Daily Readings for Sunday January 27,2019

January 2019
S M T W T F S
  12345
6789101112
13141516171819
20212223242526
2728293031  
<< Dec   Feb > >>

Reading 1, സംഖ്യ 11:23-35 : ഇസ്രായേലിനു വെളിപ്പെടുത്തുന്ന ദൈവിക മഹത്വം

 23 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: എന്‍െറ കൈക്കു നീളം കുറഞ്ഞുപോയോ? എന്‍െറ വാക്കു നിറവേറുമോ ഇല്ലയോ എന്നു നീ കാണും.24 മോശ പുറത്തു ചെന്നു കര്‍ത്താവിന്‍െറ വാക്കുകള്‍ ജനത്തെ അറിയിച്ചു. അവരുടെ നേതാക്കളില്‍നിന്ന് എഴുപതുപേരെ ഒരുമിച്ചുകൂട്ടി കൂടാരത്തിനു ചുറ്റും നിറുത്തി.25 കര്‍ത്താവ് മേഘത്തില്‍ ഇറങ്ങിവന്ന് അവനോടു സംസാരിച്ചു. അവിടുന്നു മോശയുടെമേലുണ്ടായിരുന്ന ചൈതന്യത്തില്‍ ഒരു ഭാഗം എഴുപതു നേതാക്കന്മാരുടെമേല്‍ പകര്‍ന്നു. അപ്പോള്‍ അവര്‍ പ്രവചിച്ചു. പിന്നീട് അവര്‍ പ്രവചിച്ചിട്ടില്ല.26 എല്‍ദാദ്, മെദാദ് എന്നീ രണ്ടുപേര്‍ പാളയത്തിനുള്ളില്‍ത്തന്നെ കഴിഞ്ഞു. അവര്‍ക്കും ചൈതന്യം ലഭിച്ചു. അവര്‍ പട്ടികയിലുള്‍പ്പെട്ടിരുന്നെങ്കിലും കൂടാരത്തിന്‍െറ സമീപത്തേക്കു പോയിരുന്നില്ല. അവര്‍ പാളയത്തിനുള്ളില്‍വച്ചുതന്നെ പ്രവചിച്ചു.27 എല്‍ദാദും മെദാദും പാളയത്തില്‍വച്ചു പ്രവചിക്കുന്നുവെന്ന് ഒരുയുവാവ് ഓടിച്ചെന്നു മോശയോടു പറഞ്ഞു.28 ഇതു കേട്ട് നൂനിന്‍െറ മകനും മോശയുടെ തിരഞ്ഞെടുക്കപ്പെട്ട ശുശ്രൂഷകരില്‍ ഒരുവനുമായ ജോഷ്വ പറഞ്ഞു: പ്രഭോ, അവരെ വിലക്കുക.29 മോശ ജോഷ്വയോടു പറഞ്ഞു: എന്നെപ്രതി നീ അസൂയപ്പെടുന്നുവോ? കര്‍ത്താവിന്‍െറ ജനം മുഴുവന്‍ പ്രവാചകന്‍മാരാവുകയും അവിടുന്നു തന്‍െറ ആത്മാവിനെ അവര്‍ക്കു നല്‍കുകയും ചെയ്തിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു.30 മോശയും ഇസ്രായേലിലെ നേതാക്കന്‍മാരും പാളയത്തിലേക്കു മടങ്ങി.

31   പെട്ടെന്ന് കര്‍ത്താവ് ഒരു കാറ്റയച്ചു. ആ കാറ്റ് കടലില്‍നിന്നു കാടപ്പക്ഷികളെ കൊണ്ടുവന്നു. ഒരു ദിവസത്തെയാത്രയുടെ ദൂരം വ്യാസാര്‍ധത്തില്‍ കൂടാരത്തിനുചുറ്റും രണ്ടു മുഴം ഘനത്തില്‍ മൂടിക്കിടക്കത്തക്കവിധം അതു വീണു.32 ജനം അന്നു പകലും രാത്രിയും പിറ്റേന്നും കാടപ്പക്ഷികളെ ശേഖരിച്ചു. ഏറ്റവും കുറച്ചു ശേഖരിച്ചവനുപോലും പത്തു ഹോമര്‍ കിട്ടി. അവര്‍ അതു പാളയത്തിനു ചുറ്റും ഉണങ്ങാനിട്ടു.33 എന്നാല്‍, ഇറച്ചി ഭക്ഷിച്ചുകൊണ്ടിരിക്കെത്തന്നെ കര്‍ത്താവിന്‍െറ കോപം ജനത്തിനെതിരേ ആളിക്കത്തി. ഒരു മഹാമാരി അയച്ച് അവിടുന്ന് അവരെ ശിക്ഷിച്ചു.34 അത്യാഗ്രഹികളെ സംസ്കരിച്ചതുകൊണ്ട് ആ സ്ഥലത്തിനു കിബ്രോത്ത് ഹത്താവ എന്നുപേരിട്ടു.35 കിബ്രോത്ത് ഹത്താവയില്‍നിന്നു ജനം ഹസേറോത്തില്‍ ചെന്നു താമസിച്ചു.


