പുള്ള അടയാളവും എനിക്കു തരണം.14 അവര്‍ പറഞ്ഞു: നിങ്ങളുടെ ജീവനു പകരം ഞങ്ങളുടെ ജീവന്‍ കൊടുക്കും. ഇക്കാര്യം നീ ആരോടും പറയാതിരുന്നാല്‍ കര്‍ത്താവ് ഈ ദേശം ഞങ്ങള്‍ക്ക് ഏല്‍പിച്ചു തരുമ്പോള്‍ നിങ്ങളോടു കാരുണ്യത്തോടും വിശ്വസ്തതയോടും കൂടെ ഞങ്ങള്‍ വര്‍ത്തിക്കും.15   മതിലിനോടു ചേര്‍ത്തു പണിതതായിരുന്നു അവളുടെ വീട്. ജനലില്‍ക്കൂടി കയറുവഴി അവള്‍ അവരെ താഴേക്കിറക്കിവിട്ടു.16 അവള്‍ അവരോടു പറഞ്ഞു: തേടിപ്പോയ വര്‍ നിങ്ങളെ കണ്ടുമുട്ടാതിരിക്കാന്‍, നിങ്ങള്‍ മലമുകളിലേക്കു പോയി, അവര്‍ തിരിച്ചു വരുവോളം, മൂന്നു ദിവസം അവിടെ ഒളിച്ചിരിക്കുവിന്‍. അതിനു ശേഷം നിങ്ങളുടെ വഴിക്കുപോകാം.17 അവര്‍ പറഞ്ഞു: ഞങ്ങളെക്കൊണ്ടു ശപഥം ചെയ്യിച്ചവാഗ്ദാനം ഞങ്ങള്‍ പാലിക്കും.18 ഞങ്ങള്‍ തിരിച്ചുവരുമ്പോള്‍ ഞങ്ങളെ ഇറക്കിവിട്ട ജനാലയില്‍ ചുവന്ന ഈ ചരട് കെട്ടിയിരിക്കണം. നിന്‍െറ മാതാപിതാക്കളെയും സഹോദരരെയും പിതൃഭവനത്തിലെ എല്ലാവരെയും നിന്‍െറ വീട്ടില്‍ വിളിച്ചുകൂട്ടണം.19 ആരെങ്കിലും നിന്‍െറ വീടിന്‍െറ പടിവാതില്‍ കടന്ന് തെരുവിലേക്കു പോകുന്നുവെങ്കില്‍ അവന്‍െറ മരണത്തിന് അവന്‍ തന്നെ ഉത്തരവാദിയായിരിക്കും; ഞങ്ങള്‍ നിരപരാധരും. എന്നാല്‍, വീട്ടിലായിരിക്കുമ്പോള്‍ നിങ്ങളിലാരെങ്കിലും വധിക്കപ്പെട്ടാല്‍ അവന്‍െറ രക്തത്തിന് ഞങ്ങള്‍ ഉത്തരവാദികളായിരിക്കും.20 ഇക്കാര്യം നീ വെളിപ്പെടുത്തിയാല്‍ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച ഈ ശപഥത്തില്‍നിന്ന് ഞങ്ങള്‍ വിമുക്തരായിരിക്കും.21 അങ്ങനെയാവട്ടെ എന്നു പറഞ്ഞ് അവള്‍ അവരെയാത്രയാക്കി. അവര്‍ പോയി. ആ ചുവന്ന ചരട് അവള്‍ ജനാലയില്‍കെട്ടിയിട്ടു.22 അന്വേഷകര്‍ തിരിച്ചു വരുന്നതുവരെ മൂന്നു ദിവസം അവര്‍ മലയില്‍ ഒളിച്ചിരുന്നു. തിരഞ്ഞു പോയവര്‍ വഴിനീളേ അന്വേഷിച്ചെങ്കിലും അവരെ കണ്ടെണ്ടത്തിയില്ല.23 അനന്തരം, ചാരന്‍മാര്‍ മലയില്‍നിന്നിറങ്ങി. നദി കടന്ന് നൂനിന്‍െറ മകനായ ജോഷ്വയുടെ അടുക്കലെത്തി. സംഭവിച്ചതെല്ലാം അറിയിച്ചു.24 അവര്‍ പറഞ്ഞു: ആ ദേശം കര്‍ത്താവു നമുക്ക് ഏല്‍പിച്ചു തന്നിരിക്കുന്നു; തീര്‍ച്ച. അവിടത്തുകാരെല്ലാം നമ്മെ ഭയപ്പെട്ടാണ് കഴിയുന്നത്.


