Daily Readings for Tuesday May 08,2018

Reading 3, 2 പത്രോ 3: 10 - 13 : പുതിയ ആകാശവും പുതിയ ഭൂമിയും

കര്‍ത്താവിന്‍റെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലെ പ്രവൃത്തികളും വെളിവാക്കപ്പെടും. ഇവയെല്ലാം നാശോന്മുഖമാകയാല്‍ എത്ര വിശുദ്ധിയോടും ഭക്തിയോടുംകൂടെ നിങ്ങള്‍ വ്യാപരിക്കേണ്ടതാണ്! ആകാശം തീയില്‍ കത്തി നശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്‍െറ പ്രത്യാഗമനദിനം പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍. നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവിടത്തെ വാഗ്ദാനപ്രകാരം നാം കാത്തിരിക്കുന്നു.


Gospel, മാർ 13: 32 - 37 : ജാഗരൂകരായിരിക്കുവിൻ

എന്നാല്‍, ആ ദിവസത്തെയോ ആ മണിക്കൂറിനെയോകുറിച്ച് പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലുള്ള ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ, അറിഞ്ഞുകൂടാ. ശ്രദ്ധിക്കുവിന്‍; ഉണര്‍ന്നിരിക്കുവിന്‍. സമയം എപ്പോഴാണെന്ന് നിങ്ങള്‍ക്കറിവില്ലല്ലോ. തന്‍റെ വീടുവിട്ട് യാത്രപോകുന്ന ഒരുവന്‍ സേവകര്‍ക്ക് അധികാരവും ഓരോ ആള്‍ക്കും അവന്‍റെ ജോലിയും നല്കുന്നതും വാതില്‍ കാവല്ക്കാരനോട് ഉണര്‍ന്നിരിക്കാന്‍ കല്പിക്കുന്നതും പോലെയാണിത്. ആകയാല്‍, ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍, ഗൃഹനാഥന്‍ എപ്പോള്‍ വരുമെന്ന്, സന്ധ്യയ്ക്കോ അര്‍ധരാത്രിക്കോ കോഴി കൂകുമ്പോഴോ രാവിലേയോ എന്ന്, നിങ്ങള്‍ക്കറിഞ്ഞുകൂടാ. പെട്ടെന്നു കയറി വരുമ്പോള്‍ നിങ്ങളെ നിദ്രാധീനരായി അവന്‍ കാണാതിരിക്കട്ടെ. ഞാന്‍ നിങ്ങളോടു പറയുന്നത് എല്ലാവരോടുമായി പറയുന്നു: ജാഗരൂകരായിരിക്കുവിന്‍.


Back to Top

Never miss an update from Syro-Malabar Church