Reading 2, ഏശയ്യാ 46:5-13 : ഇസ്രയേലിന്റെ ആസന്നമായ രക്ഷയെ വെളിപ്പെടുത്തുന്നു

 5 ആരോടു നീ എന്നെ സാദൃശ്യപ്പെടുത്തും? ആരാണ് എനിക്കു തുല്യന്‍? ആരോടു നീ എന്നെതുലനം ചെയ്യും?6 എനിക്കു സമനായി ആരുണ്ട്? മടിശ്ശീലയില്‍നിന്നു ധാരാളമായി സ്വര്‍ണവും വെള്ളിക്കോലില്‍ തൂക്കി വെള്ളിയും എടുത്ത് ദേവനെ നിര്‍മിക്കാന്‍ സ്വര്‍ണപ്പണിക്കാരനെ അവര്‍ കൂലിക്കെടുക്കുന്നു; അതിന്‍െറ മുന്‍പില്‍ വീണ് ആരാധിക്കുന്നു.7 അവര്‍ അതിനെ ചുമലില്‍ വഹിച്ചുകൊണ്ടുപോയിയഥാസ്ഥാനം ഉറപ്പിക്കുന്നു. അവിടെനിന്ന് അതിനു ചലിക്കാനാവില്ല. ഒരുവന്‍ കേണപേക്ഷിച്ചാല്‍ അത് ഉത്തരമരുളുകയോ ക്ളേശങ്ങളില്‍നിന്ന് അവനെ രക്ഷിക്കുകയോ ചെയ്യുന്നില്ല.8 അതിക്രമികളേ, ഓര്‍മിക്കുവിന്‍. നിങ്ങള്‍ ഇത് അനുസ്മരിക്കുകയും മനസ്സില്‍ വയ്ക്കുകയും ചെയ്യുവിന്‍.9 പഴയ കാര്യങ്ങള്‍ ഓര്‍ക്കുവിന്‍, ഞാനാണു ദൈവം; ഞാനല്ലാതെ മറ്റൊരുവനില്ല. ഞാന്‍ തന്നെ ദൈവം, എന്നെപ്പോലെ മറ്റാരുമില്ല.10 എന്‍െറ ഉപദേശങ്ങള്‍ നിലനില്‍ക്കും, എന്‍െറ ഉദ്ദേശ്യങ്ങള്‍ ഞാന്‍ നിറവേറ്റുകയും ചെയ്യും എന്നു പറഞ്ഞ് ആദിയിലേ ഞാന്‍ എന്‍െറ ഉദ്ദേശ്യം വെളിപ്പെടുത്തി. പുരാതനകാലംമുതല്‍ സംഭവിക്കാനിരിക്കുന്നവ ഞാന്‍ വെളിപ്പെടുത്തി.11 കിഴക്കുനിന്ന് ഒരു ഹിംസ്രപക്ഷിയെ ഞാന്‍ വിളിക്കും. എന്‍െറ അഭീഷ്ടം നിറവേറ്റുന്ന ഒരുവനെ ദൂരദേശത്തുനിന്നു വരുത്തും. ഞാന്‍ പറഞ്ഞു, അതു ചെയ്യും; തീരുമാനിച്ചു, അതു നടപ്പിലാക്കും.12 വിമോചനം അകലെയാണെന്നു കരുതുന്ന മര്‍ക്കടമുഷ്ടികളേ, എന്‍െറ വാക്കു കേള്‍ക്കുവിന്‍.13 ഞാന്‍ മോചനം ആസന്നമാക്കിയിരിക്കുന്നു; അതു വിദൂരത്തല്ല. ഞാന്‍ രക്ഷ താമസിപ്പിക്കുകയില്ല. ഞാന്‍ സിയോനു രക്ഷയും ഇസ്രായേലിനു മഹത്വവും നല്‍കും.