Reading 3, റോമാ 2: 12-24 : രക്ഷ നിയമം വഴി അല്ല

 12 നിയമബദ്ധരല്ലാതിരിക്കേ പാപം ചെയ്ത വരെല്ലാം നിയമം കൂടാതെ നശിക്കും; നിയമ ബദ്ധരായിരിക്കേ പാപം ചെയ്തവര്‍ നിയമാനുസൃതം വിധിക്കപ്പെടും.13   കാരണം, നിയമം ശ്രവിക്കുന്നവരല്ല ദൈവസമക്ഷം നീതിമാ ന്‍മാര്‍; നിയമം അനുസരിക്കുന്നവരാണ് നീതീകരിക്കപ്പെടുന്നത്.14 നിയമം ലഭിച്ചിട്ടില്ലാത്ത വിജാതീയര്‍ നിയമം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ സ്വാഭാവികമായിത്തന്നെ നിറവേറ്റുമ്പോള്‍, നിയമമില്ലെന്നിരിക്കിലും, അവര്‍ തങ്ങള്‍ക്കുതന്നെ ഒരു നിയമമാവുകയാണു ചെയ്യുന്നത്.15 നിയമത്തിന്‍െറ അനുശാസനം തങ്ങളുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ സ്പഷ്ടമാക്കുന്നു. അവരുടെ മനഃസാക്ഷി അതിനു സാക്ഷ്യം നല്‍കുന്നു. അവരുടെ വൈരുധ്യമാര്‍ന്ന വിചാരങ്ങള്‍ അവരെ കുറ്റപ്പെടുത്തുകയോന്യായീകരിക്കുകയോ ചെയ്യും.16 ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷമനുസരിച്ചു ദൈവം യേശുക്രിസ്തുവഴി മനുഷ്യരുടെ രഹസ്യങ്ങള്‍ വിധിക്കുന്ന ദിവസം ഇതും വെളിവാകും.17 നീ യഹൂദനെന്നു വിളിക്കപ്പെടുന്നു; നിയമത്തില്‍ ആശ്രയിക്കുന്നു; ദൈവത്തില്‍ അഭിമാനം കൊള്ളുന്നു.18 നീ നിയമം പഠിച്ചിട്ടുള്ളതിനാല്‍, ദൈവഹിതം അറിയുകയും ശ്രേഷ്ഠമായതിനെ അംഗീകരിക്കുകയും ചെയ്യുന്നു.19 ജ്ഞാനത്തിന്‍െറയും സ ത്യത്തിന്‍െറയും മൂര്‍ത്തരൂപം നിയമത്തില്‍ നിനക്കു ലഭിച്ചിരിക്കുന്നതുകൊണ്ട്,20 നീ അന്ധന്‍മാര്‍ക്കു വഴികാട്ടിയും ഇരുട്ടിലിരിക്കുന്നവര്‍ക്കു വെളിച്ചവും അജ്ഞര്‍ക്ക് ഉപദേഷ്ടാവും കുട്ടികള്‍ക്ക് അധ്യാപകനും ആണെന്നു നിനക്ക് ഉറപ്പുണ്ടെങ്കില്‍,21  മറ്റുള്ളവരെ പഠിപ്പിക്കുന്ന നീ നിന്നെത്തന്നെ പഠിപ്പിക്കാത്തതെന്ത്? മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?22 വ്യഭിചാരം ചെയ്യരുതെന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ദേവാലയം കവര്‍ച്ച ചെയ്യുന്നുവോ?23 നിയമത്തില്‍ അഭിമാനിക്കുന്ന നീ നിയമം ലംഘിച്ച് ദൈവത്തെ അവമാനിക്കുന്നുവോ?24   നിങ്ങള്‍ നിമിത്തം ദൈവത്തിന്‍െറ നാമം വിജാതീയരുടെയിടയില്‍ ദുഷിക്കപ്പെടുന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ.25 നീ നിയമമനുസരിക്കുന്നവനാണെങ്കില്‍ പരിച്ഛേദനം അര്‍ഥവത്താണ്; നിയമം ലംഘിക്കുന്നവനാണെങ്കിലോ നിന്‍െറ പരിച്ഛേദനം പരിച്ഛേദനമല്ലാതായിത്തീരുന്നു.26 അതുകൊണ്ട്, നിയമം പാലിക്കുന്ന അപരിച്ഛേദിതനെ പരിച്ഛേദിതനായി കണക്കാക്കിക്കൂടെ?27 ശാരീരികമായി പരിച്ഛേദനം നടത്താതെതന്നെ നിയമം അനുസ രിക്കുന്നവര്‍ നിയമവും പരിച്ഛേദനവുമുണ്ടായിട്ടും നിയമം ലംഘിക്കുന്ന നിന്നെ കുറ്റം വിധിക്കും.28 എന്തെന്നാല്‍, ബാഹ്യമായി യഹൂദനായിരിക്കുന്നവനല്ല യഥാര്‍ഥ യഹൂദന്‍. യഥാര്‍ഥ പരിച്ഛേദനം ബാഹ്യമോ ശാരീരികമോ അല്ല.29 ആന്തരികമായി യഹൂദനായിരിക്കുന്നവനാണ്യഥാര്‍ഥ യഹൂദന്‍; ഹൃദയത്തില്‍ നടക്കുന്ന പരിച്ഛേദനമാണ്യഥാര്‍ഥ പരിച്ഛേദനം. അത് ആത്മീയമാണ്. അക്ഷരാര്‍ഥത്തിലുള്ളതല്ല. അവനു പ്രശംസ ലഭിക്കുന്നത് മനുഷ്യരില്‍നിന്നല്ല, ദൈവത്തില്‍ നിന്നാണ്.


Gospel, മത്താ 6: 5-8 : രഹസ്യത്തിൽ പ്രാർത്ഥിക്കുവിൻ

 5 നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു.6 എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്‍െറ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്‍െറ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലംനല്‍കും.7 പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്.8 നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു.


Back to Top

Never miss an update from Syro-Malabar Church