Daily Readings for Sunday January 13,2019

January 2019
S M T W T F S
  12345
6789101112
13141516171819
20212223242526
2728293031  
<< Dec   Feb > >>

Reading 1, സംഖ്യ 10:29-36 : ഇസ്രയേലിനെ വാഗ്ദത്ത നാട്ടിലേക്ക് നയിക്കുന്ന മോശ

 29 തന്‍െറ അമ്മായിയപ്പനായ മിദിയാന്‍കാരന്‍ റവുവേലിന്‍െറ മകന്‍ ഹോബാബിനോടു മോശ പറഞ്ഞു: കര്‍ത്താവു ഞങ്ങള്‍ക്കു നല്‍കുമെന്ന് അരുളിച്ചെയ്ത സ്ഥലത്തേക്കു ഞങ്ങള്‍ പുറപ്പെടുകയാണ്. ഞങ്ങളുടെ കൂടെ വരുക. നിനക്കു നന്‍മയുണ്ടാകും.30 കാരണം, കര്‍ത്താവ് ഇസ്രായേലിനു നന്‍മ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവന്‍ പറഞ്ഞു: ഞാന്‍ വരുന്നില്ല; എന്‍െറ ദേശത്തേക്കും ബന്ധുക്കളുടെ അടുത്തേക്കും ഞാന്‍ മടങ്ങിപ്പോകുന്നു.31 അപ്പോള്‍ മോശ പറഞ്ഞു: ഞങ്ങളെ വിട്ടുപോകരുതെന്നു ഞാനപേക്ഷിക്കുന്നു. കാരണം, മരുഭൂമിയില്‍ പാളയമടിക്കേണ്ടതെങ്ങനെയെന്നു നിനക്കറിയാം. നീ ഞങ്ങള്‍ക്കു മാര്‍ഗദര്‍ശിയായിരിക്കും.32 നീ ഞങ്ങളോടുകൂടെ വരുകയാണെങ്കില്‍ കര്‍ത്താവു ഞങ്ങള്‍ക്കു നല്‍കുന്ന സമൃദ്ധിയില്‍ നിനക്കു പങ്കു ലഭിക്കും.33 അവര്‍ കര്‍ത്താവിന്‍െറ പര്‍വതത്തില്‍നിന്നു പുറപ്പെട്ടു മൂന്നു ദിവസംയാത്ര ചെയ്തു. അവര്‍ക്ക് ഒരു വിശ്രമസ്ഥലം ആരാഞ്ഞുകൊണ്ടു കര്‍ത്താവിന്‍െറ വാഗ്ദാനപേടകം അവരുടെ മുമ്പില്‍ പോയിരുന്നു.34 അവര്‍ പാളയത്തില്‍നിന്നു പുറപ്പെട്ടുയാത്രചെയ്തപ്പോഴെല്ലാം കര്‍ത്താവിന്‍െറ മേഘം പകല്‍സമയം അവര്‍ക്കുമീതേയുണ്ടായിരുന്നു.35   പേടകം പുറപ്പെട്ടപ്പോഴെല്ലാംമോശ പ്രാര്‍ഥിച്ചു: കര്‍ത്താവേ, ഉണരുക; അങ്ങയുടെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ; അങ്ങയെ ദ്വേഷിക്കുന്നവര്‍ പലായനം ചെയ്യട്ടെ!36 പേടകം നിശ്ചലമായപ്പോള്‍ അവന്‍ പ്രാര്‍ഥിച്ചു: കര്‍ത്താവേ, അവിടുന്ന് ഇസ്രായേലിന്‍െറ പതിനായിരങ്ങളിലേക്കു തിരിച്ചു വന്നാലും.