Reading 3, ഹെബ്രാ 7:23-28 : നിത്യ പുരോഹിതനായ മിശിഹാ രക്ഷയുടെ മധ്യസ്ഥൻ

 23 മുന്‍കാലങ്ങളില്‍ അനേകം പുരോഹിതന്‍മാരുണ്ടായിരുന്നു. എന്നാല്‍, ശുശ്രൂഷയില്‍ തുടരാന്‍മരണം അവരെ അനുവദിച്ചില്ല.24 യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട് അവന്‍െറ പൗരോഹിത്യം കൈമാറപ്പെടുന്നില്ല.25 തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്ഷിക്കാന്‍ അവനു കഴിവുണ്ട്. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു.26 പരിശുദ്ധനും ദോഷരഹിതനും നിഷ് കളങ്കനും പാപികളില്‍നിന്നു വേര്‍തിരിക്കപ്പെട്ടവനും സ്വര്‍ഗത്തിനുമേല്‍ ഉയര്‍ത്തപ്പെട്ടവനുമായ ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ടായിരിക്കുക ഉചിതമായിരുന്നു.27   അന്നത്തെ പ്രധാനപുരോഹിതന്‍മാരെപ്പോലെ, ആദ്യമേസ്വന്തം പാപങ്ങള്‍ക്കു വേണ്ടിയും അനന്തരം ജനത്തിന്‍െറ പാപങ്ങള്‍ക്കുവേണ്ടിയും അനുദിനം അവന്‍ ബലിയര്‍പ്പിക്കേണ്ടതില്ല. അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചിരിക്കുന്നു. വാസ്തവത്തില്‍, നിയമം ബലഹീനരായ28 മനുഷ്യരെയാണ് പ്രധാന പുരോഹിതന്‍മാരായി നിയോഗിക്കുന്നത്. എന്നാല്‍, നിയമത്തിനു ശേഷം വന്ന ശപഥത്തിന്‍െറ വചനമാകട്ടെ എന്നേക്കും പരിപൂര്‍ണനാക്കപ്പെട്ട പുത്രനെ നിയോഗിക്കുന്നു.


Gospel, യോഹ 2:1-11 : കാനയിൽ മിശിഹായുടെ മഹത്വം വെളിപ്പെടുന്നു

 1 മൂന്നാം ദിവസം, ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്‍െറ അമ്മ അവിടെയുണ്ടായിരുന്നു.2 യേശുവും ശിഷ്യന്‍മാരും വിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു.3 അവിടെ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്‍െറ അമ്മ അവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല.4 യേശു അവളോടു പറഞ്ഞു: സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്‍െറ സമയം ഇനിയും ആയിട്ടില്ല.5 അവന്‍െറ അമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍.6 യഹൂദരുടെ ശുദ്ധീകരണകര്‍മത്തിനുള്ള വെള്ളം നിറയ്ക്കുന്ന ആറു കല്‍ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു.7 ഭരണികളില്‍ വെള്ളം നിറയ്ക്കുവിന്‍ എന്ന് യേശു അവരോടു കല്‍പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു.8 ഇനി പകര്‍ന്നു9 കലവറക്കാരന്‍െറ അടുത്തു കൊണ്ടുചെല്ലുവിന്‍ എന്ന് അവന്‍ പറഞ്ഞു. അവര്‍ അപ്രകാരം ചെയ്തു. കലവറക്കാരന്‍ വീഞ്ഞായി മാറിയ ആ വെള്ളം രുചിച്ചു നോക്കി. അത് എവിടെനിന്നാണെന്ന് അവന്‍ അറിഞ്ഞില്ല. എന്നാല്‍, വെള്ളം കോരിയ പരിചാരകര്‍ അറിഞ്ഞിരുന്നു.10 അവന്‍ മണവാളനെ വിളിച്ചു പറഞ്ഞു: എല്ലാവരും മേല്‍ത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥികള്‍ക്കു ലഹരിപിടിച്ചുകഴിയുമ്പോള്‍ താഴ്ന്നതരവും. എന്നാല്‍, നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ.11 യേശു തന്‍െറ മഹത്വം വെളിപ്പെടുത്തുന്നതിനുപ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലിയിലെ കാനായില്‍ ചെയ്ത ഈ അദ്ഭുതം. അവന്‍െറ ശിഷ്യന്‍മാര്‍ അവനില്‍ വിശ്വസിച്ചു.


Back to Top

Never miss an update from Syro-Malabar Church