Reading 2, ഏശയ്യാ 45:11-17 : ഇസ്രയേലിന്റെ രക്ഷയും രക്ഷകനും

 11 ഇസ്രായേലിന്‍െറ പരിശുദ്ധനും സ്രഷ്ടാവുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു; എന്‍െറ മക്കളെപ്പറ്റിയോ എന്‍െറ സൃഷ്ടികളെപ്പറ്റിയോ എന്നെ ചോദ്യം ചെയ്യാമോ?12 ഞാന്‍ ഭൂമി ഉണ്ടാക്കി, അതില്‍ മനുഷ്യനെ സൃഷ്ടിച്ചു. എന്‍െറ കരങ്ങളാണ് ആകാശത്തെ വിരിച്ചത്. ഞാന്‍ തന്നെയാണ് ആകാശസൈന്യങ്ങളോട് ആജ്ഞാപിച്ചതും.13 സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീതിയില്‍ ഞാന്‍ ഒരുവനെ ഉയര്‍ത്തി. ഞാന്‍ അവന്‍െറ പാത നേരെയാക്കും. പ്രതിഫലത്തിനോ സമ്മാനത്തിനോ വേണ്ടിയല്ലാതെ അവന്‍ എന്‍െറ നഗരം പണിയുകയും എന്‍െറ വിപ്രവാസികളെ സ്വതന്ത്രരാക്കുകയും ചെയ്യും.14 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈജിപ്തിന്‍െറ ധനവും എത്യോപ്യായുടെ കച്ചവടച്ചരക്കും ദീര്‍ഘകായരായ സേബായരും നിന്‍േറ താകും. അവര്‍ നിന്നെ അനുഗമിക്കും. ചങ്ങലകളാല്‍ ബന്ധിതരായ അവര്‍ വന്നു നിന്നെ വണങ്ങും. ദൈവം നിന്നോടുകൂടെ മാത്രമാണ്; അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല എന്നു പറഞ്ഞ് അവര്‍ നിന്നോടുയാചിക്കും.15 ഇസ്രായേലിന്‍െറ ദൈവവും രക്ഷകനുമായവനേ, അങ്ങ് സത്യമായും മറഞ്ഞിരിക്കുന്ന ദൈവമാണ്.16 അവര്‍ ലജ്ജിച്ചു തലതാഴ്ത്തും; വിഗ്രഹനിര്‍മാതാക്കള്‍ പരിഭ്രാന്തരാകും.17 കര്‍ത്താവ് ഇസ്രായേലിന് എന്നേക്കും രക്ഷ നല്‍കിയിരിക്കുന്നു. നിങ്ങള്‍ക്ക് ഒരിക്കലും ലജ്ജിച്ചു തലതാഴ്ത്തേണ്ടിവരുകയില്ല.


Reading 3, ഹെബ്രാ 3:1-6 : മിശിഹാ മോശയെക്കാൾ ശ്രേഷ്ഠൻ

 1 സ്വര്‍ഗീയവിളിയില്‍ പങ്കാളികളായ വിശുദ്ധ സഹോദരരേ, നാം ഏറ്റുപറയുന്ന വിശ്വാസത്തിന്‍െറ അപ്പസ്തോലനും ശ്രേഷ്ഠപുരോഹിതനുമായ യേശുവിനെപ്പറ്റി ചിന്തിക്കുവിന്‍.2   മോശ ദൈവത്തിന്‍െറ ഭവനത്തില്‍ വിശ്വസ്തനായിരുന്നതുപോലെ അവനും തന്നെ നിയോഗിച്ചവനോടു വിശ്വസ്തനായിരുന്നു.3 യേശു മോശയെക്കാള്‍ വളരെയേറെമഹത്വമുള്ളവനായി കണക്കാക്കപ്പെടുന്നു; വീടുപണിതവന്‍ വീടിനെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതുപോലെതന്നെ.4 ഓരോ വീടിനും നിര്‍മാതാവുണ്ടല്ലോ. എന്നാല്‍ സകലത്തിന്‍െറയും നിര്‍മാതാവ് ദൈവമാണ്.5   പറയപ്പെടാനിരുന്ന കാര്യങ്ങള്‍ക്കു സാക്ഷ്യം നല്‍കുന്നതിനു ദൈവത്തിന്‍െറ ഭവനം മുഴുവനിലും മോശ ഭൃത്യനെപ്പോലെ വിശ്വസ്തനായിരുന്നു.6 ക്രിസ്തുവാകട്ടെ, അവിടുത്തെ ഭവനത്തില്‍ പുത്രനെപ്പോലെയാണ്. ആത്മധൈര്യവും പ്രത്യാശയിലുള്ള അഭിമാനവും അവസാനംവരെ നാം മുറുകെപ്പിടിക്കുമെങ്കില്‍ നാം അവിടുത്തെ ഭവനമായിരിക്കും.


Gospel, യോഹ 1:14-18 : കൃപയും സത്യവും മിശിഹാ വഴി

 14 വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്‍െറ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്‍െറ ഏകജാതന്‍േറതുമായ മഹത്വം.15 യോഹന്നാന്‍ അവനു സാക്ഷ്യം നല്‍കിക്കൊണ്ടു വിളിച്ചുപറഞ്ഞു: ഇവനെപ്പറ്റിയാണു ഞാന്‍ പറഞ്ഞത്, എന്‍െറ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണ്; കാരണം, എനിക്കുമുമ്പുതന്നെ അവനുണ്ടായിരുന്നു.16  അവന്‍െറ പൂര്‍ണതയില്‍നിന്നു നാമെല്ലാം കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു.17 എന്തുകൊണ്ടെന്നാല്‍, നിയമം മോശവഴി നല്‍കപ്പെട്ടു; കൃപയും സത്യവുമാകട്ടെ, യേശുക്രിസ്തുവഴി ഉണ്ടായി.18   ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്.


Back to Top

Never miss an update from Syro-Malabar Church